എല്ലാ ജീവികളിലും ലൈംഗികവൈവിധ്യങ്ങളുണ്ടെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. സ്വവര്‍ഗാനുരാഗവും ബൈസെക്ഷ്വാലിറ്റിയുമെല്ലാം മൃഗങ്ങള്‍ക്കിടയിലും സാധാരണയാണ്. കൗമാരക്കാരായ ജാപ്പനീസ് പെണ്‍ കുരങ്ങുകള്‍ക്കിടയിലും ഇങ്ങനെയൊരു പ്രത്യേകസ്വഭാവമുണ്ട്. പ്രദേശത്ത് സാധാരണയായി കാണുന്ന സിക്ക മാനുകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തോന്നലുണ്ടാക്കുന്ന എന്തോ ഒന്ന് അവരിലുണ്ട്. ഇതിന്റെ കാരണങ്ങള്‍ ഇതുവരെ ഗവേഷകര്‍ക്ക് കണ്ടുപിടിക്കാനായിട്ടില്ല.

To advertise here,

ആര്‍ക്കൈവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയര്‍ എന്ന ജേണലില്‍ എട്ടുവര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. കുരങ്ങുകള്‍ സിക മാനുകളുടെ പുറകില്‍ കയറി സവാരി ചെയ്യുന്നത് പലപ്പോഴും ശീലമാക്കിയതാണ്. പക്ഷേ ഗവേഷകര്‍ പറയുന്നത് ഇത് ലൈംഗിക സ്വഭാവമുള്ളതാണെന്നാണ്. മാനുകളുടെ ശരീരത്തില്‍ കയറുമ്പോള്‍ കുരങ്ങുകള്‍ പ്രകടമാക്കുന്ന ലൈംഗികചേഷ്ടകളാണെന്ന് ഗവേഷകര്‍ പറയുന്നു. ജാപ്പനീസ് കുരങ്ങുകളില്‍ ഒരുപക്ഷേ അടുത്തകാലത്തുമാത്രം വന്ന ലൈംഗിക ട്രന്‍ഡായിരിക്കാമതെന്നും അവര്‍ പറയുന്നു.  

2014-ലാണ് ഇത്തരമൊരു സ്വഭാവം കണ്ടുതുടങ്ങിയത്. അവരുമായി അടുത്തിടപഴകുന്ന പ്രാദേശികര്‍ പക്ഷേ ഇക്കാര്യം അധികമൊന്നും ശ്രദ്ധിച്ചിട്ടില്ല. അതേസമയം, എല്ലാ മാനുകളും ഇതിന് സമ്മതിക്കാറില്ലെന്നതാണ് മറ്റൊരു കാര്യം. സംഘം നടത്തിയ നിരീക്ഷണത്തില്‍ 13 ജോഡികള്‍ പരസ്പരസഹകരണത്തോടെ അടുപ്പം പുലര്‍ത്തുന്നതായി കണ്ടെത്തി. അതില്‍ ഒന്നൊഴികെ മറ്റെല്ലാം മുതിര്‍ന്ന ആണ്‍മാനുകളായിരുന്നു. എട്ടു ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. പെണ്‍മാനുകളോ പ്രായപൂര്‍ത്തിയാവാത്ത ആണ്‍മാനുകളോ ആണ് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത്. കുരങ്ങുകളെ അവര്‍ കുടഞ്ഞെറിയുകയോ അവിടെനിന്ന് ഓടിപ്പോവുകയോ ചെയ്തു. പ്രത്യുത്പാദനസീസണിലാണ് കുരങ്ങുകള്‍ ഈ പ്രവണത കാണക്കുന്നതെന്നതും പ്രധാനമാണ്.