വിവാഹമോചനത്തിനു പിന്നാലെ ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മഹ്റ അല്‍ മക്തൂം 'ഡിവോഴ്‌സ്' എന്ന പേരിൽ പുതിയ പെര്‍ഫ്യൂം അവതരിപ്പിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് എം1 ബ്രാന്‍ഡിനുകീഴില്‍ പുതിയ ഉത്പന്നം ഇറക്കിയ കാര്യം രാജകുമാരി അറിയിച്ചത്.  

To advertise here,

മഹ്‌റ തന്റെ പോസ്റ്റില്‍ ഡിവോഴ്‌സ് എന്നെഴുതിയ കറുത്ത നിറത്തിലുള്ള പെര്‍ഫ്യൂം കുപ്പിയാണ് പങ്കുവെച്ചത്. ഭര്‍ത്താവുമായി ഔദ്യോഗികമായി വിവാഹമോചനം നേടി ആഴ്ചകള്‍ പിന്നിടുന്നതിനുമുമ്പാണ്  ഡിവോഴ്‌സ് പെര്‍ഫ്യൂമിന്റെ ലോഞ്ച്. 

കഴിഞ്ഞ വര്‍ഷം മേയിലാണ് ഷെയ്ഖ മഹ്റ എമിറാത്തി വ്യവസായിയായ ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമിനെ വിവാഹം കഴിച്ചത്. തങ്ങളുടെ ആദ്യത്തെ കുട്ടിയെ വരവേറ്റ് രണ്ട് മാസത്തിനുള്ളില്‍ തന്നെ മഹ്‌റ, സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി മുത്തലാഖ് ചൊല്ലി ഭര്‍ത്താവിനെ ഡിവോഴ്‌സ് ചെയ്തു. അന്ന് അത് വലിയ ചര്‍ച്ചയായിരുന്നു. വിവാഹമോചനത്തിനായി മഹ്‌റ ഇങ്ങനെ കുറിച്ചു:

''പ്രിയപ്പെട്ട ഭര്‍ത്താവേ, നിങ്ങള്‍ കൂട്ടുകാരുമായി തിരക്കിലായതിനാല്‍, നമ്മുടെ വിവാഹമോചനം ഞാന്‍ ഇവിടെ പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. എന്ന് നിങ്ങളുടെ മുന്‍ഭാര്യ''

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ 26 മക്കളില്‍ ഒരാളാണ് ഷെയ്ഖ മഹ്റ. ഗ്രീസില്‍ നിന്നുള്ള സോ ഗ്രിഗോറക്കോസ് ആണ് ഷെയ്ഖ മഹ്റയുടെ അമ്മ. ഗ്രിഗോറക്കോസും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും നിലവില്‍ വിവാഹമോചിതരാണ്.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ദുബായ് രാജകുമാരിയ്ക്ക് ഏകദേശം 9.8 ലക്ഷം ഫോളോവേഴ്‌സുണ്ട്. അവരുടെ നിരവധി സംരംഭങ്ങളിലൊന്നാണ് ഡിവോഴ്സ്  പെര്‍ഫ്യൂം.