നിയോൺ വെളിച്ചത്തിൽ മുങ്ങിയ 80-കളിലെ അമേരിക്കൻ നഗരങ്ങളിൽ ലഹരിയുടെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ ഗ്രിസെൽഡ ബ്ലാങ്കോ വിതച്ചത് ഭയത്തിന്റെ വിത്തുകളായിരുന്നു. പുരുഷന്മാർ കള്ളം പറയുമെന്നും അധികാരം ആരും തരുന്നതല്ല, അത് ഉള്ളവരിൽ നിന്ന് പിടിച്ചെടുക്കേണ്ടതാണെന്നും കുഞ്ഞുനാളിലേ ഗ്രിസെൽഡയുടെ മനസ്സിൽ പതിഞ്ഞതാണ്. ക്രൂരമായ പിടിച്ചെടുക്കലുകളിലൂടെ ജീവിതത്തിലുടനീളം ആ വിശ്വാസത്തെ അവർ പിന്തുർന്നു. കലാപങ്ങളുടെ കാലത്ത് കൊളംബിയയിലെ കാർട്ടജീന നഗരത്തിലെ ചേരിയിലാണ് ഗ്രിസെൽഡ ജനിച്ചുവളർന്നത്.

To advertise here,

കൊളംബിയയിൽ നിന്ന് അമേരിക്കയിലേക്ക് മയക്കുമരുന്നു കടത്തി കുപ്രസിദ്ധയായി. ഗോഡ് മദർ, ബ്ലാക്ക് വിഡോ, ക്വീൻപിൻ എന്നീ അപരനാമങ്ങളിൽ പുരുഷൻമാർ അടക്കിവാണ ഡ്രഗ് കാർട്ടലുകളിൽ ഉൾക്കിടിലമുണ്ടാക്കാൻ തക്കവണ്ണം വളർന്നത് അതിവേഗം. എതിരാളികളെ ഭരിച്ചും ഭയപ്പെടുത്തിയും സമവാക്യങ്ങളെ തിരുത്തിയെഴുതി അവർ കുറ്റകൃത്യങ്ങളുടെ രാജ്ഞിയായി.

11-ാം വയസ്സിൽ കൊലപാതകം

1943 ഫെബ്രുവരി 15-നാണ് ഗ്രിസെൽഡ ബ്ലാങ്കോ ജനിച്ചത്. 1948 മുതൽ 50 വരെയുള്ള കാലം. രാജ്യത്ത് വലിയ രാഷ്ട്രീയ കലാപം നടക്കുകയാണ്. വയലൻസ് എന്ന അർഥം വരുന്ന 'ലാ വയലൻസിയ' എന്ന പേരിലാണ് ഈ കാലം അറിയപ്പെടുന്നത്. കൂട്ടക്കൊലയുടെയും അശാന്തിയുടെയും സമയം. ജനപ്രിയനായ രാഷ്ട്രീക്കാരൻ ജോർജ് എലീസെർ ഗെയ്താൻ കൊല്ലപ്പെട്ടതായിരുന്നു പ്രകോപനം. രണ്ടുലക്ഷത്തോളം പേരുടെ മരണത്തോടെയാണ് കലാപമവസാനിക്കുന്നത്.

ഗ്രിസെൽഡ വളർന്ന പശ്ചാത്തലമിതായിരുന്നു. ഒപ്പം ദാരിദ്ര്യവും. അധികാരം ആക്രമിച്ചുനേടേണ്ടതാണെന്നാണ് ഗ്രിസെൽഡയേയും കൂട്ടുകാരെയും ചുറ്റുപാടുകൾ പഠിപ്പിച്ചത്. 11-ാം വയസ്സിൽ അവളും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നു. നാട്ടുകാരനായ ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇത്. പണം കിട്ടാതെ വന്നതോടെ കുട്ടിയെ കൊലപ്പെടുത്തി. ഗ്രിസെൽഡ നടത്തിയ ആദ്യത്തെ ചോര മരവിപ്പിക്കുന്ന പ്രവൃത്തി. വരും വർഷങ്ങളിൽ, പോക്കറ്റടിയും മോഷണവും പതിവാക്കി. 13 വയസ്സിൽ തന്നേക്കാൾ ഇരട്ടി പ്രായമുള്ളയാളെ ഗ്രിസെൽഡ വെടിവെച്ചിരുന്നു.

വ്യാജ രേഖകൾ ചമച്ചും മനുഷ്യക്കടത്തു നടത്തിയും ഉപജീവനം നടത്തിയിരുന്ന കാർലോസ് ട്രൂജില്ലോയെ ഗ്രിസെൽഡ പ്രണയിച്ച് വിവാഹം ചെയ്തു. മൂന്ന് കുട്ടികളാണ് ആ ബന്ധത്തിൽ പിറന്നത്. പിന്നീടിവർ വിവാഹമോചിതരുമായി. 1970-കളുടെ മധ്യത്തോടെ, ട്രൂജില്ലോ മരിച്ചു. ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്ന് ചിലർ പറയുമ്പോഴും മരണത്തിന് പിന്നിൽ ബ്ലാങ്കോയാണെന്ന് അവകാശപ്പെടുന്നവരുണ്ട്.

മയക്കുമരുന്ന് കുടുംബബിസിനസാക്കുന്നു

70-കളിലെ ഡിസ്‌കോ രംഗത്തെ കുതിച്ചുചാട്ടം കൊക്കെയ്ൻ പോലുള്ള നിയമവിരുദ്ധ മയക്കുമരുന്നുകളുടെ വളർച്ചയ്ക്കും കാരണമായിട്ടുണ്ട്. ദശകത്തിന്റെ മധ്യത്തോടെ, കൊളംബിയ കൊക്കെയ്ൻ വ്യാപാരത്തിന്റെ കേന്ദ്രമായി ഉയർന്നുവന്നു, കൊളംബിയയിൽ മയക്കുമരുന്നുണ്ടാക്കുന്നവർ ഒരേസമയം സമ്പന്നരും അപകടകാരികളുമായി.

ഗ്രിസെൽഡ അടുത്തതായി വിവാഹം ചെയ്തത് മയക്കുമരുന്ന് കടത്തുകാരനായ ആൽബെർട്ടോ ബ്രാവോയെയാണ്. രണ്ടുപേരും ചേർന്ന് ന്യൂയോർക്ക് ആസ്ഥാനമായി ഒരു കൊക്കെയ്ൻ ശൃംഖല കെട്ടിപ്പടുത്തു. മയക്കുമരുന്ന് ഒളിപ്പിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത അടിവസ്ത്രങ്ങൾ ധരിച്ച കള്ളക്കടത്തുകാരെയാണ് അന്താരാഷ്ട്ര അതിർത്തി കടക്കാൻ അവർ ആശ്രയിച്ചത്.

സാമ്രാജ്യം വളർന്നപ്പോൾ, ഗ്രിസെൽഡയ്ക്കും ബ്രാവോയ്ക്കും ഇടയിൽ പ്രശ്നങ്ങളുടലെടുത്തു. എന്താണ് സംഭവിച്ചതെന്നതിന്റെ കൃത്യമായ കാരണങ്ങളറിയില്ലെങ്കിലും 1975-ൽ ബ്രാവോ കൊല്ലപ്പെട്ടു. ഭർത്താവിനെ അദ്ദേഹത്തിന്റെ വായിൽ വെടിവച്ചു കൊന്നുവെന്ന് ഗ്രിസെൽഡ പിന്നീട് പറയുന്നുണ്ട്. ഇതോടെയാണവർ ബ്ലാക്ക് വിഡോ എന്നറിയപ്പെടാൻ തുടങ്ങിയത്.

യു.എസ്. ഡ്രഗ് എൻഫോഴ്സ്മെൻ്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) ഗ്രിസെൽഡയെപ്പറ്റി അറിഞ്ഞപ്പോഴേക്കും, ടൺ കണക്കിന് കൊക്കെയ്ൻ അമേരിക്കയിലെത്തിക്കഴിഞ്ഞിരുന്നു. വലിയ ഇടപാടുകളും അവർ നടത്തി.

കൊലയ്ക്ക് മോട്ടോർ സൈക്കിൾ ഹിറ്റ്

യുഎസിലെ മയാമി ലോകത്തിൻ്റെ കൊക്കെയ്ൻ തലസ്ഥാനമായി മാറിയത് വൈകാതെയാണ്, നഗരം അതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭീകരത ഗ്രിസെൽഡ അവിടെ അഴിച്ചുവിട്ടു. കൊക്കെയ്ൻ മാത്രമല്ല, കൊളംബിയൻ രീതിയിലുള്ള ആക്രമണങ്ങളും അവർ മയാമിയിൽ പരീക്ഷിച്ചു. ഗ്രിസെൽഡയുടെ കൂട്ടാളികൾ മോട്ടോർ സൈക്കിളിൽ കറങ്ങിനടന്ന് പകൽവെളിച്ചത്തിൽ ശത്രുക്കളെ വധിച്ചു. "മോട്ടോർ സൈക്കിൾ ഹിറ്റ്" എന്നപേരിൽ ഇത് കുപ്രസിദ്ധി നേടി. തോക്കുധാരികൾ മോട്ടോർസൈക്കിളിൽ കാറിനടുത്തെത്തി വെടിവെച്ച് ട്രാഫിക്കിലേക്ക് മറയുന്നതാണ് രീതി.

നൂറുകണക്കിന് എതിരാളികളെയും ഒറ്റുകാരെയും അടുത്ത സഹായികളെയും കൊല്ലാൻ ഗ്രിസെൽഡ ഉത്തരവിട്ടിരുന്നതായി പറയപ്പെടുന്നു. ഈ ദൗത്യങ്ങൾക്ക് ലാ മാറ്റാൻസ അഥവാ കൂട്ടക്കൊലയെന്ന് പേരുമിട്ടു.

1979-ൽ, മയാമിയിലെ ഒരു മാളിൽ കൊക്കെയ്ൻ വ്യാപാരിയെയും അംഗരക്ഷകനെയും ഗ്രിസെൽഡയുടെ ആളുകൾ പരസ്യമായി വെടിവച്ചു കൊന്നു. തിരക്കേറിയ ഷോപ്പിങ് മാളിൽ നടന്ന വെടിവെപ്പ് നഗരത്തെ പരിഭ്രാന്തിയിലാക്കി. മയാമിയിലെ ഗ്രിസെൽഡയുടെ സ്വാധീനത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്ത സംഭവമായിരുന്നു ഇത്.

ഗ്രിസെൽഡയ്ക്ക് എവിടെയും അതിരുകളില്ലായിരുന്നു എന്നാണ് അവരെ അടുത്തറിഞ്ഞവരെല്ലാം പറഞ്ഞത്. 1982-ൽ ജീസസ് കാസ്ട്രോയെന്ന എതിരാളിയെ കൊലപ്പെടുത്താൻ ഗ്രിസെൽഡയുടെ അനുയായികൾ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കാസ്‌ട്രോയുടെ രണ്ട് വയസ്സുള്ള മകൻ ജോണിയെ കൊലപ്പെടുത്തി. അതിൽ ഗ്രിസെൽഡ അങ്ങേയറ്റം സന്തുഷ്ടയായിരുന്നത്രേ. കൊലപാതകം അവർക്കൊരു ബിസിനസ്സായിരുന്നു, വ്യക്തിപരവും.

ബ്ലാങ്കോയുടെ ശൃംഖല പ്രതിമാസം അക്കാലത്ത് 80 മില്യൺ ഡോളറിന്റെ കൊക്കെയ്ൻ വിറ്റ സമയമുണ്ടായിരുന്നു. ന്യൂയോർക്ക്, മയാമി, ലോസ് ആഞ്ജലിസ് എന്നിവിടങ്ങളായിരുന്നു പ്രധാനവിപണികൾ.

ഗ്രിസെൽഡ ബ്ലാങ്കോയുടെ മൂന്നാമത്തെ ഭർത്താവായിരുന്നു ഡാരിയോ സെപുൽവേദ. ഇളയ മകൻ മൈക്കിൾ കോർലിയോൺ ബ്ലാങ്കോയുടെ പിതാവ്. പൊരുത്തക്കേടുകൾക്കൊടുവിൽ സെപുൽവേദ ബ്ലാങ്കോയെ വിട്ട് കൊളംബിയയിലേക്ക് മടങ്ങിപ്പോയി. പിന്നാലെ മകനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിൽ പ്രകോപിതയായ ഗ്രിസെൽഡ സെപുൽവേദയെ ആളെവിട്ട് കൊലപ്പെടുത്തി.

ആഡംബരജീവിതം

ക്രൂരതകൾക്കിടയിലും ഗ്രിസെൽഡ ബ്ലാങ്കോ ആഡംബരമായിത്തന്നെ ജീവിച്ചു. ആഡംബര വീടുകൾ സ്വന്തമാക്കി, സായുധ അകമ്പടിയോടെ യാത്ര ചെയ്തു, രാഷ്ട്രീയക്കാരെയും സെലിബ്രിറ്റികളെയും മയക്കുമരുന്നു കടത്തുകാരായ സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് പാർട്ടികൾ നടത്തി. വിചിത്രമായ അന്ധവിശ്വാസങ്ങളുണ്ടായിരുന്ന ഗ്രിസെൽഡ, കൊല്ലുന്നവരുടെ പട്ടിക തന്റെ ഷനേൽ പഴ്സിൽ സൂക്ഷിച്ചിരുന്നുവെന്നും പറയപ്പെടുന്നു.

രാജ്ഞിയുടെ പതനം

അധികാരകേന്ദ്രങ്ങളെ കബളിപ്പിച്ച് അധികകാലം മുന്നോട്ടുപോവാൻ ഗ്രിസെൽഡയ്ക്കായില്ല. വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞശേഷം, 1985-ൽ കാലിഫോർണിയയിലെ ഇർവിനിൽ വെച്ച് ഫെഡറൽ ഏജൻ്റുമാർ ബ്ലാങ്കോയെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് കേസുകളിൽ ശിക്ഷിക്കപ്പെട്ട അവരെ 20 വർഷം തടവിന് ശിക്ഷിച്ചു. ഡസൻ കണക്കിന് കൊലപാതകങ്ങളുമായി ഗ്രിസെൽഡയ്ക്കുള്ള ബന്ധം പക്ഷേ, പ്രോസിക്യൂഷൻ്റെ പിഴവുകൾ കാരണം തെളിയിക്കാനായില്ല.

ഒടുവിൽ 2004-ൽ ജയിൽ മോചിതയായി, കൊളംബിയയിലേക്ക് നാടുകടത്തപ്പെട്ടു. അധോലോകരാജ്ഞി പതിയെ നിഴലുകളിലേക്ക് മടങ്ങുകയായിരുന്നു. 2012 സെപ്റ്റംബർ 3-ന്‌ നാട്ടിലെ ഒരു ഇറച്ചിക്കടയ്ക്ക് പുറത്ത് വെച്ച് ഗ്രിസെൽഡ വെടിയേറ്റ് മരിച്ചു. മോട്ടോർ സൈക്കിളിലെത്തിയ കൊലയാളി, തലയ്ക്ക് രണ്ടുതവണ വെടിവെച്ചു. ശത്രുക്കളെ ഇല്ലാതാക്കാൻ ഗ്രിസെൽഡ പ്രയോഗിച്ച അതേമാർഗം. വേഗതത്തിൽ, ക്രൂരമായി, മുന്നറിയിപ്പില്ലാതെ, ഗോഡ്മദർ വിടവാങ്ങി.

ഗ്രിസെൽഡയുടെ ജീവിതം പറയുന്ന സീരീസ് നെറ്റ്ഫ്ലിക്സ് പ്രക്ഷേപണം ചെയ്യുന്നുണ്ട്. എമ്മി നോമിനേഷൻ നേടിയിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://mbi.page.link/grihalakshmi