ലോകം മുഴുവൻ ആരാധകരുള്ള ഹോളിവുഡ് താരമാണ് വിൽ സ്മിത്ത്. അദ്ദേഹത്തിന്റെ മകൻ ജെയ്ഡൻ സ്മിത്ത് റാപ്പറും അഭിനേതാവുമാണ്. ദി പെർസ്യൂട്ട് ഓഫ് ഹാപ്പിനസ് എന്ന ചിത്രത്തിൽ വിൽസ്മിത്തിന്റെ മകനായി ബാലതാരമായെത്തിയ ജേഡൻ സ്മിത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കരാട്ടെ കിഡിലൂടെയും പ്രശസ്തനായി. ഇപ്പോഴിതാ ജേഡൻ സ്മിത്ത്, പാരിസിൽ വെച്ച് മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടെന്ന റിപ്പോർട്ട് പുറത്തുവരികയാണ്. യുവതാരം തെറ്റായ പാതയിലേക്ക് നീങ്ങുന്നതായുള്ള അഭ്യൂഹം ഇതോടെ പരന്നിട്ടുണ്ട്.

To advertise here,

ജേഡൻ സുഹൃത്തുക്കൾക്കൊപ്പം പാരിസിൽ പാർട്ടി നടത്തുന്നതിനിടെ അമിതമായ മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് പിടിക്കപ്പെട്ടത്. പാരിസിലെ രണ്ട് പാർട്ടി സ്ഥലങ്ങളിൽ നിന്ന് മയക്കുമരുന്ന് വലിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളുമായി ജേഡൻ പുറത്തുവരുന്നതിന്റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഫ്രാൻസിൽ കഞ്ചാവ് നിയമവിരുദ്ധമാണ്, കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും ക്രിമിനൽ കുറ്റമാണ്.

''ജേഡൻ അപകടകരമായ ദിശയിലേക്കാണ് പോകുന്നത്. ഒരു വിദേശ നഗരത്തിൽ പുലർച്ചെ മൂന്നുമണിക്ക് അവൻ മതിമറന്ന് പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു. ഇപ്പോൾ അവൻ വീട്ടിൽ വളരെ കുറച്ച് സമയം മാത്രമേ ചെലവഴിക്കുന്നുള്ളൂ. മാതാപിതാക്കൾ വേർപിരിയുകയും അവരുടെ ദാമ്പത്യം അനിശ്ചിതാവസ്ഥയിലാവുകയും ചെയ്തതിനാൽ അവരെ പൂർണമായും ഒഴിവാക്കുകയായിരിക്കാം" കുടുംബവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തനിക്കും കുടുംബത്തിലെ മറ്റുള്ളവർക്കും സൈക്കഡെലിക് മയക്കുമരുന്നുകൾ പരിചയപ്പെടുത്തിയത് അമ്മ ജാഡ പിങ്കറ്റ് സ്മിത്ത് ആണെന്ന് ജേഡൻ മുമ്പ് പറഞ്ഞിരുന്നു. നടിയും മോഡലുമാണ് ജാഡ. 1997-ലാണ് വിൽ, ജാഡയെ വിവാഹം ചെയ്യുന്നത്. അദ്ദേഹത്തിന്റെ രണ്ടാംവിവാഹമായിരുന്നു ഇത്. ഇരുവർക്കും 1998-ൽ ജേഡനും 2000-ൽ മകൾ വിലോയും പിറന്നു.

കുട്ടികളെ വ്യക്തികളായി പരിഗണിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നതാണ് തൻ്റെ രക്ഷാകർതൃത്വ രീതിയെന്നും കുട്ടികൾക്ക് സ്വയം പ്രകടിപ്പിക്കാനും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുമുള്ള സ്വാതന്ത്ര്യം കുടുംബം നൽകിയിട്ടുണ്ടെന്നും വിൽ മുൻപ് പറഞ്ഞിട്ടുണ്ട്. 15-ാം വയസ്സിൽ നിയമപരമായി വീട്ടിൽ നിന്ന് മാറിത്താമസിക്കാൻ ജേഡൻ അനുവാദം ചോദിച്ചിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi