സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സമ്മാനങ്ങൾ നൽകുന്നതിൽ വളരെ താത്പര്യമുള്ളയാളാണ് സൽമാൻ ഖാൻ. എന്നാലും താൻ ഏറ്റവും വിലയേറിയ സമ്മാനം ആദ്യം നൽകിയത് തന്റെ പിതാവിനാണെന്ന് സൽമാൻ പറയുന്നു. താനിതുവരെയുള്ള ജീവിതത്തിൽ നൽകിയ ഏറ്റവും ചെലവേറിയ സമ്മാനവും അതാണെന്ന് താരം തുറന്നുപറയുന്നു.

വെറൈറ്റി ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് സൽമാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. അതൊരു വാച്ചായിരുന്നു. തന്റെ കൈവശം വാച്ച് വാങ്ങാനാവശ്യമായ പണമില്ലായിരുന്നുവെന്നും എന്നാൽ അച്ഛന് അത് ഇഷ്ടപ്പെട്ടുവെന്നും താരം ഓർമിച്ചു. അന്ന് അദ്ദേഹത്തിന് 9 ലക്ഷം രൂപ ചിലവായി. നാല് ലക്ഷം രൂപ മാത്രമാണ് അന്ന് കൈവശമുണ്ടായിരുന്നത്. ബാക്കി തുക വായ്പയായി എടുക്കുകയായിരുന്നു. ''ജോലി ചെയ്തുതുടങ്ങിയിട്ടില്ല ഞാൻ. എവിടുന്നൊക്കെയോ നാലുലക്ഷം രൂപ സംഘടിപ്പിച്ചു. ഇനിയും വേണും അഞ്ചുലക്ഷം. അങ്ങനെയാണ് ലോണെടുക്കാൻ തീരുമാനിച്ചത്''.

അച്ഛൻ ഏറെ സന്തോഷത്തോടെ സ്വീകരിക്കുമെന്നാണ് സൽമാൻ കരുതിയത്. എന്നാൽ, ഇത്രയും വലിയ തുക ചെലവാക്കിയതിന് അദ്ദേഹം സൽമാനെ വഴക്കുപറഞ്ഞു. ആ വാച്ച് സമ്മാനിച്ചപ്പോൾ അച്ഛൻ സൽമാനോട് പറഞ്ഞതിങ്ങനെ, ''നീ ശരിക്ക് ജോലി ചെയ്യാൻ പോലും തുടങ്ങിയിട്ടില്ല. എന്നിട്ടും ഇത്തരം വിലകൂടിയ സമ്മാനങ്ങൾ വാങ്ങാൻ തുടങ്ങിയിരിക്കുന്നു. നീ സ്വയം ഒരു രാജാവായി കരുതുന്നുണ്ടോ?'' ആദ്യം അങ്ങനെയൊക്കെ പറഞ്ഞുവെങ്കിലും പിന്നീട് ഒരാഭരണം പോലെ വളരെ അമൂല്യമായിട്ടാണ് സലീം ഖാൻ അതിനെ കരുതിയത്.

എന്നാൽ, താൻ 28 വർഷമായി വാച്ചുകൾ ധരിക്കുന്നത് നിർത്തിയെന്നും സൽമാൻ വെളിപ്പെടുത്തുന്നു. ''എപ്പോഴെങ്കിലും ഒന്ന് ധരിച്ചാലും അതെന്റേതല്ല, സുഹൃത്തുക്കളുടേതാണ്. വെറുതെ ട്രൈ ചെയ്തുനോക്കാൻ വാങ്ങുന്നതാണ്. ആകെ ഒന്നേ ഇപ്പോൾ എന്റെ കൈയിലുള്ളൂ. അത് പിതാവിന് ഞാൻ സമ്മാനിച്ച വാച്ച് തന്നെയാണ്. അദ്ദേഹം പിന്നീട് എനിക്കുതന്നെ തരികയായിരുന്നു''. വാച്ചുകളുടെ ഒരു വലിയ ശേഖരം തനിക്കുണ്ടെന്ന അഭ്യൂഹങ്ങൾ താരം തള്ളിക്കളഞ്ഞു.

'സിക്കന്ദർ' ആണ് സൽമാന്റേതായി അവസാനമിറങ്ങിയ ചിത്രം. അതുകഴിഞ്ഞ് 'രാജാ ശിവജി'യിൽ അതിഥിവേഷത്തിലും അദ്ദേഹമെത്തി. ഇപ്പോൾ 'Maatrubhumi: May War Rest in Peace', 'SVC 63' എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi