ഐപിഎല്ലിൽ സ്വന്തം ക്രിക്കറ്റ് ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വർഷങ്ങളോളം തുടർച്ചയായി പരാജയപ്പെട്ടപ്പോൾ തനിക്കത് സഹിക്കാനായിരുന്നില്ലെന്ന് ഷാരൂഖ് ഖാൻ പറഞ്ഞിട്ടുണ്ട്. ഈ സമയത്ത് ഷാരൂഖ് തൻ്റെ സഹായം തേടിയിരുന്നുവെന്ന് പറയുകയാണ് പ്രശസ്ത ന്യൂമറോളജിസ്റ്റ് സ്വെറ്റ ജുമാനി. യൂണിഫോമിൻ്റെ നിറം മാറ്റാൻ താൻ ഷാരൂഖിനോട് നിർദ്ദേശിച്ചുവെന്നും അതിനുശേഷം ടീം മൂന്ന് ഐപിഎൽ ടൂർണമെൻ്റുകൾ നേടിയെന്നും സ്വെറ്റ അവകാശപ്പെട്ടു.
യൂട്യൂബ് ചാനലിലു നൽകിയ അഭിമുഖത്തിലാണ് ഷാരൂഖ് തന്നിൽ നിന്ന് സംഖ്യാശാസ്ത്രപരമായ ഉപദേശം തേടാറുണ്ടെന്ന് സ്വെറ്റ പറഞ്ഞത്. "യൂണിഫോമിന് ഏത് നിറങ്ങൾ തിരഞ്ഞെടുക്കണമെന്ന് ഞങ്ങൾ നിർദേശിച്ചു. കറുപ്പും സ്വർണ്ണനിറവും കലർന്ന യൂണിഫോം മാറ്റി പർപ്പിളും സ്വർണ്ണനിറവുമാക്കി. അതുകൊണ്ടാണ് അവർ മൂന്ന് ഐപിഎൽ ട്രോഫികൾ നേടിയത്. ഐപിഎല്ലിൽ ടീം തോൽക്കുമ്പോൾ അദ്ദേഹം ടോയ്‌ലറ്റിലിരുന്ന് കരയുമായിരുന്നു എന്ന് ഞാൻ വായിച്ചിട്ടുണ്ട്."-സ്വെറ്റ പറയുന്നു.
അതേസമയം, ഐപിഎലിന്റെ തുടക്കത്തിൽ ഷാരൂഖിന് നല്ല അനുഭവമല്ല ഉണ്ടായിരുന്നത്. 2014-ൽ 'ലിവിങ് വിത്ത് കെകെആർ' എന്ന ഡോക്യുമെൻ്ററിയിൽ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. തൻ്റെ ടീം തോറ്റതിന് ശേഷം മുംബൈയിലെ ഒരു സ്റ്റേഡിയത്തിൽ കാണികൾ തന്നെ കൂക്കിവിളിക്കുന്നത് കണ്ട് തകർന്നുപോയെന്നാണ് താരം പറഞ്ഞത്. ഒരു സിനിമാതാരമെന്ന നിലയിൽ എപ്പോഴും അദ്ദേഹത്തിനുവേണ്ടി ആർപ്പുവിളിച്ചിരുന്ന അതേ കാണികളായിരുന്നു അത്.
"ഒരു സ്റ്റേഡിയത്തിൽ വെച്ച് എന്നെ ആരും കൂക്കിവിളിച്ചിട്ടില്ല. ഒരു ലക്ഷം ആളുകളുള്ള ജനക്കൂട്ടത്തിലേക്ക് കഴുത്തിൽ ഗിറ്റാറും തൂക്കി എനിക്ക് നടന്നുചെല്ലാം, ആളുകൾ എനിക്കുവേണ്ടി ആർപ്പുവിളിക്കും. ചിലപ്പോൾ, ഇവിടുത്തെ സ്റ്റേഡിയങ്ങളിൽ പോകുമ്പോൾ എന്നെ കൂക്കിവിളിക്കുന്നു, ഞാൻ ഒരു വലിയ സിനിമാതാരമായ അതേ രാജ്യമാണോ ഇതെന്ന് ഞാൻ ചിന്തിക്കാറുണ്ട്."-ഷാരൂഖ് പറഞ്ഞു.
2008-ൽ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കെകെആർ ഒരു മത്സരം തോറ്റപ്പോൾ കാണികൾ കൂക്കിവിളിച്ചത് ഷാരൂഖിനെ എങ്ങനെ ബാധിച്ചുവെന്ന് ടീം ഡയറക്ടറായിരുന്ന ജോയ് ഭട്ടാചാര്യ പറഞ്ഞിരുന്നു. "ഞങ്ങൾ തോറ്റതുകൊണ്ടല്ല അദ്ദേഹം തകർന്നുപോയത്, മറിച്ച് അദ്ദേഹം 20 വർഷമായി ഭാഗമായിരുന്ന നഗരം അദ്ദേഹത്തെ കൂക്കിവിളിച്ച രീതികൊണ്ടാണ്" അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരം 2008-ലാണ് നടന്നത്, എന്നാൽ 2012- ൽ മാത്രമാണ് കെകെആർ തങ്ങളുടെ ആദ്യ കിരീടം നേടിയത്. 2014-ൽ ടീം രണ്ടാം വിജയം സ്വന്തമാക്കി, 2024-ലായിരുന്നു അവരുടെ മൂന്നാമത്തെ കിരീടനേട്ടം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Numerologist Swetta Jumaani claims Shah Rukh Khan used her advice to change KKR`s uniform colors, leading to three IPL titles.
Published: 31 Jul 2025, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented