സിനിമാ ലോകത്ത് 30 വർഷം പൂർത്തിയാക്കുകയാണ് നടി റാണി മുഖർജി. തന്റെ സിനിമാ യാത്രയെക്കുറിച്ച് 'ഗലാട്ട പ്ലസ്'ന് നൽകിയ അഭിമുഖത്തിൽ താരം ബോളിവുഡിലെ ഖാൻമാർക്കൊപ്പം പ്രവർത്തിച്ച അനുഭവങ്ങളും പങ്കുവെച്ചിരുന്നു. ആമിർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവർക്കൊപ്പം അഭിനയിച്ച സിനിമകളും ഷൂട്ടിങ് അനുഭവങ്ങളും താരം ഓർത്തെടുത്തു.

1998-ൽ പുറത്തിറങ്ങിയ 'ഗുലാം' എന്ന ചിത്രത്തിലാണ് ആമിർ ഖാനൊപ്പം റാണി ആദ്യമായി പ്രവർത്തിച്ചത്. "ആമിറിനെ കാണുന്നതും അദ്ദേഹത്തിനൊപ്പം 'ഗുലാമി'ൽ പ്രവർത്തിച്ചതും അവിശ്വസനീയമായ ഒന്നായിരുന്നു. കുട്ടിക്കാലത്ത് 'ഖയാമത്ത് സേ ഖയാമത്ത് തക്' കണ്ടപ്പോൾ മുതൽ എനിക്ക് അദ്ദേഹത്തോട് വലിയ ആരാധന ഉണ്ടായിരുന്നു. ആ സിനിമയിൽ അദ്ദേഹം വളരെ ക്യൂട്ട് ആയിരുന്നു. അതുപോലെ തന്നെ എനിക്ക് ജൂഹി ചൗളയെയും വലിയ ഇഷ്ടമായിരുന്നു," റാണി പറഞ്ഞു.

ഒരു കൗമാരപ്രായക്കാരിയായിരിക്കെ ഇത്രയും വലിയൊരു താരത്തോടൊപ്പം അഭിനയിക്കുന്നത് ആവേശകരവും പ്രചോദനപരവുമായിരുന്നു എന്ന് താരം കൂട്ടിച്ചേർത്തു. "ഓരോ ഷോട്ടിലും അദ്ദേഹം പുലർത്തുന്ന ആത്മസമർപ്പണവും ഗൗരവവും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. സിനിമയിലെ എന്റെ തുടക്കകാലമായിരുന്നു അത്, അതുകൊണ്ടുതന്നെ ആ ഗുണങ്ങളെല്ലാം ഞാൻ മാതൃകയാക്കി." 

'ഗുലാമി'ന് ശേഷം 'കുച്ച് കുച്ച് ഹോതാ ഹേ', 'ചൽത്തേ ചൽത്തേ' തുടങ്ങിയ ഐക്കോണിക് സിനിമകളിൽ ഷാരൂഖ് ഖാനൊപ്പം റാണി അഭിനയിച്ചു.

"എന്റെ ആദ്യ ചിത്രമായ 'രാജാ കി ആയേഗി ബാരാത്ത്' ചിത്രീകരിക്കുന്ന സമയത്താണ് 'ഡി.ഡി.എൽ.ജെ' (ദിൽ വാലെ ദുൽഹനിയ ലേ ജായേങ്കേ) പുറത്തിറങ്ങുന്നത്. ഈ രണ്ട് മെഗാസ്റ്റാറുകൾക്കൊപ്പം പ്രവർത്തിക്കുന്നത് ഒരു സ്വപ്നം പോലെയാണ് തോന്നിയത്," റാണി പറഞ്ഞു. ഷാരൂഖ് ഖാന്റെ കരുതലും സ്നേഹവുമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും താരം വെളിപ്പെടുത്തി.

"ഷാരൂഖ് ഖാൻ വളരെ സൗമ്യനും സെൻസിറ്റീവുമായ വ്യക്തിയാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ എനിക്ക് കേവലം 18 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം എന്നെ ഒരു കുഞ്ഞിനെപ്പോലെയാണ് കണ്ടിരുന്നത്. ഇന്നും അദ്ദേഹം എന്നെ 'ബേബി' എന്നാണ് വിളിക്കുന്നത്,"

ആമിറിൽ നിന്നും ഷാരൂഖിൽ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു സൽമാൻ ഖാനൊപ്പമെന്ന് റാണി പറഞ്ഞു.

"സൽമാനെ കാണുന്നത് ഒരു '360-ഡിഗ്രി' മാറ്റമായിരുന്നു. അദ്ദേഹത്തിന്റെ ശൈലി തികച്ചും വ്യത്യസ്തമാണ്. വളരെ കൂൾ ആയി, ഒരു 'ബിന്ദാസ്' മനോഭാവത്തോടെയാണ് അദ്ദേഹം സെറ്റിലേക്ക് വരുന്നത്. അദ്ദേഹം ശ്രദ്ധിക്കുന്നില്ല എന്ന് നമുക്ക് തോന്നിയേക്കാം, പക്ഷേ അദ്ദേഹം കാര്യങ്ങളെല്ലാം കൃത്യമായി ശ്രദ്ധിക്കുന്നുണ്ടാകും."

സൽമാൻ ഖാൻ തന്റെ അധ്വാനത്തെ പുറത്ത് കാണിക്കാറില്ലെന്ന് റാണി വിശദീകരിച്ചു. "അദ്ദേഹം സെറ്റിലേക്ക് വരുമ്പോൾ എല്ലാവരും നോക്കിനിന്നുപോകും. ജോലിയിൽ അദ്ദേഹം വളരെ ലാഘവത്വം കാണിക്കാറുണ്ട്, പക്ഷേ കഠിനാധ്വാനിയാണ്. അത് അദ്ദേഹം മറ്റുള്ളവരെ അറിയിക്കാറില്ലെന്ന് മാത്രം," റാണി പറഞ്ഞു.

വ്യത്യസ്തമായ ശൈലികളാണെങ്കിലും മൂന്ന് പേരും സിനിമയെ ഒരുപോലെ സ്നേഹിക്കുന്നവരാണെന്നും റാണി മുഖർജി പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi