ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയിലേക്ക് വന്‍ജനാവലി ഒഴുകുകയാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് കോടിക്കണക്കിന് ആളുകള്‍ പുണ്യസ്‌നാനത്തിന് എത്തിക്കൊണ്ടേയിരിക്കുന്നു. ബോളിവുഡ് താരങ്ങളും രാഷ്ട്രീയക്കാരും മോഡലുകളുമെല്ലാം ഇതിലുള്‍പ്പെടും. നടിയും മോഡലുമായ പൂനം പാണ്ഡേ വ്യാഴാഴ്ച കുംഭമേളയിലെത്തി അമൃതസ്‌നാനം ചെയ്തു. 

കുംഭമേളയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പൂനം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ടത്. 'ശക്തി ക്ഷയിച്ചാലും വിശ്വാസം അങ്ങനെയാവരുത്' എന്ന അടിക്കുറിപ്പാണ്‌ ഒരു ചിത്രത്തിന് നല്‍കിയത്. 'എന്റെ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞുവെന്ന്' മറ്റൊരു പോസ്റ്റിന് അവര്‍ കുറിപ്പിട്ടു. നേരത്തേ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് പൂനം പാണ്ഡേ അന്തരിച്ചെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ വന്ന വാര്‍ത്ത ബോളിവുഡിനെയാകമാനം ഞെട്ടിച്ചു. ഒട്ടേറെ താരങ്ങളക്കം അനുശോചനവുമായി രംഗത്തെത്തി. ദേശീയമാധ്യമങ്ങള്‍ വരെ മരണവാര്‍ത്ത സ്ഥിരീകരിച്ചു. എന്നാല്‍ താരംതന്നെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. സെര്‍വിക്കല്‍ ക്യാന്‍സറിനെപ്പറ്റി അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നത്രേ ഇങ്ങനെയൊരു നീക്കം. സംഭവം വിവാദമായതോടെ പൂനം തന്നെ നേരിട്ട് ക്ഷമാപണവുമായെത്തി. 

നടിയും രാഷ്ട്രീയക്കാരിയുമായ ഹേമ മാലിനി, സംവിധായകന്‍ കബീര്‍ ഖാന്‍, ബോക്‌സിങ് താരം മേരി കോം എന്നിവരും കുംഭമേളയ്‌ക്കെത്തിയിരുന്നു. കോള്‍ഡ് പ്ലേയിലെ ലീഡ് സിങ്ങറായ ക്രിസ് മാര്‍ട്ടിനും കാമുകി ഡകോട്ട ജോണ്‍സണും ദിവസങ്ങള്‍ക്കുമുമ്പ് മഹാകുംഭമേളയില്‍ പങ്കെടുത്തു. മിലിന്ദ് സോമന്‍, റെമോ ഡിസൂസ, രാജ്പാല്‍ യാദവ്, ഹിമാന്‍ഷ് കോഹ്ലി, രോഹിത് വര്‍മ, ശങ്കര്‍ മഹാദേവന്‍, അവിനാശ് തിവാരി, അനുപം ഖേര്‍, ആദ ശര്‍മ, മംമ്ത കുല്‍ക്കര്‍ണി, തുടങ്ങിയവരും നേരത്തേ സ്‌നാനത്തിനെത്തി. 

2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ജയിച്ചാല്‍ നഗ്നത പ്രദര്‍ശിപ്പിക്കുമെന്ന വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തതോടെയാണ് പൂനം പാണ്ഡേ ചര്‍ച്ചയാവുന്നത്‌. അടുത്ത വര്‍ഷം തന്റെ പ്രിയപ്പെട്ട ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ നേടിയപ്പോള്‍ നഗ്‌നചിത്രം പോസ്റ്റ് ചെയ്തു. പിന്നീടുള്ള വര്‍ഷങ്ങള്‍ വിവാദ പ്രസ്താവനകളിലൂടെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമുണ്ടാക്കി. 37 ലക്ഷത്തോളം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ അവരെ പിന്തുടരുന്നത്.