താൻ പരസ്യമായി പറയുന്നതെന്തും ഒരു പ്രശ്‌നമായി മാറുകയാണെന്ന് സൂപ്പർസ്റ്റാർ രജനീകാന്ത്. കമൽഹാസൻ നിർമിക്കുന്ന രജനീകാന്ത് ചിത്രമായ 'ധർമ്മന്റെ' ടൈറ്റിൽ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു രജനി. ''ആരെങ്കിലും എന്നെ സംസാരിക്കാൻ വിളിച്ചാൽ, എന്തെങ്കിലും പറയാൻ എനിക്ക് മടി തോന്നുന്നു. കാരണം ഞാൻ സംസാരിക്കുമ്പോഴെല്ലാം അത് നിങ്ങൾക്കോ എനിക്കോ ഒരു പ്രശ്നമായി മാറുന്നു. ഞാൻ മിണ്ടാതിരുന്നാൽ, അവർ എന്നെ കളിയാക്കും. എന്തുകൊണ്ടാണ് അദ്ദേഹം സംസാരിക്കാത്തത്? അദ്ദേഹത്തിന്റെ വായിലെന്താ കൊഴുക്കട്ടൈ (കൊഴുക്കട്ട) ഉണ്ടോ? എന്ന് ചോദിക്കും'', രജനീകാന്ത് പറയുന്നു.
''ഞാൻ സംസാരിച്ചാൽ ചിലർ പറയും, അദ്ദേഹം എന്താണ് ഈ പറയുന്നതെന്ന്. മറ്റു ചിലർ പറയും, അദ്ദേഹം സംസാരിക്കാൻ പാടില്ലായിരുന്നു എന്ന്. ഇത്രയും വർഷത്തെ അനുഭവത്തിനുശേഷം, എനിക്കൊരു കാര്യം മനസ്സിലായി: നമ്മളെ ഇഷ്ടപ്പെടാത്ത ആളുകൾ നമ്മളെ ഇഷ്ടപ്പെടില്ല, നമ്മൾ എന്ത് ചെയ്താലും''.
Also Read
തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുമായി ബന്ധപ്പെട്ടുണ്ടായ ചില പ്രശ്‌നങ്ങളെക്കുറിച്ചാണ് രജനി സംസാരിച്ചതെന്ന് വ്യക്തം. രജനിക്ക് വിജയ്‌യുമായി അടുപ്പമില്ലെന്ന വാർത്തകൾ കുറച്ചുകാലമായി തമിഴ്‌നാട്ടിൽ സജീവമാണ്. വിജയ്‌യുടെ അവസാനചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധേയമായ 'ജനനായകൻ' (Jana Nayagan) തിയേറ്ററിലെത്തുന്നതിനുമുമ്പേ തന്നെ ഓൺലൈനിലൂടെ ചോർന്നിരുന്നു. അതിനെക്കുറിച്ച് രജനീകാന്തിനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ഒന്നും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ''എനിക്കതിനെക്കുറിച്ച് ഒന്നും പറയാനില്ല'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ നടൻമാരായ ചിരഞ്ജീവിയും വിശാലും സിനിമ ചോർന്നതിനെതിരെ ശക്തമായി രംഗത്തെത്തി. അതിനുശേഷമാണ് രജനീകാന്തും ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ''സിനിമ ചോർന്നത് വേദനാജനകം'' എന്നായിരുന്നു ആ പ്രതികരണം.
തമിഴ്‌നാട് തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ച്, വിജയ്‌യുടെ പാർട്ടി വമ്പൻവിജയം നേടിയശേഷവും രജനീകാന്ത് അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നില്ല. സിനിമാമേഖലയിലെ മറ്റുള്ളവരെല്ലാം വിജയ്‌യെ അഭിനന്ദിച്ചപ്പോഴും രജനി അതിൽനിന്ന് വിട്ടുനിന്നു. വിജയ്‌യുടെ വിജയത്തിൽ രജനി സന്തുഷ്ടനല്ലെന്ന് അപ്പോൾ ചിലർ പറഞ്ഞുപരത്തി. ഇതിന്റെ പേരിൽ രജനി രൂക്ഷമായി വിമർശിക്കപ്പെടുകയും ചെയ്തു. അതിന്റെ പശ്ചാത്തലത്തിൽ ഈ വർഷം മെയ് മാസത്തിൽ രജനീകാന്ത് പോയസ് ഗാർഡനിലെ തന്റെ വീട്ടിൽ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടിയിരുന്നു.
അന്ന് തനിക്കെതിരെ വന്ന ആരോപണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ''വിജയ് മുഖ്യമന്ത്രിയാവരുതെന്ന് ഞാൻ പറഞ്ഞെന്നും അതിനായി രണ്ടു പ്രമുഖപാർട്ടികളെ ലയിപ്പിക്കാൻ ഞാൻ ശ്രമിക്കുകയാണെന്നും കിംവദന്തികളുണ്ടായി. ചിലർ പറയുന്നത് ഞാൻ വിജയ്‌യെ അഭിനന്ദിച്ചില്ലെന്നാണ്. മറ്റൊന്നിനെക്കുറിച്ച് അനാവശ്യമായി സംസാരിക്കാൻ മാത്രം വിലകുറഞ്ഞതോ നിലവാരം കുറഞ്ഞതോ ആയ ആളല്ല രജനി. വിജയ് മുഖ്യമന്ത്രിയായി എന്ന് കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി, എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. പക്ഷേ ഞാൻ ഫോണിലൂടെ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഇതൊന്നുമറിയാതെയാണ് പലരും വിമർശിച്ചത്. ഞാൻ രാഷ്ട്രീയത്തിൽ പോലുമില്ല. പിന്നെന്തിനാണ് എനിക്ക് വിജയ്‌യോട് അസൂയതോന്നുന്നത്? ഒരുപക്ഷേ കമൽ (കമൽഹാസൻ) മുഖ്യമന്ത്രിയായാൽ എനിക്ക് അസൂയ തോന്നിയേക്കാം'', അന്ന് രജനി ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു. ''വിജയ്‌യും ഞാനും തമ്മിൽ 25 വർഷത്തെ ജനറേഷൻ ഗ്യാപ്പുണ്ട്. ഞങ്ങൾ തമ്മിൽ മത്സരിച്ചാൽ അത് നല്ലതായി തോന്നില്ല''. 52 വയസ്സുള്ളപ്പോൾ, എം.ജി.ആറിനേക്കാളും എൻ.ടി.ആറിനേക്കാളും കൂടുതൽ നേട്ടങ്ങൾ വിജയ് കൈവരിച്ചുവെന്നും രജനി പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rajinikanth addresses the public scrutiny surrounding his silence on political issues. Clarification provided regarding the rumors of jealousy towards CM Vijay.
Published: 25 Jun 2026, 03:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented