2013-ലെ ഐപിഎൽ ഒത്തുകളി വിവാദത്തിൽപ്പെട്ട കാലത്തെക്കുറിച്ചും ആ പ്രതിസന്ധി ഘട്ടത്തിൽ തന്നെ ചേർത്തുപിടിച്ച ഭാര്യ ഭുവനേശ്വരി കുമാരിയെക്കുറിച്ചും മനസ്സ് തുറന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ച സമയത്തായിരുന്നു ശ്രീശാന്തിന്റെ അറസ്റ്റ്.
അറസ്റ്റിലായതിന് ശേഷം തനിക്ക് ഇനി ഇന്ത്യക്ക് വേണ്ടി കളിക്കാൻ കഴിഞ്ഞേക്കില്ലെന്ന് ഭുവനേശ്വരിയുടെ പിതാവിനോട് പറഞ്ഞിരുന്നതായി ശ്രീശാന്ത് ഓർക്കുന്നു. 'ഞാൻ ഇനി രാജ്യത്തിന് വേണ്ടി കളിക്കില്ലെന്ന് അവളുടെ അച്ഛനോട് പറഞ്ഞു. ആ സമയത്ത് അവരുടെ കുടുംബം നൽകിയ പിന്തുണയ്ക്ക് വലിയ നന്ദിയുണ്ട്. എന്നെ ഒരു തീവ്രവാദിയായി മുദ്രകുത്തിയിരുന്ന സമയമായിരുന്നു അത്. എങ്കിലും അവർ എനിക്കൊപ്പം ഉറച്ചുനിന്നു,' ശ്രീശാന്ത് പറഞ്ഞു.
ശ്രീശാന്ത് വിവാദത്തിൽപ്പെടുമ്പോൾ തങ്ങളുടെ വിവാഹക്കാര്യം പിതാവിനോട് പറഞ്ഞിരുന്നില്ലെന്ന് ഭുവനേശ്വരി വെളിപ്പെടുത്തി. 'ഹൈദരാബാദിൽ ആയിരുന്നപ്പോൾ രാവിലെ സുഹൃത്തുക്കളാണ് ടിവി വെക്കാൻ പറഞ്ഞത്. ശ്രീ അറസ്റ്റിലായ വാർത്ത കണ്ടപ്പോൾ അച്ഛനോട് എന്ത് പറയുമെന്നോർത്ത് എനിക്ക് സങ്കടം വന്നു. ഭൂമി പിളർന്ന് അതിലേക്ക് താഴ്ന്നുപോകുന്നതുപോലെയാണ് അന്ന് തോന്നിയത്,' ഭുവനേശ്വരി പറഞ്ഞു.
പിന്നീട് അച്ഛൻ വിളിച്ചപ്പോൾ താൻ ഉറച്ച നിലപാടാണ് എടുത്തതെന്ന് ഭുവനേശ്വരി കൂട്ടിച്ചേർത്തു. 'ടിവിയിൽ കാണുന്ന കാര്യങ്ങൾ കണ്ട് ഈ വിവാഹം മാറ്റിവെക്കില്ലെന്ന് ഉറപ്പ് നൽകിയാൽ മാത്രമേ ഞാൻ മടങ്ങിവരൂ എന്ന് അച്ഛനോട് പറഞ്ഞു. ദൈവം വന്ന് പറഞ്ഞാൽ പോലും അദ്ദേഹം ഇത് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കില്ലായിരുന്നു.'
ആ സമയത്ത് താൻ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. “എല്ലാം അവസാനിച്ചുവെന്നാണ് ഞാൻ കരുതിയത്. ഞാൻ ഒരു തീവ്രവാദിയാണെന്നും ജീവിതം തീർന്നുവെന്നും ആളുകൾ പറഞ്ഞു കൊണ്ടിരുന്നു. അടുത്ത 3-4 ദിവസത്തിനുള്ളിൽ ഞാൻ കൊല്ലപ്പെട്ടേക്കാം അല്ലെങ്കിൽ ആത്മഹത്യ ചെയ്‌തേക്കാം എന്ന് സഹോദരനോട് പോലും പറഞ്ഞിരുന്നു,” ശ്രീശാന്ത് ഓർക്കുന്നു.
തന്റെ ഭാവി അമ്മായിയച്ഛനെ ആദ്യമായി കാണുന്നത് കോടതിയിൽ വെച്ചാണെന്ന് ശ്രീശാന്ത് പറഞ്ഞു. “കോടതിയിൽ വെച്ച് അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. പക്ഷേ ധൈര്യമായിരിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ 27 ദിവസം തിഹാർ ജയിലിലായിരുന്നു. ആ സമയമത്രയും ഭുവനേശ്വരി തറയിലാണ് കിടന്നുറങ്ങിയത്.”
ജയ്പൂരിൽ ഒരു ക്രിക്കറ്റ് മത്സരത്തിനിടയിലാണ് ശ്രീശാന്തും ഭുവനേശ്വരിയും പരിചയപ്പെടുന്നത്. രാജസ്ഥാനിലെ ഒരു രാജകുടുംബാംഗമാണ് ഭുവനേശ്വരി. വിവാദങ്ങൾക്കിടയിലും 2013-ൽ തന്നെ ഇരുവരും വിവാഹിതരായി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sreesanth opens up about the 2013 IPL spot-fixing scandal, his arrest, and how wife Bhuvneshwari stood by him as a `terrorist`.
Published: 03 Feb 2026, 12:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented