തമിഴ്, തെലുഗു, ഹിന്ദി സിനിമകളിൽ സജീവമായിരുന്ന താരമാണ് ശ്രീയ ശരൺ. പോക്കിരിരാജ, കാസനോവ എന്നീ മലയാളംസിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്കുവെച്ച് ഐറ്റംസോങ്ങിലേക്കും അവർ തിരിഞ്ഞു. ദൃശ്യം, പോക്കിരിരാജ, കബ്‌സാ, ആർആർആർ, തഡ്ക, റെട്രോ തുടങ്ങിയവയാണ് അവരുടെ പ്രധാനസിനിമകൾ.

To advertise here,

'ദൃശ്യം' സിനിമയുടെ ഹിന്ദി റീമേക്കിലും 'ആർആർആർ' സിനിമയിലും അജയ് ദേവ്ഗണിന്റെ നായികയായും പോക്കിരിരാജയിൽ പൃഥ്വിരാജിന്റെ നായികയായുമാണ് അഭിനയിച്ചത്. സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്റെ പുതിയ വ്‌ളോഗിൽ പ്രത്യക്ഷപ്പെട്ടത് ശ്രീയയാണ്. ഫറാ ഖാനും കുക്ക് ദിലീപുമൊത്തുള്ള വ്‌ളോഗിലാണ് ശ്രീയ എത്തിയത്. സംസാരത്തിനിടയിൽ ശ്രീയയുടെ കരിയറും സ്വകാര്യജീവിതവുമെല്ലാം ചർച്ചയായി. താരത്തിന്റെ ഭർത്താവും റഷ്യൻ സ്വദേശിയുമായ ആന്ദ്രെ കോസ്ചീവും വ്‌ളോഗിൽ മുഖംകാണിച്ചു. അതിനിടയിൽ തന്റെ ഡേറ്റിങ് കാലം ഓർത്തെടുക്കുകയാണ് ശ്രീയ. വർഷങ്ങൾ നീണ്ട ഡേറ്റിങ്ങിനുശേഷമാണ് ശ്രീയയും റഷ്യൻ ടെന്നീസ് താരം ആന്ദ്രെ കോസ്ചീവും വിവാഹിതരാവുന്നത്.

''ഞാനും ആന്ദ്രെയും ഡേറ്റ് ചെയ്യുന്ന സമയം. അന്നൊക്കെ എല്ലാ ദിവസവും അതിരാവിലെ ആന്ദ്രെ എണീക്കും. ദിവസവും അദ്ദേഹമായിരുന്നു എനിക്ക് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിത്തന്നിരുന്നത്''.

മാലിദ്വീപിൽ വെച്ചാണ് ആന്ദ്രെയും താനും ആദ്യമായി കണ്ടുമുട്ടിയതെന്ന് മുമ്പ് ശ്രീയ പറഞ്ഞിട്ടുണ്ട്. ''മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കാൻ ഞാനൊറ്റയ്ക്കായിരുന്നു വന്നത്. അവിടെവെച്ച് ഒരു യാട്ടിൽവെച്ചാണ് ആന്ദ്രെയെ ആദ്യമായി കാണുന്നത്. പരിചയപ്പെട്ടു, സൗഹൃദമായി. ആദ്യത്തെ കൂടിക്കാഴ്ചയിൽ ഞാനാരാണെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു. പിന്നീടാണ് നടിയാണെന്ന് മനസ്സിലാവുന്നത്. മാസങ്ങൾ കഴിഞ്ഞ് എന്റെ ഏതെങ്കിലും സിനിമ ഓൺലൈനിൽ കാണാൻ പറ്റുമോയെന്ന് ചോദിച്ചു. ഞാനത് പറഞ്ഞപ്പോൾ, അദ്ദേഹം എന്നെക്കുറിച്ച് കൂടുതലറിയാൻ സിനിമയും കണ്ടു''.

2018-ലാണ് ഇരുവരും വിവാഹിതരായത്. രജിസ്റ്റർ വിവാഹം നടത്തിയശേഷം അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായി വിവാഹം നടത്തി. ഒരു മകളുമുണ്ട് ദമ്പതിമാർക്ക്. ആദ്യം ബാർസിലോണയിലായിരുന്നു ഇവരുടെ താമസം. ശ്രീയ സിനിമയിൽ വീണ്ടും സജീവമായപ്പോൾ മുംബൈയിലേക്ക് തിരിച്ചുവന്നു. മോസ്‌കോയിൽ സംരംഭകൻ കൂടിയായ ആന്ദ്രെ, ഒരു ഹോട്ടൽ ശൃംഖലയുടെ ഉടമസ്ഥനുമാണ്. 'മിറൈ' എന്ന സിനിമയിലാണ് ശ്രീയ അവസാനമായി അഭിനയിച്ചത്. 'നോൺ വയലൻസ്' ആണ് റിലീസാവാനിരിക്കുന്ന സിനിമ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi