"മനുഷ്യരാശിയുടെ നീണ്ടകാല ചരിത്രത്തിൽ പേപ്പട്ടിവിഷബാധയുടെ അനുഭവകഥ പറയാൻ ഒരാളും ജീവിച്ചിരുന്നിട്ടില്ല"…... ( പ്രണയവും ഭൂതാവേശവും ,ഗബ്രിയേൽ ഗാർസിയ മാർകേസ്)

ഏറ്റവും വേദനാജനകവും അത്യന്തം ഭീതികരവുമായ മരണമാണ് പേവിഷബാധയേറ്റാൽ ഉണ്ടാവുക. ഈ വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്കത്തെയും ഗുരുതരമായി ബാധിച്ച്, രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാൽ അത്യധികം ദാരുണമായ മരണം ഉറപ്പാണ്.

സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരണപ്പെടുന്നവരിൽ ഭൂരിഭാഗവും ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാത്തവരാണ് എന്നതാണ് വസ്തുത. മുറിവേറ്റാൽ ഉടൻ ചെയ്യേണ്ട പ്രഥമശുശ്രൂഷയിൽ വരുന്ന അലംഭാവവും ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവെയ്പും വാക്സിനും സ്വീകരിക്കുന്നതിൽ വരുന്ന കാലതാമസവും രോഗസാധ്യത കൂട്ടും.

മൃഗങ്ങളിൽ നിന്നും കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്യുമ്പോൾ ആദ്യമിനിറ്റുകളിൽ ചെയ്യേണ്ടത് മുറിവേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുകയാണ്. പെെപ്പിൽ നിന്നും വെള്ളം മുറിവിൽ നേരിട്ട് പതിപ്പിച്ച് സോപ്പ് ഉപയോഗിച്ച് നന്നായി പതപ്പിച്ച് പത്ത്-പതിനഞ്ച് മിനിറ്റെങ്കിലും സമയമെടുത്ത് കഴുകണം. മുറിവ് വൃത്തിയാക്കാൻ വേണ്ടിയല്ല, മറിച്ച് മുറിവിൽ പുരണ്ട ഉമിനീരിൽ മറഞ്ഞിരിക്കുന്ന അതിസൂക്ഷ്മവൈറസുകളെ നിർവീര്യമാക്കാൻ വേണ്ടിയാണ് ഇങ്ങനെ കഴുകുന്നത്.

റാബിസ് വൈറസിന്‍റെ പുറത്തുള്ള കൊഴുപ്പ് തന്മാത്രകൾ ചേര്‍ന്ന ഇരട്ട ആവരണത്തെ അലിയിപ്പിച്ച് കളഞ്ഞ് മുറിവിൽ നിക്ഷേപിക്കപ്പെട്ട 90 - 95 ശതമാനത്തോളം വൈറസുകളെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിന്‍റെ രാസഗുണത്തിലുണ്ട്. ഈ രീതിയിൽ യഥാസമയത്ത് ചെയ്യേണ്ട പ്രഥമശുശ്രൂഷയുടെ അഭാവമാവാം ഒരുപക്ഷേ പേവിഷ പ്രതിരോധ വാക്സിൻ സ്വീകരിച്ചവരിൽ രോഗബാധയുണ്ടാകാൻ ഇടയാക്കിയത്.

പലപ്പോഴും തല, കൺപോള, ചെവി പോലുള്ള ഭാഗങ്ങളിൽ കടിയേറ്റാൽ പലരും പേടികാരണം കൃത്യമായി കഴുകാറില്ല, ഇത് അപകടം വിളിച്ചു വരുത്തും. മുതിർന്നവരെ പട്ടി കടിക്കുന്നത് മിക്കപ്പോഴും കാലിലോ ശരീരത്തിന്റെ താഴെ ഭാഗങ്ങളിലോ ആകും. എന്നാൽ ഉയരം കുറവായതിനാൽ കുട്ടികളുടെ തലയിലോ കഴുത്തിലോ മുഖത്തോ ഒക്കെ പെട്ടെന്ന് കടിയേൽക്കാം.
പേവിഷ വൈറസിന്റെ ലക്ഷ്യസ്ഥാനമായ മസ്തിഷ്കത്തോട് അടുത്തുകിടക്കുന്ന തല, മുഖം, കഴുത്ത് എന്നിവിടങ്ങളിൽ കടിയേറ്റാൽ അഞ്ച് മിനിറ്റിനകം തന്നെ പരമാവധി സമയം സോപ്പുപയോഗിച്ച് കഴുകണം. കഴുകുമ്പോൾ വെറും കൈ കൊണ്ട് മുറിവിൽ സ്പർശിക്കുന്നത് ഒഴിവാക്കണം, പകരം കൈയ്യുറ ഉപയോഗിക്കാം. മുറിവ് എത്ര ചെറുതാണെങ്കിലും ഈ രീതിയിൽ പ്രഥമ ശുശ്രൂഷ ചെയ്യാതിരിക്കരുത്.

പ്രഥമശുശ്രൂഷ കഴിഞ്ഞാലുടൻ തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടണം. മുറിവോ മറ്റ് പോറലുകളോ ഇല്ലെങ്കിൽ പേവിഷ പ്രതിരോധത്തിനായുള്ള വാക്സിൻ (ഐ.ഡി.ആർ. വി.) എടുക്കേണ്ടതില്ല. തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയുണ്ടെങ്കിൽ വാക്സിനെടുക്കണം. 0, 3, 7, 28 ദിവസങ്ങളിൽ നാല് ഡോസ് വാക്സിനാണ് വേണ്ടത്. കടിയേറ്റ ദിവസം എടുക്കുന്ന വാക്സിനാണ് '0' ഡോസ് ആയി പരിഗണിക്കുന്നത്. ഒന്നോ രണ്ടോ വാക്സിനെടുത്ത് നിർത്താൻ പാടില്ല, മുഴുവൻ ഡോസും കൃത്യമായി പൂർത്തിയാക്കണം.

വാക്സിൻ എടുക്കുന്നതിലൂടെ ശരീരത്തിൽ പേവിഷവൈറസിനെ പ്രതിരോധിക്കാൻ കഴിവുള്ള ആന്റിബോഡികൾ എന്ന മാംസ്യതന്മാത്രകൾ രൂപപ്പെടും. കൃത്യസമയത്ത്, നിർദ്ദേശിക്കപ്പെട്ട ഷെഡ്യൂൾ പ്രകാരം എടുക്കുന്ന ആന്റിറാബീസ്‌ വാക്‌സിന് പേവിഷബാധയെ നൂറുശതമാനം പ്രതിരോധിക്കാൻ ഫലപ്രാപ്തിയുണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടാണ് ലോകാരോഗ്യ സംഘടന അടിയന്തര പ്രാധാന്യമുള്ള എമർജൻസി മെഡിസിൻ പട്ടികയിൽ ആന്റി റാബീസ് വാക്സിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.

മൃഗങ്ങളിൽ നിന്നുണ്ടാവുന്ന രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, വന്യമൃഗങ്ങളിൽ നിന്നേൽക്കുന്ന മുറിവ് എന്നിവ കൂടിയ പേവിഷ സാധ്യതയുള്ള കാറ്റഗറി 3-ൽ ഉൾപ്പെടുന്നു. ഉടനടി പ്രതിരോധം ഉറപ്പാക്കുന്ന ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിനും (ആന്റി റാബീസ് സിറം) തുടർന്ന് ആന്റിറാബീസ് വാക്സിനും ഇത്തരം കേസുകളിൽ നിർബന്ധമായും എടുക്കണം.

വൈറസിനെ വേഗത്തിൽ നേരിട്ട് പ്രതിരോധിക്കാനുള്ള കഴിവ് പേവിഷ പ്രതിരോധ ഘടകങ്ങൾ അടങ്ങിയ ഇമ്മ്യൂണോഗ്ലോബുലിനുണ്ട്. ആന്റിറാബീസ് വാക്‌സിൻ ശരീരത്തിൽ പ്രവർത്തിച്ച് പ്രതിരോധ ആന്റിബോഡികൾ ഉണ്ടായിവരാനെടുക്കുന്ന രണ്ടാഴ്ച വരെയുള്ള കാലയളവിൽ ഇമ്മ്യുണോഗ്ലോബുലിൻ വൈറസിൽ നിന്നും സുരക്ഷ ഉറപ്പാക്കും.

മുറിവേറ്റ ഉടനെ ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ സ്വീകരിക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട്. മുഖം, കഴുത്ത്, കൺപോള, ചെവി, കാൽവെളള, വിരലിന്റെ അറ്റം, ജനനേന്ദ്രിയം പോലുളള നാഡീതന്തുക്കൾ കൂടുതലുള്ള സ്ഥലങ്ങളിലാണ് കടിയേറ്റതെങ്കിൽ വൈറസ് വേഗത്തിൽ മസ്തിഷ്കത്തിലെത്തും. ഇത് തടയാൻ പരമാവധി ഒരു മണിക്കൂറിനകം തന്നെ ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കണം. രോഗിയുടെ തൂക്കത്തിനനുസരിച്ചാണ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകുന്നത്. മുറിവിന് ചുറ്റും നൽകുന്നതിനൊപ്പം പേശിയിൽ ആഴത്തിലും ഇമ്മ്യൂണോഗ്ലോബുലിൻ നൽകാറുണ്ട്.

മൃഗത്തിന്റ മാന്ത്/ കടി ഏറ്റ ശേഷം ഏറ്റവും കുറഞ്ഞ സമയത്തിനകം ഇമ്യൂണോഗ്ലോബുലിനും ആദ്യ ഡോസ് വാക്സിനും എടുക്കുക എന്നതാണ് പരമപ്രധാനം. എന്നാൽ മൃഗങ്ങളിൽ നിന്ന് കടി/ മാന്ത് ഏറ്റിട്ടും ഏതെങ്കിലും കാരണവശാൽ സമയബന്ധിതമായി പ്രതിരോധ കുത്തിവെയ്പ് എടുക്കാൻ വിട്ടുപോയിട്ടുണ്ടങ്കിൽ പിന്നീടാണെങ്കിലും വാക്സിനെടുക്കുന്നതിൽ ജാഗ്രത പുലർത്തണം. വൈറസ് മസ്തിഷ്ക്കത്തിലെത്തി ലക്ഷണങ്ങൾ പ്രകടമാവും മുൻപെടുക്കുന്ന വാക്സിന് ജീവന്റെ വിലയുണ്ട്. 

പട്ടി, പൂച്ച ഇവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർ, പെറ്റ് ഷോപ്പുകളിലെയും കെന്നലുകളിലെയും കാറ്ററികളിലെയും ജീവനക്കാർ, മൃഗശാല ജീവനക്കാര്‍, വനം വകുപ്പ് ജീവനക്കാർ ഉൾപ്പെടെ വന്യമൃഗങ്ങളുമായി ഇടപഴുകുന്നവർ വെറ്ററിനറി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവർ റാബീസ് വൈറസുമായി നിരന്തരം സമ്പർക്കം ഉണ്ടാവാൻ ഇടയുള്ള ഹൈറിസ്ക് വിഭാഗത്തിൽ പെട്ടവരാണ്.

ഈ വിഭാഗത്തിൽ പെടുന്നവർ മുൻകൂറായി 0, 7 ,21/ 28 ദിവസങ്ങളിൽ പേവിഷ പ്രതിരോധകുത്തിവയ്പ്പ് (Pre exposure Prophylaxis) എടുക്കുന്നതും വർഷാവർഷം രക്തപരിശോധന നടത്തി സിറത്തിൽ ആന്റിബോഡിയുടെ അളവ് നിർണയിച്ച ശേഷം ആവശ്യമെങ്കിൽ ബൂസ്റ്റർ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നതും ഉചിതമാണ്. മുൻകൂറായി 0, 7 , 28 ദിവസങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ പ്രതിരോധശേഷിയെ ഉണർത്തുന്നതിനായി 0, 3 ദിവസങ്ങളിൽ രണ്ട് ഡോസ് കുത്തിവയ്പ്പ് ഒരു വശത്തു മാത്രം എടുത്താൽ മതി. ഇവർ ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല.‌

വീട്ടിൽ വളർത്തുന്നതോ പരിചയമുള്ളതോ ആയ, പ്രതിരോധ കുത്തിവെയ്പുകള്‍ പൂര്‍ണ്ണമായും എടുത്ത നായയില്‍ നിന്നോ പൂച്ചയില്‍ നിന്നോ കടിയോ മാന്തോ ഏറ്റാലും നിര്‍ബന്ധമായും വാക്സിനേഷന്‍ എടുക്കണം. എന്റെ പൂച്ചയോ നായയോ വീട് വിട്ട് മറ്റൊരിടത്തും പോവാറില്ല, മറ്റ് മൃഗങ്ങളുമായി യാതൊരു സമ്പർക്കവും ഉണ്ടാവാറില്ല എന്നൊക്കെയുള്ള വാദങ്ങൾ വെറുതെയാണ്. സമ്പർക്കം എന്നത് ഇണചേരൽ, കടിപിടി കൂടൽ, മാന്തൽ, കടിയേൽക്കൽ, ശരീരത്തിലോ മുറിവിലോ നക്കൽ ഇങ്ങനെ പല വിധത്തിൽ ആകാം. ഈ രീതിയിൽ അരുമകൾക്ക് പേവിഷബാധ ഉള്ള മൃഗങ്ങളുമായി ഒരു സമ്പർക്കവും ഉണ്ടായിട്ടില്ല എന്ന് ഉറപ്പിച്ച് പറയൽ പ്രയാസകരമാണ്.

പ്രതിരോധ കുത്തിവെയ്പുകള്‍ എടുത്ത മൃഗങ്ങള്‍ ആണെങ്കില്‍ തന്നെയും ഇവ പൂര്‍ണ്ണമായും പേവിഷബാധയ്ക്കെതിരെ പ്രതിരോധം കൈവരിച്ചവയാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല.വാക്സിൻ എടുക്കുന്നതിനൊപ്പം കടിച്ച നായയേയോ, പൂച്ചയേയോ പത്ത് ദിവസം നിരീക്ഷിക്കുകയും വേണം. പത്തുദിവസത്തെ നിരീക്ഷണം എന്നത് നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മാത്രം ബാധകമായ സമയപരിധിയാണ് എന്നത് പ്രത്യേകം ഓർക്കുക.

നായ്ക്കളും പൂച്ചകളും പേവിഷ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങുന്നതിന് 4 - 5 ദിവസം മുൻപ് മുതൽ തന്നെ അവയുടെ ഉമിനീരിൽ വൈറസ് സാന്നിധ്യം ഉണ്ടാവും. ലക്ഷണം കാണിച്ച് തുടങ്ങിയാൽ 4- 5 ദിവസത്തിനകം അവയിൽ മരണവും സംഭവിക്കും. പത്തുദിവസത്തെ നിരീക്ഷണം എന്നതിന് പിന്നിലെ ശാസ്ത്രം ഇതാണ്. പത്ത് ദിവസം നിരീക്ഷിച്ചിട്ടും നായക്കോ, പൂച്ചക്കോ മരണം സംഭവിച്ചിട്ടില്ലെങ്കില്‍ അവ പേവിഷബാധ ഏറ്റവയല്ലെന്ന് ഉറപ്പിക്കാം.

വാക്സിന്‍ എടുത്തവരെ പേവിഷബാധയ്ക്കെതിരെ മുന്‍കൂര്‍ പ്രതിരോധ കുത്തിവെയ്പ് സ്വീകരിച്ചവരായി പിന്നീട് പരിഗണിക്കുന്നതായിരിക്കും.കടിച്ച നായയെയോ പൂച്ചയേയോ പത്തുദിവസം നിരീക്ഷിച്ച് രോഗം ഉണ്ടോ ഇല്ലയോ എന്നറിഞ്ഞതിന് ശേഷം മാത്രം വാക്‌സിൻ എടുക്കാം എന്ന തീരുമാനവും വാക്സിൻ സ്വീകരിക്കുന്നതിൽ പുലർത്തുന്ന അലംഭാവവും ആപത്താണ്

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi