ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് ഹിതേൻ തേജ് വാനി. 25 വർഷത്തെ അഭിനയജീവിതത്തിനിടയിൽ ഒട്ടേറെ നല്ല കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. തന്റെ തുടക്കകാലത്തെക്കുറിച്ച് ഇക്കഴിഞ്ഞ ദിവസം ഒരു പോഡ്കാസ്റ്റിൽ ഹിതേൻ സംസാരിച്ചിരുന്നു. ഒരുപാട് കഷ്ടപ്പെട്ട ശേഷമാണ് തനിക്ക് സീരിയലിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞതെന്നും ഹിതേൻ പറയുന്നു.

''തുടക്കകാലത്ത് 22 മണിക്കൂറാണ് ഷൂട്ടിങ്ങിനായി ചെലവഴിച്ചിരുന്നത്. വീട്ടിലേക്ക് പോവുന്നത് വളരെ ചുരുക്കം. ഒരുദിവസത്തെ ഷൂട്ടിങ് കഴിഞ്ഞാൽ ചിലപ്പോൾ വീട്ടിലൊന്ന് പോയി ഫ്രെഷ് ആവാനുള്ള സമയം മാത്രമുണ്ടാവും''.

തന്റെ ഈ സ്വഭാവം കാരണം ഡ്രൈവർമാർ ജോലി നിർത്തിയെന്നും ഹിതേൻ വെളിപ്പെടുത്തി, ''തീരെ സമയക്രമമില്ലാതെയുള്ള ഷൂട്ടിങ്ങായിരുന്നു. അതുകൊണ്ട് എന്റെ ഡ്രൈവർമാരെല്ലാം ജോലിവിട്ടു. പിന്നെ ഞാൻ തന്നെ ഡ്രൈവ് ചെയ്യാൻ തുടങ്ങി. ഒരിക്കൽ വണ്ടിയോടിക്കുമ്പോൾ മയക്കം വന്നു. അബദ്ധത്തിൽ ഡിവൈഡറിലിടിച്ച് അപകടമുണ്ടാവുകയും ചെയ്തു''. 30 ദിവസത്തിനുള്ളിൽ അത്ര തന്നെ എക്‌സ്ട്രാ ഷിഫ്റ്റുകൾ ചെയ്തുവെന്നും ഹിതേൻ ഓർക്കുന്നു.

''രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് ശരിക്കും ഞങ്ങളുടെ ഷൂട്ടിങ് ഷെഡ്യൂൾ. പക്ഷേ അത് മിക്കവാറും ദിവസങ്ങളിൽ പുലർച്ചെ അഞ്ചുമണി വരെ തുടരും. അതുകഴിഞ്ഞ് ചിലപ്പോൾ ഏഴുമണിക്ക് തന്നെ അടുത്ത ഷെഡ്യൂൾ തുടങ്ങും. അതിനിടയിൽ വെറും രണ്ടുമണിക്കൂറായിരിക്കും ബ്രേക്ക് കിട്ടുന്നത്. കിട്ടുന്ന സമയത്ത് സ്റ്റുഡിയോ ഫ്‌ളോറിൽ തന്നെ കിടന്നുറങ്ങുകയും ചെയ്യും''. ഒരുമാസം മുഴുവൻ അധികം ബ്രേക്കുകളില്ലാതെ ഷൂട്ട് ചെയ്ത കാര്യവും ഹിതേൻ ഓർത്തെടുത്തു, ''ഒരുമാസം മുഴുവൻ തീരെ ബ്രേക്കില്ലാതെ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. 24 മണിക്കൂറും 48 മണിക്കൂറും കടന്നുപോവുന്നതൊന്നും അറിയില്ല. ഒരു സീൻ കഴിഞ്ഞാൽ, പത്തുമിനിറ്റ് അവിടെ തന്നെ കിടന്നുറങ്ങും. അടുത്ത സീനാവുമ്പോഴേക്കും വന്ന് അഭിനയിക്കും''.

ചെറിയ റോളുകളിലൂടെയാണ് ഹിതേൻ കരിയർ തുടങ്ങിയത്. 'കുടുംബ്' എന്ന സീരിയലിലെ പ്രഥം മൻ എന്ന കഥാപാത്രമാണ് കരിയറിൽ ബ്രേക്കായത്. 'ക്യോംകി സാസ് ഭി കഭി ബഹു ഥീ'യിലെ കരൺ വിരാനി, 'കസൗട്ടി സിന്ദഗി കെ'യിലെ അനുരാഗ് ബസു, 'പവിത്ര രിഷ്ത'യിലെ മാനവ് ദേശ്മുഖ് എന്നിവയാണ് ഹിതേന്റെ ഏറ്റവും ശ്രദ്ധേയമായ മറ്റുവേഷങ്ങൾ. 'ക്യോംകി സാസ് ഭി കഭി ബഹു ഥീ'യുടെ രണ്ടാം ഭാഗത്തിലും ഹിതേൻ അഭിനയിക്കുന്നുണ്ട്. 'കുടുംബ്'ൽ ഹിതേന്റെ നായികയായ ഗൗരി പ്രധാനാണ് അദ്ദേഹത്തിന്റെ ഭാര്യ. സീരിയലിലെ നായികാനായകൻമാർ ജീവിതത്തിലും നായികാനായകൻമാരാവുകയായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi