വിവാദങ്ങള്‍ക്ക് പഞ്ഞമില്ല ക്രിക്കറ്റില്‍. 2008-ലെ ആദ്യ ഐപിഎല്‍ സീസണ്‍ ക്രിക്കറ്റ് പ്രേമികള്‍ വലിയ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് വരവേറ്റത്. ലേലത്തിന്റെ നടപടികള്‍ മുതല്‍ ചിയര്‍ഗേള്‍സിന്റെ സാന്നിധ്യംവരെ വലിയ വിമര്‍ശനങ്ങളോടെയായിരുന്നു തുടക്കം. സീസണ്‍ ആവേശകരമായി മുന്നോട്ടുപോകുമ്പോഴാണ് അത് സംഭവിക്കുന്നത്. ടൂര്‍ണമെന്റില്‍ എതിര്‍ ടീമുകള്‍ക്കായി കളിക്കുന്ന രണ്ട് പ്രമുഖ ഇന്ത്യന്‍ ബോളര്‍മാര്‍ തമ്മില്‍ എന്തോ പറയുന്നു. തൊട്ടടുത്ത നിമിഷം അതിലൊരാള്‍ മറ്റേയാളുടെ മുഖത്തടിക്കുന്നു. ഹര്‍ഭജന്‍ സിങ്ങും ശ്രീശാന്തുമായിരുന്നു ആ രണ്ടുപേര്‍.
ബോളിവുഡ് നടി പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള കിങ്സ് ഇലവന്‍ പഞ്ചാബ്, നിത അംബാനിയുടെ മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ മൊഹാലിയില്‍ മുഖാമുഖം വന്നു. ആവേശകരമായ മാച്ചില്‍ പഞ്ചാബിനായിരുന്നു ജയം. പഞ്ചാബിന്റെ ജയത്തില്‍ ശ്രീശാന്തിന് വലിയ പങ്കുണ്ടായിരുന്നു.
കളി ജയിച്ച ത്രില്ലില്‍ മുംബൈ ക്യാപ്റ്റന്‍ ഹര്‍ഭജനോട് സംസാരിക്കാന്‍ ചെന്നതായിരുന്നു ശ്രീശാന്ത്. അവര്‍ തമ്മില്‍ എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ല. ഏതായാലും ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്തടിച്ചത് എല്ലാവരും കണ്ടു. ശ്രീശാന്ത് കരയുന്നതും ടീമംഗങ്ങള്‍ വളഞ്ഞുനിന്ന് ശ്രീശാന്തിനെ ആശ്വസിപ്പിക്കുന്നതും വൈറല്‍ ദൃശ്യങ്ങളായി. കാര്യം വ്യക്തമല്ലെങ്കിലും അഭിപ്രായങ്ങള്‍ പറയാന്‍ ആരും മടിച്ചില്ല. ഹര്‍ഭജന്‍ ശ്രീശാന്ത് പ്രകോപിപ്പിച്ചതാണ് എല്ലാത്തിനും കാരണം എന്നൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നു. പക്ഷെ അവര്‍ക്കിടയില്‍ കൈമാറിയ വാക്കുകള്‍ ഇന്നും ആര്‍ക്കുമറിയില്ല.
സംഗതി വിവാദമായതോടെ ഹർഭജനെ സീസണില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കി. ഹര്‍ഭജനെതിരെ അച്ചടക്ക നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു. ഹര്‍ഭജന് മാച്ച് ഫീസ് പിഴയൊടുക്കേണ്ടി വന്നു. ഹര്‍ഭജന്‍ മാപ്പു പറയുകയും ചെയ്തു. താന്‍ കരഞ്ഞത് വേദനിച്ചിട്ടല്ലെന്നും ജ്യേഷ്ഠനെ പോലെ കണ്ട ഒരാളില്‍ നിന്നുണ്ടായ പ്രതികരണമാണ് തന്നെ കരയിച്ചതെന്നും ശ്രീശാന്തും പ്രതികരിച്ചു.
പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ആ സംഭവം ഇന്നും ഓര്‍മിക്കപ്പെടുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചര്‍ച്ചയായ സംഭവവും ഇതുതന്നെ. സോഷ്യല്‍ മീഡിയയിലാകട്ടെ അഭിമുഖങ്ങളിലാകട്ടെ അന്ന് സംഭവിച്ചതെന്ത് എന്ന ചോദ്യം ഹര്‍ഭജനെയും ശ്രീശാന്തിനെയും വിടാതെ പിന്തുടരുന്നു. ആ സംഭവം തങ്ങളുടെ അടുപ്പം ഇല്ലാതാക്കിയിട്ടില്ല എന്നാണ് രണ്ടുപേരും ആവര്‍ത്തിക്കുന്നത്.
2025 മാര്‍ച്ച് 30-ന് ഹര്‍ഭജന് ഒരിക്കല്‍ക്കൂടി ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടി വന്നു. സാമൂഹ്യമാധ്യമമായ എക്സിലൂടെയായിരുന്നു പ്രതികരണം. ‘’അത് ശരിയായില്ല. തെറ്റ് എന്റേതാണ്. ഞാനങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. മനുഷ്യനല്ലേ, പറ്റിപ്പോയി. ദൈവമല്ലല്ലോ.’’ ഇതായിരുന്നു ഹര്‍ഭജന്റെ വരികള്‍.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Harbhajan Singh reiterates his regret over hitting Sreesanth in the 2008 IPL, a controversial incident that continues to spark debate.
Published: 03 Jul 2025, 04:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented