കോൺടാക്റ്റ് ലെൻസുകൾ (contact lenses) ഉപയോഗിക്കുന്നവർ ഉറങ്ങുമ്പോൾ അത് എടുത്തുമാറ്റണമെന്ന് ഡോക്ടർമാർ എപ്പോഴും നിർദേശിക്കാറുണ്ട്. ചെറുതായൊന്നു മയങ്ങുമ്പോൾ ലെൻസുകൾ മാറ്റിവെക്കേണ്ട കാര്യമുണ്ടോയെന്ന് പലരും ചിന്തിക്കുമായിരിക്കും. എന്നാൽ ഒരു ചെറിയ ഉറക്കം പോലും കണ്ണിനുള്ളിൽ സങ്കീർണ്ണമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പറയുകയാണ് ഡോ. കുനാൽ സൂദ്. അനസ്‌തേഷ്യോളജിസ്റ്റും ഇൻ്റർവെൻഷണൽ പെയിൻ മെഡിസിൻ ഫിസിഷ്യനുമായ ഡോ. കുനാൽ സൂദ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം വിശദീകരിച്ചത്.

കോൺടാക്റ്റ് ലെൻസുകൾ ധരിച്ച് ഉറങ്ങുന്നത് ഗുരുതരമായ കോർണിയൽ അണുബാധകൾക്കുള്ള അപകടസാധ്യത ഗണ്യമായി വർധിപ്പിക്കുമെന്നും അത് ഒഴിവാക്കേണ്ട ഒരു ശീലമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ചിലത് നിങ്ങളുടെ കാഴ്ചയ്ക്ക് ഭീഷണിയാവാനും സാധ്യതയുണ്ട്. കോൺടാക്റ്റ് ലെൻസുകൾ സ്വാഭാവികമായും കോർണിയയിലേക്ക് എത്തുന്ന ഓക്സിജൻ്റെ അളവ് കുറയ്ക്കും, ഉറങ്ങുമ്പോൾ അവ ധരിക്കുന്പോൾ ഓക്സിജൻ ഒഴുക്ക് കൂടുതൽ തടയപ്പെടുകയാണ് ചെയ്യുന്നത്. ഇത് കണ്ണിൻ്റെ ഉപരിതലത്തെ ദുർബലപ്പെടുത്തുകയും ദോഷകരമായ ബാക്ടീരിയകൾക്ക് അണുബാധയുണ്ടാക്കാൻ സാഹചര്യമൊരുക്കുകയും ചെയ്യുന്നു. 

"ഏറ്റവും വലിയ ആശങ്കകളിൽ ഒന്നാണ് മൈക്രോബിയൽ കെരാട്ടൈറ്റിസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥ, ഇത് കോർണിയയിലെ ഒരു അണുബാധയാണ്, ഇത് ചിലപ്പോൾ കോർണിയൽ അൾസറിലേക്ക് വഴിവെക്കാം. ഗുരുതരമായ സന്ദർഭങ്ങളിൽ, കോർണിയൽ അൾസറുകൾ സ്ഥിരമായ പാടുകളുണ്ടാക്കുകയും കാഴ്ചയെ ബാധിക്കുകയുമൊക്കെ ചെയ്യും. വല്ലപ്പോഴും മാത്രമാണ് ലെൻസ് ധരിച്ച് ഉറങ്ങുന്നതെങ്കിൽ പോലും അപകടസാധ്യത കൂടുതലാണ്."

ഈ സങ്കീർണതകളെല്ലാം അൽപം ശ്രദ്ധിച്ചാൽ തടയാവുന്നതേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

"സന്തോഷവാർത്ത എന്തെന്നാൽ, ഈ സങ്കീർണ്ണതകളിൽ ഭൂരിഭാഗവും തടയാൻ കഴിയും. ഉറങ്ങുന്നതിന് മുമ്പ്  കോൺടാക്റ്റ് ലെൻസുകൾ ഊരിമാറ്റുക, നല്ല ശുചിത്വം പാലിക്കുക, ചുവപ്പ്, വേദന, പ്രകാശത്തോടുള്ള സംവേദനക്ഷമത അല്ലെങ്കിൽ മങ്ങിയ കാഴ്ച എന്നിവയുണ്ടായാൽ പെട്ടെന്നു തന്നെ ചികിത്സതേടുക. ലെൻസുകൾ ശരിയായി ഉപയോഗിക്കുമ്പോൾ വളരെ സുരക്ഷിതമാണ്"- അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi