ആൺസിംഹങ്ങളുടെ ഏറ്റവും വലിയ സവിശേഷതയും ഐഡന്റിറ്റിയും അതിൻ്റെ സടയാണ്. ഒരു കിരീടം പോലെ, സട മൃഗങ്ങൾക്കിടയിലെ സിംഹങ്ങളുടെ രാജപദവി അടയാളപ്പെടുത്തുന്നു എന്നു വേണമെങ്കിലും പറയാം. രണ്ടു വയസ്സുതൊട്ടാണ് ആൺസിംഹങ്ങളിൽ ഇത് വളർന്നു തുടങ്ങുന്നത്. പ്രായപൂർത്തിയാവുന്നതിനൊത്ത് വലുതാവുകയും ചെയ്യും. അതേസമയം, മനുഷ്യർക്ക് മുടിയെന്ന പോലെ എല്ലാ സിംഹങ്ങൾക്കും സട ഒരുപോലെയാവണമെന്നില്ല.

To advertise here,

അവയുടെ രോമത്തിന്റെ നിറവും വലിപ്പവും വളർച്ചയുമെല്ലാം പരിസ്ഥിതി, കാലാവസ്ഥ, പ്രായം, ആരോഗ്യം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. തങ്ങളുടെ പ്രദേശം കയ്യേറാൻ വരുന്ന മറ്റ് സിംഹങ്ങളെ ഭയപ്പെടുത്താനും, ഇണചേരുന്നതിനായി പെൺസിംഹങ്ങളെ ആകർഷിക്കാനുമൊക്കെ സടകൾ ആൺസിംഹങ്ങളെ സഹായിക്കുന്നുണ്ട്.

എന്നാൽ സടകളില്ലാത്ത ഒരു കൂട്ടം സിംഹരാജാക്കന്മാരുണ്ട്, അങ്ങ് കെനിയയിലെ സാവോ മേഖലയിലാണിത്. സടയില്ലാത്ത ആൺസിംഹങ്ങളുടെ പേരിൽ പ്രസിദ്ധമാണിവിടം. അത് ഒട്ടും വളരാത്തവരും വളരെ കുറഞ്ഞ അളവിൽ മാത്രം വളരുന്നവരും ഇക്കൂട്ടത്തിലുണ്ട്.

സാധാരണ സിംഹങ്ങൾക്ക് തൊലിയിലെ അണുബാധകളും പരാദങ്ങളുടെ സാന്നിധ്യവും പോഷകാഹാരക്കുറവും പ്രായമാകുന്നതുമെല്ലാം രോ‌മം കൊഴിയാൻ കാരണമാകാറുണ്ട്. മറ്റ് ആൺസിംഹങ്ങളുമായി കടിപിടി കൂടി പരിക്കുപറ്റുന്നതും സട നഷ്ടമാവാൻ കാരണമാവും. എന്നാൽ, സാവോയിലെ സിംഹങ്ങളുടെ കാര്യം വ്യത്യസ്തമാണ്. ജനിതക വ്യതിയാനമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.

പരിസ്ഥിതിയുമായി പൊരുത്തപ്പെട്ടതിൻ്റെ ഫലമായിരിക്കാം ഈ ജനിതകമാറ്റമെന്ന് ഗവേഷകർ കരുതുന്നു. ചൂടേറിയ കാലാവസ്ഥയ്ക്കും ഇടതൂർന്ന, മുള്ളുകളുള്ള സസ്യജാലങ്ങൾക്കും പേരുകേട്ടയിടമാണ് സാവോ. കട്ടിയുള്ള സട ഈ പരിസ്ഥിതിയിൽ വേട്ടയാടാനുള്ള സിംഹത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തിയേക്കാം, കൂടാതെ ചൂടുള്ള കാലാവസ്ഥയിൽ ശരീര താപനില നിയന്ത്രിക്കാനുള്ള അതിൻ്റെ കഴിവിനെയും തടസ്സപ്പെടുത്തിയേക്കാം.

സാവോ സിംഹങ്ങൾക്ക് സാധാരണയായി ഉയർന്ന അളവിൽ ടെസ്റ്റോസ്റ്റിറോൺ ഉണ്ട്. ഉയർന്ന ടെസ്റ്റോസ്റ്റിറോൺ അളവുള്ള മനുഷ്യർക്ക് കഷണ്ടി ഉണ്ടാകുന്നത് പോലെ, ആൺസിംഹങ്ങൾക്കും സട നഷ്ടപ്പെട്ടതാവാമെന്നുംം വിലയിരുത്തലുണ്ട്. സാവോയിലെ സടയില്ലാത്ത സിംഹങ്ങൾക്ക് പെൺസിംഹങ്ങളെ ആകർഷിക്കാൻ ബുദ്ധിമുട്ടുകളുണ്ടാവാറില്ല.

ഭക്ഷണം, ഇണകൾ, ടെറിട്ടറി എന്നിവയ്ക്കുവേണ്ടിയുള്ള മത്സരം കഠിനമാണെങ്കിലും, തങ്ങളുടെ ശാരീരികവും സാമൂഹികവുമായ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാൻ ജീവിവർഗ്ഗങ്ങൾ പുതിയ വഴികൾ കണ്ടെത്തുമെന്നതിൻ്റെ തെളിവാണ് സാവോ സിംഹങ്ങൾ. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi