കുംഭമേളയിലെ ചാരക്കണ്ണുകളുള്ള സുന്ദരി മൊണാലിസ പ്രണയദിനത്തില്‍ കോഴിക്കോടെത്തുമെന്ന് റിപ്പോര്‍ട്ട്. ബോബി ചെമ്മണൂരിനൊപ്പമാണ് മൊണാലിസ ഭോസ്ലെ കേരളത്തിലെത്തുന്നതെന്നാണ് വിവരം. കോഴിക്കോടേക്ക് താന്‍ വരുന്നുവെന്ന് മൊണാലിസ പറയുന്ന വീഡിയോ പേജിലും ബോബി ചെമ്മണൂരിന്റെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാവിലെ പത്തരയോടെ ചെമ്മണൂരിലെത്തുമെന്നാണ് പോസ്റ്റിനു താഴെ കുറിച്ചിരിക്കുന്നത്. അഞ്ചു ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

To advertise here,

മഹാകുംഭമേളയില്‍ രുദ്രാക്ഷം വില്‍ക്കുന്നതിനിടെ യൂട്യൂബര്‍മാര്‍ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതോടെയാണ് 16-കാരിയായ മൊണാലിസയെ ലോകം ശ്രദ്ധിക്കുന്നത്. ആകര്‍ഷകമായ കണ്ണുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പ്രശസ്തി ഒരു ഘട്ടത്തില്‍ മൊണാലിസയെ ആളുകള്‍ ഉപദ്രവിക്കുന്ന തലത്തില്‍ വരെയെത്തി. ആളുകള്‍ എപ്പോഴും വട്ടംകൂടിയതോടെ പ്രയാഗ്രാജില്‍ നിന്ന് അച്ഛന്‍ അവളെ മധ്യപ്രദേശിലെ വീട്ടിലേക്ക് പറഞ്ഞുവിടുകപോലും ചെയ്തിരുന്നു.

ഇന്ദോറിലെ മഹേശ്വര്‍ എന്ന ചെറുനഗരത്തില്‍ നിന്നാണ് മൊണാലിസ വരുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള വലിയ സംഘത്തോടൊപ്പം മൊണാലിസയും കുടുംബവും കച്ചവടത്തിനായി പുറപ്പെടുകയായിരുന്നു. വളരെ സാധാരണജീവിതം നയിക്കുന്ന ഒരു വ്യക്തി വൈകാതെ ലോകപ്രശസ്തയായി. 


മൊണാലിസയെത്തേടി സിനിമാ അവസരവും വന്നു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന 'ദി ഡയറി ഓഫ് മണിപ്പൂര്‍' എന്ന ചിത്രത്തിലൂടെയാണ് മൊണാലിസ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിന്റെ സംസ്‌കാരവും ചരിത്രവും പ്രമേയമാകുന്ന ചിത്രമായിരിക്കുമിത്. മൊണാലിസയുടെ റോളെന്തായിരിക്കുമെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.