പുതുവത്സരം വന്നാൽ നമ്മൾ എല്ലാവരും നിരവധി പുതിയ തീരുമാനങ്ങളെടുക്കാറുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം, കൂടുതൽ നടക്കണം, നേരത്തെ ഉറങ്ങണം, ജീവിതം കുറച്ച് കൂടി ക്രമത്തിലാക്കണം... ഇത്തരത്തിലുള്ള എന്ത് തീരുമാനം എടുത്താലും സ്ത്രീകളിൽ പലരും ബുദ്ധിപൂർവ്വം ഒഴിവാക്കുന്ന ഒന്നുണ്ട്. പണത്തെക്കുറിച്ചുള്ള തീരുമാനം.

പണം നമ്മുടെ കയ്യിലില്ലാത്തതുകൊണ്ടോ പണമിടപാടുകൾ നടത്താത്തതുകൊണ്ടോ ഒന്നുമല്ല ഇത്. സാമ്പത്തിക കാര്യങ്ങളൊക്ക നോക്കുക മടുപ്പാണ്. കഠിനമാണ്'', ''അത് നമ്മുടെ മേഖലയല്ല'', ''വീട്ടിലെ ആരെങ്കിലും നോക്കിക്കോളും'' എന്ന ചിന്താഗതികൊണ്ടാണ്. അല്ലെങ്കിൽ അങ്ങനെയൊക്കെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിൽ നമ്മളെ വളർത്തിയെടുത്തതുകൊണ്ടാണ്. എന്നാൽ സത്യം ഇതൊന്നുമല്ല. സന്തോഷകരമായ സാമ്പത്തിക ജീവിതം വലിയ ശമ്പളമോ വരുമാനമോ ഉണ്ടായതുകൊണ്ട് മാത്രം ലഭിക്കണമെന്നില്ല. ചെറുതെങ്കിലും ബോധപൂർവമായ, തുടർച്ചയുള്ള തീരുമാനങ്ങളിലൂടെയാണ് അത് രൂപപ്പെടുന്നത് - നമ്മൾ തന്നെ എടുക്കുന്ന തീരുമാനങ്ങൾ.

ഈ പുതുവത്സരത്തിൽ ഒരു സ്ത്രീയുടെ ജീവിതത്തിൽ യഥാർത്ഥ മാറ്റം ഉണ്ടാക്കാൻ സഹായിക്കുന്ന പത്ത് സാമ്പത്തിക തീരുമാനങ്ങൾ എടുക്കാം.

1. എന്റെ പണം എവിടേക്ക് പോകുന്നു എന്നത് ഞാൻ വ്യക്തമായി അറിയും

ഈ ആദ്യ തീരുമാനം വളരെ ലളിതമായ ഒന്നാണ് - പണത്തിന്റെ പോക്കുവരവിനെ ക്ലോസായി വാച്ച് ചെയ്യുക. ഏകദേശ കണക്കുകൾ മനസ്സിൽ ഓർത്തുവെച്ചിരിക്കുന്നതുകൊണ്ട് മാത്രം കാര്യമില്ല. മാസം പതിനയ്യായിരം രൂപ വരുമാനം ഉണ്ടെങ്കിലും ഒരു ലക്ഷം രൂപയുണ്ടെങ്കിലും, ഓരോ രൂപയും എവിടെയാണ് പോകുന്നത് എങ്ങനെയാണ് ചെലവാകുന്നത് എന്ന് അറിയണം. പല സാമ്പത്തിക സമ്മർദ്ദങ്ങൾക്കും കാരണം വരുമാനമില്ലാത്തതുകൊണ്ടല്ല. ലഭിച്ച വരുമാനം എവിടേക്ക് പോകുന്നു എന്നറിയാത്തതുകൊണ്ടാണ്.

2. കൃത്യമായ ബജറ്റ് ഉണ്ടാകും

എല്ലാത്തിനും ഒരു ബജറ്റ് വേണം എന്നുപറഞ്ഞാൽ പിശുക്കാനോ സന്തോഷങ്ങൾ ഒഴിവാക്കാനോ വേണ്ടിയല്ല. ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും പരിഗണിച്ചുള്ള വ്യയശീലവും ക്രമീകരണവും ഉണ്ടെങ്കിൽ കുറ്റബോധമില്ലാതെ പണം ഇഷ്ടാനുസരണം ചിലവഴിക്കാൻ സ്ത്രീകൾക്ക് കഴിയും.

3. എമജൻസി ഫണ്ട് ഉണ്ടാക്കും

ജീവിതത്തിലെ പ്രതിസന്ധികൾ മുൻകൂട്ടി അറിയിച്ചെത്തുന്നതല്ല. അസുഖങ്ങൾ, ജോലി നഷ്ടം, കുടുംബ പ്രശ്‌നങ്ങൾ - എല്ലാം അപ്രതീക്ഷിതമാണ്. കുറഞ്ഞത് ആറുമാസത്തെ ചെലവുകൾക്കുള്ള തുക എമർജൻസി ഫണ്ട് ആയി മാറ്റിവെക്കുക എന്നത് ആഡംബരമല്ല; അത് ആത്മവിശ്വാസമാണ്. ചെറിയ തുകകൊണ്ടായായാലും തുടങ്ങുകവൈകിക്കരുത്.

4. ഇൻഷുറൻസിനെയും നിക്ഷേപത്തിനെയും കൂട്ടി കുഴക്കില്ല

ഇൻഷുറൻസ് പോളിസി വാങ്ങിയാൽ വലിയൊരു നിക്ഷേപം നടത്തിയെന്ന് കരുതുന്ന സ്ത്രീകൾ ഇപ്പോഴും ഏറെയാണ്. ഇൻഷുറൻസ് സംരക്ഷണത്തിനാണ്, ലാഭത്തിനല്ല. നല്ല ഒരു ടേം ഇൻഷുറൻസും ഹെൽത്ത് ഇൻഷുറൻസും അനിവാര്യമാണ്.അക്കാര്യം തിരിച്ചറിയണം.

5. തുക എത്ര ചെറുതായാലും വിവിധ നിക്ഷേപങ്ങൾ ഈ വർഷം ആരംഭിക്കും.

''ഇപ്പോൾ സമയം ആയിട്ടില്ല'', ''കൂടുതൽ പണം വന്നിട്ട് തുടങ്ങാം'' എന്ന ചിന്ത ഏറ്റവും ചെലവേറിയ തെറ്റാണ്. നിക്ഷേപം എന്നത് കുറച്ചു തുകയല്ല, അതൊരു ശീലമാണ്. ഇന്ന് തുടങ്ങുന്ന ആയിരം രൂപയുടെ പ്രതിമാസ എസ്‌ഐപി വർഷങ്ങൾക്കുശേഷം തുടങ്ങുന്ന 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപിയേക്കാൾ കൂടുതൽ ലാഭം തരും.

6. അനാവശ്യ വായ്പകൾ ഒഴിവാക്കും

വായ്പ എടുക്കുന്നതും കടം വാങ്ങുന്നതും തെറ്റല്ല. എന്നാൽ നിയന്ത്രണമില്ലാത്ത കടം അപകടകരമാണ്. ക്രെഡിറ്റ് കാർഡുകൾ, 'ഇപ്പോൾ വാങ്ങൂ പിന്നെ അടയ്ക്കൂ' ഓഫറുകൾ, വ്യക്തിഗത വായ്പകൾ - ഇവ ഭാവിയിലെ വരുമാനം നിശബ്ദമായി വിഴുങ്ങും. ആവശ്യമില്ലാത്ത വായ്പകളോട് ആരൊക്കെ എന്തൊക്കെ പ്രലേഭിപ്പിച്ചാലും നോ എന്ന് പറയാൻ പഠിക്കുക.

7. ഭാവിയിലെ ലക്ഷ്യങ്ങളെ ഇന്നേ പ്ലാൻ ചെയ്യുക

പല സ്ത്രീകളും ഇന്നത്തെ കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നു. എന്നാൽ നാളേക്കുള്ള ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ മടിയാണ്. മക്കളുടെ വിദ്യാഭ്യാസം, വിരമിക്കൽ, കുടുംബ ഉത്തരവാദിത്തങ്ങൾ - എല്ലാം നിറവേറ്റാൻ മുൻകൂറായി തന്നെ വ്യക്തമായ പദ്ധതികൾ ആവശ്യമാണ്.

8. സംശയങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കും

സാമ്പത്തിക വിഷയങ്ങളിൽ 'മണ്ടൻ ചോദ്യം' എന്നൊന്നില്ല. എന്തെങ്കിലും മനസ്സിലായില്ലെങ്കിൽ ചോദിക്കണം. വളരെ ആകർഷകമായി തോന്നുന്ന നിക്ഷേപ പദ്ധതികളെ സംശയത്തോടെ സമീപിക്കണം. മൗനം പലപ്പോഴും പണം നഷ്ടപ്പെടുത്തും. അറിവില്ലാത്ത കാര്യങ്ങളെ ഒഴിവാക്കുകയല്ല അവയെക്കുറിച്ച് പഠിക്കുകയാണ് വേണ്ടത്.

9. കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ സജീവ പങ്കാളിയാകും

വരുമാനം ഉണ്ടോ ഇല്ലയോ എന്നത് പ്രശ്‌നമല്ല. കുടുംബത്തിലെ ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, വായ്പകൾ, ഇൻഷുറൻസ് - ഒന്നും അറിയാതെ ഇരിക്കരുത്. സാമ്പത്തിക കാര്യങ്ങളിൽ നിന്ന് അകറ്റപ്പെടുന്നത്, ഭാവിയിൽ വലിയ അനിശ്ചിതത്വത്തിന് കാരണമാകും.

10. സാമ്പത്തിക സ്വാതന്ത്ര്യം ആത്മാഭിമാനമാണെന്ന് ഉറച്ച് വിശ്വസിക്കും

സാമ്പത്തിക സ്വാതന്ത്ര്യം കലഹമല്ല, സ്വാർത്ഥതയുമല്ല. അത് ആത്മാഭിമാനമാണ്. നിലനിൽക്കാനോ മാറാനോ, ഇടവേള എടുക്കാനോ, വീണ്ടും തുടങ്ങാനോ സ്ത്രീക്ക് അവസരം നൽകുന്നതാണ് അത്. വീട്ടമ്മമാർക്കും വ്യക്തിഗത സമ്പാദ്യവും സാമ്പത്തിക അറിവുകളും ഉണ്ടാകണം.

ഈ പുതുവത്സരത്തിൽ ഒരു കാര്യം മനസ്സിൽ വെക്കുക: സന്തോഷകരമായ സാമ്പത്തിക ജീവിതം ഒരു ദിവസംകൊണ്ട് ഉണ്ടാകുന്നതല്ല. ഓരോ തീരുമാനത്തിലൂടെയും, ഓരോ ചെറു ചുവടിലൂടെയും ആണ് അതുണ്ടാകുക.

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi