കലകൊണ്ട് സമ്പന്നമായ കുടുംബമാണ് നടൻ കമൽ ഹാസന്റേത്. അദ്ദേഹത്തിന്റെ അച്ഛൻ ഡി. ശ്രീനിവാസൻ ഒരു അഭിഭാഷകനായിരുന്നെങ്കിലും കലയെ വളരെയധികം സ്നേഹിച്ചിരുന്നു, അമ്മ രാജലക്ഷ്മി വയലിൻ വായിക്കുമായിരുന്നു. രാജലക്ഷ്മിയുടെയും ശ്രീനിവാസന്റെയും നാല് മക്കളിൽ ഇളയവനായിട്ടാണ് കമൽ ജനിക്കുന്നത്. കമലിന്റെ മൂത്ത സഹോദരന്മാരായ ചാരുഹാസനും ചന്ദ്രഹാസനും ഗായകരായിരുന്നു (പിന്നീട് നടന്മാരായി), സഹോദരി നളിനി അഞ്ചാം വയസ്സിൽ നൃത്തം പഠിച്ചുതുടങ്ങി.

മൂത്ത സഹോദരൻ ചാരു ഹാസൻ കമലിനെ സംബന്ധിച്ചിടത്തോളം പിതൃതുല്യനാണ്. കമലിനെക്കാൾ ഇരുപത് വയസ്സിലധികം മൂത്തയാളാണദ്ദേഹം. ഇളയ സഹോദരന്റെ സംരക്ഷകനും വഴികാട്ടിയുമായി (pillar of support) നിഴൽ പോലെ ചാരു ഹാസൻ കൂടെയുണ്ടായിരുന്നു. കരിയറിലും വ്യക്തി ജീവിതത്തിലും കമലിന്റെ താങ്ങും തണലുമായിരുന്നു അദ്ദേഹം. ചാരുഹാസൻ വിവാഹിതനായശേഷം, അദ്ദേഹത്തിന്റെ ഭാര്യ കോമളവല്ലിയും കമലിന്റെ ജീവിതത്തിന്റെ ഭാഗമായി. അമ്മ രാജലക്ഷ്മിയുടെ ആരോഗ്യം പ്രമേഹബാധയെത്തുടർന്ന് മോശമായപ്പോൾ കുഞ്ഞായ കമലിനെ വളർത്തുകയും പരിപാലിക്കുകയും ചെയ്തത് കോമളവല്ലിയാണ്. 

വളർച്ചയുടെ ഘട്ടത്തിൽ താൻ അവരുടെ മകനാണെന്നാണ് കമൽ വിശ്വസിച്ചിരുന്നതത്രേ. കോമളവല്ലി തന്റെ യഥാർത്ഥ അമ്മയല്ലെന്ന് മനസ്സിലാക്കിയപ്പോൾ, കമലിന് അത് താങ്ങാനായില്ല. ഒരുദിവസം മുഴുവൻ ഇതറിഞ്ഞ് കമൽ പൊട്ടിക്കരഞ്ഞു.

കോമളവല്ലി തന്നെ ഒരിക്കൽ ഈ അനുഭവം പങ്കുവെച്ചിട്ടുണ്ട്. "നാലോ അഞ്ചോ വയസ്സാവുന്നതുവരെ ഞാനവന്റെ അമ്മയാണെന്നവൻ വിശ്വസിച്ചു. എന്റെ ഭർതൃമാതാവ് പോലും 'അങ്ങനെ ചിന്തിക്കട്ടേയെന്ന്' പറഞ്ഞിരുന്നു. എന്നാൽ വീട്ടിലെ ജോലിക്കാർ അവനോട് സത്യം പറഞ്ഞപ്പോൾ, 'നീ എന്റെ അമ്മയല്ലേ? എന്ന് ചോദിച്ച് അവൻ കരഞ്ഞു. എന്നോടവന് വലിയ അടുപ്പമായിരുന്നു. അവന്റെ ജനനശേഷം എന്റെ ഭർത്താവിന്റെ അമ്മയുടെ ആരോഗ്യം വഷളായി. അവനെ വളർത്തിയത് ശരിക്കും ഞാനായിരുന്നു" 2024-ൽ നൽകിയ അഭിമുഖത്തിൽ അവർ പങ്കുവെച്ചു.

കോമളവല്ലിക്കും ചാരുഹാസനും പ്രസവത്തിൽ ആൺകുഞ്ഞിനെ നഷ്ടമായിരുന്നു. "കമൽ ജനിച്ചത് 1954-ലാണ്. 1955-ൽ, പ്രസവാനന്തരം എനിക്കൊരു മകനെ നഷ്ടപ്പെട്ടു. മകൾ ജനിച്ചത് 1957-ലാണ്. ഏകദേശം നാല് വർഷത്തോളം അവനായിരുന്നു കൂട്ട്. പിന്നീട്, എന്റെ കുട്ടികളെ സ്വന്തം അനുജന്മാരെപ്പോലെ അവൻ നോക്കി" അവർ പറഞ്ഞു. ചാരുഹാസനും കോമളവല്ലിക്കും നടി സുഹാസിനി ഉൾപ്പെടെ മൂന്ന് മക്കളാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi