
വീര്‍ത്ത കൈകാലുകളുമായി തെരുവിലലയുന്ന യുവാക്കളുടെ സംഘങ്ങള്‍ പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയെറാ ലിയോണില്‍ ഇന്നൊരു സാധാരണ കാഴ്ചയാണ്. കാലുകളിലെ പഴുത്തുപൊട്ടിയ വ്രണങ്ങള്‍ തുണിക്കഷ്ണങ്ങള്‍ കൊണ്ട് വെച്ചുകെട്ടി വേച്ചുവേച്ച് നടക്കുന്നവര്‍. രാജ്യതലസ്ഥാനമായ ഫ്രീടൗണിലെ തിരക്കേറിയ കച്ചവടകേന്ദ്രങ്ങളുടെ ഓരങ്ങളിലും പാലങ്ങളുടെ അടിയിലും കൂട്ടത്തോടെ ഒത്തുകൂടുന്ന ചെറുപ്പക്കാര്‍. തോളുകള്‍ ചരിഞ്ഞ്, തലകള്‍ വശത്തേക്ക് വെച്ച് വളഞ്ഞിരിക്കുന്ന അവര്‍ക്ക് ലക്ഷ്യമൊന്നേയുള്ളൂ... ഉന്മാദം. ചുറ്റും സംഭവിക്കുന്നതിനെപ്പറ്റിയറിയാതെ വീണുപോയ ലഹരിയില്‍ ഉരുകിത്തീരുന്നവര്‍. ഇവിടെ വില്ലനായിരിക്കുന്നത് സോംബി ഡ്രഗ് എന്ന് അപരനാമമുള്ള 'കുഷ്' മയക്കുമരുന്നാണ്. ദാരിദ്ര്യം രൂക്ഷമായി ബാധിച്ച രാജ്യത്തെ യുവാക്കള്‍ കൈയിലുള്ളതെല്ലാം വിറ്റ് കുഷ് വാങ്ങാന്‍ ഒരുമ്പെടുന്ന സാഹചര്യമാണിന്ന്. കാര്യങ്ങള്‍ കൈവിട്ടുപോവുന്നതുകണ്ട് സിയെറാ ലിയോണില്‍ ഭരണകൂടം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഉപയോഗിച്ചവരെല്ലാം വൈകാതെ രോഗികളാകുന്നു എന്നതാണ് ഈ മയക്കുമരുന്നിലെ അപകടം.
ഏതാനും വര്‍ഷങ്ങളായി ആളുകള്‍ ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെയാണ് വിഷയത്തിന്റെ പ്രാധാന്യം ലോകമറിയുന്നത്. 'ലഹരിവസ്തുക്കളുടെ ദുരുപയോഗം, പ്രത്യേകിച്ച് വിനാശകരമായ സിന്തറ്റിക് മയക്കുമരുന്ന് കുഷിന്റെ ഉപയോഗം നമ്മുടെ രാജ്യത്തിന്റെ നിലനില്‍പുതന്നെ ഭീഷണിയിലാക്കിയിരിക്കുന്നു' എന്നാണ് സിയെറാ ലിയോണ്‍ പ്രസിഡന്റ് ജൂലിയസ് മാഡ ബയോ പറഞ്ഞത്. യു.എസില്‍ വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്ന കുഷ് എന്ന ലഹരിയുമായി ഇതിന് ബന്ധമില്ല. സിയെറാ ലിയോണിലെ കുഷ് വ്യത്യസ്തമാണ്. പ്രാദേശികക്രിമിനല്‍ സംഘങ്ങളാണ് മയക്കുമരുന്നിന് കൂട്ടുണ്ടാക്കുന്നതെങ്കിലും അന്താരാഷ്ട്രതലത്തിലുള്ള സംഭാവനകളും വലുതാണ്. പ്രത്യേകിച്ചും ഇന്റര്‍നെറ്റിലെ വീഡിയോകള്‍.
കുഷ്
വീര്യം കൂടിയ ഒരു മയക്കുമരുന്ന് മിശ്രിതം. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഉന്മാദമാണ് പ്രത്യേകത. സിയെറാ ലിയോണിലെ യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള ഇത് സിന്തറ്റിക് മയക്കുമരുന്നുകളുടെ പട്ടികയിലെത്തിയിട്ട് അധികമായിട്ടില്ല. കഞ്ചാവും ചില രാസവസ്തുക്കളും ഒപ്പം മനുഷ്യന്റെ അസ്ഥിയില്‍ നിന്നുള്ള ഒരു പ്രത്യേക ചേരുവകൂടി ചേര്‍ത്ത് തയ്യാറാക്കുന്നുവെന്ന് പറയപ്പെടുന്നു. കഞ്ചാവുചെടികള്‍ ധാരാളം വളരുന്നയിടമാണ് സിയെറാ ലിയോണ്‍. കുഷിന്റെ പ്രധാനചേരുവകളിലൊന്ന് ചൈനയിലെ ലബോറട്ടറിയില്‍ തയ്യാറാക്കുന്നതും അനധികൃതമായി ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്നതുമാണ്. മറ്റൊരു ചേരുവ ഏഷ്യയിലെ വിവിധരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതും.
ആറ് വര്‍ഷം മുമ്പാണ് രാജ്യത്ത് ഈ മയക്കുമരുന്ന് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. നടക്കുമ്പോള്‍ പോലും ഉറങ്ങിവീഴുന്നവര്‍, ബോധംകെട്ടുവീഴുന്നവര്‍, മുന്നുംപിന്നും നോക്കാതെ നിരത്തുകളിലേക്ക് ഓടിവരുന്നവര്‍... ഇങ്ങനെ നീളുന്നു അടിമപ്പെട്ടവരുടെ പ്രകടനങ്ങള്‍. മാനസികവിഭ്രാന്തിയും കുഷിന്റെ പരിണിതഫലമാണ്. എങ്ങനെയാണ് മനുഷ്യന്റെ എല്ലുകള്‍ മയക്കുമരുന്നില്‍ ലഹരി പകരുന്നത്, ഇത്രയുമധികം എല്ലുകള്‍ എവിടെനിന്ന് കിട്ടുന്നു? തുടങ്ങിയ കാര്യങ്ങളിലൊന്നും വലിയ വ്യക്തതയില്ല. പക്ഷേ, ശ്മശാനങ്ങൾ വ്യാപകമായി കൊള്ളയടിക്കപ്പെടുന്നുണ്ട്. മയക്കുമരുന്ന് ശൃംഖലകള്‍ കുഴിതോണ്ടി എല്ലുകള്‍ കൊണ്ടുപോകുന്നുവെന്ന് സര്‍ക്കാര്‍ പറയുന്നു. 18-നും 25-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് പ്രധാനമായും കുഷിന് അടിമപ്പെട്ടവര്‍.
ശ്മശാനങ്ങൾക്ക് കാവല്‍
മയക്കുമരുന്നിനടിമപ്പെട്ടവര്‍ കല്ലറകള്‍ കൊള്ളയടിച്ച് എല്ലുശേഖരിച്ച് നേരിട്ട് മിശ്രിതം തയ്യാറാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ കല്ലറകള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിന് ഉത്തരവിടേണ്ടി വന്നു. ഒരിക്കല്‍ ഉപയോഗിക്കുമ്പോള്‍ തന്നെ ആളുകളെ അടിമപ്പെടുത്താന്‍ ശേഷിയുണ്ട് കുഷിന്. വീണ്ടും ആളുകള്‍ തേടിവരും. അതുകൊണ്ടുതന്നെ ഉയരുന്ന ആവശ്യത്തിനൊത്ത് ഉത്പാദനം കൂട്ടാന്‍ ഡീലര്‍മാര്‍ ആയിരക്കണക്കിന് ശവകുടീരങ്ങള്‍ തകര്‍ത്തെന്ന് പോലീസ് പറയുന്നു. മയക്കുമരുന്ന് ശൃംഖലകള്‍ക്ക് കടിഞ്ഞാണിടാനുള്ള ദൗത്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷാവഹമായ കാര്യങ്ങളൊന്നും ചെയ്യുന്നില്ലെന്ന ആരോപണം മറുവശത്തുണ്ട്. തലസ്ഥാനമായ ഫ്രീടൗണില്‍ നിന്ന് കുഷ് നിറച്ച കണ്ടെയ്‌നറുകള്‍ പലതവണ പോലീസ് പിടിച്ചെടുത്തു. പലരെയും കസ്റ്റഡിയിലെടുത്തു.
രോഗബാധയും മരണവും
ഒരു രാജ്യത്തെ വിവിധആശുപത്രികളില്‍ കഴിയുന്ന 63 ശതമാനം ആളുകളെയും രോഗികളാക്കിയത് ഒരൊറ്റ മയക്കുമരുന്നാണെന്ന് പറയുന്നിടത്താണ് അതിന്റെ തീവ്രത. ആയിരത്തിലേറെപ്പേരെയാണ് കുഷ് ആശുപത്രിയിലാക്കിയത്. മരണക്കെണിയില്‍ വീണുപോവുന്നവരുടെ എണ്ണം കൂടിക്കൂടിവരുന്നു. ആഴ്ചയില്‍ ശരാശരി 12 പേര്‍ക്ക് കുഷ് ഉപയോഗം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളാല്‍ മരണം സംഭവിക്കുന്നുവെന്നാണ് അനൗദ്യോഗികകണക്ക്. മരണനിരക്ക് എവിടെയും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്ന ഗുരുതരമായ അവസ്ഥയും പിന്നീട് മരണവുമാണ് മിക്കവരെയും കാത്തിരിക്കുന്നത്. 2020-നും 23-നുമിടയില്‍ കുഷുമായി ബന്ധപ്പെട്ട ആശുപത്രി പ്രവേശം 4000 ശതമാനം വര്‍ധിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ മരണം കൂടിയിട്ടുണ്ടെന്ന് ഭരണാധികാരി തന്നെ മുന്നറിയിപ്പു നല്‍കി. എല്ലാ ജില്ലകളിലും ടാസ്‌ക് ഫോഴ്സിനെ നിയോഗിച്ചു. പക്ഷേ, നിലവില്‍, ഫ്രീടൗണില്‍ മാത്രമാണ് മയക്കുമരുന്ന് പുനരധിവാസ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അതും ഒന്ന്. 100 കിടക്കകള്‍ മാത്രമുള്ള കേന്ദ്രം. മതിയായ സൗകര്യങ്ങളില്ല.
ഭരണാധികാരിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുമ്പോഴും വേണ്ടത്ര സൗകര്യമില്ലാത്തത് കുഴക്കുന്നുവെന്നാണ് സിയെറാ ലിയോണ്‍ സൈക്യാട്രിക് ഹോസ്പിറ്റല്‍ മേധാവി ഡോ അബ്ദുള്‍ ജലോ പറയുന്നത്. രാജ്യത്ത് വിരലിലെണ്ണാവുന്ന സൈക്യാട്രിസ്റ്റുമാരേയുള്ളൂവെന്ന് ലോകാരോഗ്യസംഘടന സാക്ഷ്യപ്പെടുത്തുന്നു. ഔദ്യോഗിക മരണസംഖ്യകളൊന്നും ലഭ്യമല്ലെങ്കിലും ഫ്രീടൗണില്‍ നിന്നുള്ള ഒരു ഡോക്ടര്‍ ബിബിസിയോട് പറഞ്ഞത് കഴിഞ്ഞമാസങ്ങളിലായി നൂറുകണക്കിന് യുവാക്കള്‍ മരിച്ചുവെന്നാണ്. ചിലര്‍ സ്ഥിരം രോഗികളായെന്നും.
സ്വയം പരിക്കേല്‍പ്പിക്കാനുള്ള സാധ്യതയും ഇതുപയോഗിക്കുന്നവരില്‍ കൂടുതലാണ്. അക്രമാസക്തരാവുന്നതിനാല്‍ ലഹരി വിമുക്തിക്കായി ചികിത്സയ്‌ക്കെത്തിക്കുന്ന മിക്കവരെയും മയക്കിക്കിടത്തുകയാണ് പതിവ്. ചിലര്‍ വീടുകളിലും തെരുവുകളിലും മരിച്ചുകിടക്കാറുണ്ട്.

കുഷില്‍ നിന്ന് മുക്തരാവാത്തത് എന്തുകൊണ്ട്?
എളുപ്പത്തിലും കുറഞ്ഞ ചെലവിലും കിട്ടുമെന്നതാണ് കുഷിന്റെ പ്രത്യേകത. വിലക്കുറവില്‍ കിട്ടുന്നതിനാല്‍ ദാരിദ്ര്യത്തിനിടയിലും ഇതൊന്നു പരീക്ഷിച്ചുനോക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. ജനസംഖ്യയുടെ നാലിലൊന്നും ദാരിദ്ര്യത്തില്‍ കഴിയുന്ന രാജ്യമാണ് സിയെറാ ലിയോണ്‍ (വാര്‍ഷിക ആളോഹരി വരുമാനം 500 പൗണ്ട്. നല്ലൊരു തുക മയക്കുമരുന്നിനായി ചെലവഴിക്കപ്പെടുന്നു). തൊഴിലില്ലായ്മയും ദാരിദ്ര്യവുമടക്കമുള്ള കാരണങ്ങളാല്‍ ഒട്ടേറെ നിരാശകള്‍ അനുഭവിക്കുന്നവരാണ് സിയെറ ജനത. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 60 ശതമാനമാണ്. നിരാശകള്‍ എളുപ്പത്തിലവരെ ലഹരിയിലെത്തിക്കുന്നു.
ആദ്യഡോസുകള്‍ കുറഞ്ഞ പൈസയ്ക്ക് കിട്ടും. പതിയെ ഡോസ് കൂടിക്കൂടി വരും, ഒരിക്കല്‍ രുചിച്ചവര്‍ക്ക് മോചനം എളുപ്പമാവില്ലെന്നതിനാല്‍ തുടരെത്തുടരെ അവരതിനെ ആശ്രയിക്കാറാണ് പതിവ്. കുഷിന് അടിമപ്പെട്ടുതുടങ്ങുമ്പോഴേ മിക്കവരും ജോലിയുപേക്ഷിക്കുന്ന പ്രവണതയാണ് കാണിക്കാറ്. കഴുത്തിലും സന്ധികളിലും തലയിലും വേദന തുടങ്ങും. ലഹരി വാങ്ങാന്‍ പൈസയില്ലാതെ വരുമ്പോള്‍ മോഷണമടക്കമുള്ള കുറ്റകൃത്യങ്ങളിലേക്കവര്‍ കടക്കാന്‍ സാധ്യതകൂടും. രോഗപ്രതിരോധശേഷി കുറഞ്ഞ് അവശതയിലെത്തിയിട്ടുണ്ടാകും പലരുമപ്പോള്‍. കാലില്‍ വീക്കം പ്രത്യക്ഷപ്പെടും. വൃക്ക, കരള്‍, ശ്വസനവ്യവസ്ഥ തുടങ്ങിയവയെ മയക്കുമരുന്ന് ബാധിക്കാന്‍ അധികസമയം വേണ്ട.
അധികഡോസുകള്‍ വേണ്ട അവസ്ഥയിലെത്തുമ്പോഴേക്കും കുറ്റകൃത്യങ്ങളിലൂടെ പണം സമ്പാദിച്ചുതുടങ്ങും. 'എനിക്കിത് ചെയ്യാന്‍ താത്പര്യമില്ല. മാനസികമായി ഞാനിത് ആസ്വദിക്കുന്നതിനാല്‍ ഉപേക്ഷിക്കാനും സാധിക്കുന്നില്ല' എന്നാണ് രോഗമുക്തിക്ക് ചികിത്സയില്‍ കഴിയുന്ന ഒരാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കുഷ് വലിക്കുമ്പോള്‍, പ്രശ്‌നങ്ങള്‍ മറക്കുമെന്ന് മറ്റൊരാളും. കഞ്ചാവ് വലിക്കുന്ന ശീലമുണ്ടായിരുന്ന താന്‍ സുഹൃത്ത് കുഷ് പരിചയപ്പെടുത്തിയശേഷം തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് മറ്റൊരാള്‍ പറഞ്ഞത്. പുസ്തകങ്ങളും വസ്ത്രങ്ങളും വിറ്റു. വീട്ടിലെ സാധനങ്ങളും മോഷ്ടിച്ചുവിറ്റ് മയക്കുമരുന്ന് വാങ്ങി.
എല്ലാ വിഷമങ്ങളും മറക്കാന്‍ സഹായിക്കുന്ന വസ്തുവെന്നാണ് കുഷിനെപ്പറ്റി 21-കാരന്‍ എന്‍.പി.ആര്‍. മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. തന്റെ അയല്‍പ്പക്കത്തുള്ള 80 ശതമാനം ആളുകളും ഇതുപയോഗിക്കുന്നുണ്ടെന്നും. 'ഇവിടെ ജോലിയൊന്നുമില്ല. മുമ്പ് ഭക്ഷണത്തിനും വസ്ത്രങ്ങള്‍ക്കും ചെലവിട്ടിരുന്ന പണം, രണ്ടുവര്‍ഷം മുമ്പ് കുഷ് ഉപയോഗിക്കാന്‍ തുടങ്ങിയശേഷം അതിനുവേണ്ടി മാത്രമാണ് മാറ്റിവെക്കുന്നത്. കരയാന്‍ തോന്നുന്നുണ്ട്, പക്ഷേ നിര്‍ത്തുക എളുപ്പമല്ല'- അയാള്‍ പറഞ്ഞു.

പുകഞ്ഞുതീരുന്ന പുരുഷന്മാര്‍ കുടുംബത്തിനു വേണ്ടി ഒന്നും ചെയ്യാത്തത് സ്ത്രീകളെ തളര്‍ത്തുകയാണ്. 'അവരിനി ഒരിക്കലും കുടുംബത്തെ സഹായിക്കില്ല. ദിവസത്തിലെ എല്ലാ മണിക്കൂറും പുകഞ്ഞുതീരുകയാണ്. പണവും അതിനായി ചെലവിടുന്നു. സ്ത്രീകള്‍ തന്നെ കാര്യങ്ങളെല്ലാം ചെയ്യേണ്ട അവസ്ഥ'- ഭക്ഷണം വിറ്റ് കച്ചവടം നടത്തി ഉപജീവനം നടത്തുന്ന സ്ത്രീക്ക് താന്‍ കൊള്ളയടിക്കപ്പെടുന്നതിന്റെ വേദനയും പറയാനുണ്ട്. ഭക്ഷണം കഴിക്കുന്നവരൊന്നും പണം തരാന്‍ കൂട്ടാക്കുന്നില്ല. കഴിച്ചുകഴിഞ്ഞാല്‍ ആ പാത്രം വരെ മോഷ്ടിച്ചുകൊണ്ടുപോകും. അത് വിറ്റാല്‍ കിട്ടുന്ന പൈസകൊണ്ടും അവര്‍ ലഹരിവാങ്ങുമെന്നും അവര്‍ പറയുന്നു.
സിയെറ ലിയോണ്‍/അയല്‍രാജ്യങ്ങള്‍
86 ലക്ഷത്തോളം പേര്‍ കഴിയുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമാണ് സിയെറാ ലിയോണ്‍. വജ്രങ്ങളാലും മറ്റ് ധാതുക്കളാലും സമ്പന്നം. അനധികൃത രത്‌നവ്യാപാരത്തിന് പേരുകേട്ടയിടം. വടക്കേ അറ്റ്‌ലാന്റിക് സമുദ്രത്തിനു തീരത്ത് ഗിനിയും ലൈബീരിയയുമായി അതിര്‍ത്തി പങ്കിടുന്നു. ഇംഗ്ലീഷാണ് ഔദ്യോഗികഭാഷ. തലസ്ഥാനമായ ഫ്രീടൗണിന് അടിമക്കച്ചവടത്തിന്റെ ചരിത്രം പറയാനുണ്ട്. 11 വര്‍ഷക്കാലം ആഭ്യന്തരയുദ്ധത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. 2002-ലാണ് യുദ്ധം അവസാനിച്ചത്. 2023-ല്‍ ജൂലിയസ് മാഡ ബയോ രണ്ടാംതവണയും രാജ്യത്തിന്റെ പ്രസിഡന്റായി. സംഘര്‍ഷഭരിതമായ തിരഞ്ഞെടുപ്പായിരുന്നു അത്. തിരഞ്ഞെടുപ്പില്‍ സുതാര്യതയില്ലെന്ന് പ്രതിപക്ഷകക്ഷികളും അന്താരാഷ്ട്രനിരീക്ഷകരും ആരോപിച്ചു. മുന്‍ സൈനികോദ്യോഗസ്ഥനാണ് ബയോ. ലൈബീരിയയിലും ഗിനിയിലും കുഷ് മയക്കുമരുന്ന് പ്രതിസന്ധി തീര്‍ക്കുന്നുണ്ട്.
Content Highlights: Sierra Leone declares emergency over drug kush made from human bones
Published: 16 Apr 2024, 02:33 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented