ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സിനെപ്പറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് ബിൽ ഗേറ്റ്സിന്റെ മുൻഭാര്യ മെലിൻഡ ഗേറ്റ്സ് ഇപ്പോൾ. ബിൽ ഗേറ്റ്‌സുമായുള്ള തൻ്റെ 27 വർഷത്തെ ദാമ്പത്യത്തിലെ വേദനാജനകവും വിവാഹമോചനത്തിലേക്ക് നയിച്ചതുമായ ഓർമ്മകളിലേക്ക് ഈ സംഭവങ്ങൾ തന്നെ വീണ്ടും കൊണ്ടുപോയെന്ന് മെലിൻഡ പറഞ്ഞു.

"ഈ വിവരങ്ങൾ പുറത്തുവരുമ്പോഴെല്ലാം എനിക്ക് വ്യക്തിപരമായി വളരെ വിഷമം തോന്നും. കാരണം ഇത് എൻ്റെ വിവാഹത്തിലെ വളരെ, വളരെ വേദനാജനകമായ കാലഘട്ടങ്ങളിലെ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു," എൻ‌പി‌ആറുമായുള്ള പോഡ്‌കാസ്റ്റിൽ മെലിൻഡ പറഞ്ഞു.

എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ പേര് പരാമർശിച്ചിട്ടുള്ള ബിൽ ഗേറ്റ്‌സും മറ്റുള്ളവരും അവരുടെ മേൽ ആരോപിക്കപ്പെട്ട പ്രവൃത്തികൾക്ക് ഉത്തരം പറയാൻ ബാധ്യസ്ഥരാണെന്നും അവർ അഭിപ്രായപ്പെട്ടു. "അവർ ഇതിനൊക്കെ ഉത്തരം നൽകേണ്ടതുണ്ട്, ഞാനല്ല," 61-കാരിയായ മെലിൻഡ പറഞ്ഞു.

"സങ്കടം. താങ്ങാനാവാത്ത ദു:ഖം. താങ്ങാനാവാത്ത ദു:ഖം... വെറും ദു:ഖം മാത്രം. ഞാൻ എൻ്റെ വിവാഹബന്ധം ഉപേക്ഷിച്ചു. ഞാൻ എൻ്റെ വിവാഹബന്ധം ഉപേക്ഷിക്കേണ്ടി വന്നു. ഞാൻ എൻ്റെ വിവാഹബന്ധം ഉപേക്ഷിക്കാൻ ആഗ്രഹിച്ചു. അവസാനം ഫൗണ്ടേഷൻ വിട്ട് പോകേണ്ടി വരുമെന്ന് ഞാൻ വിശ്വസിച്ചു. ഇത് വളരെ ദു:ഖകരമാണ്. അതാണ് സത്യം"

ഇതിനിടെ, ടെസ്‌ല, സ്പേസ്എക്സ് ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക്, മെലിൻഡ ഗേറ്റ്സിൻ്റെ അഭിമുഖത്തിലെ ഒരു ഭാഗം എക്സിൽ പങ്കുവെച്ചിട്ടുണ്ട്. "വൗ" എന്ന് അടിക്കുറിപ്പും നൽകി. അമേരിക്കൻ നീതിന്യായ വകുപ്പ് ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ പ്രതികരണങ്ങൾ.

"റഷ്യൻ പെൺകുട്ടികളുമായുള്ള ലൈംഗികബന്ധത്തിലൂടെ" പകർന്ന ഒരു ലൈംഗിക രോഗത്തിന് ചികിത്സ തേടി, 2013-ൽ ബിൽ ഗേറ്റ്‌സ് ആൻ്റിബയോട്ടിക്കുകൾ ആവശ്യപ്പെട്ടതായി എപ്സ്റ്റീൻ ഫയലുകളിൽ പറയുന്നു.

"കഴിഞ്ഞ കുറച്ച് ആഴ്ചകളായി മെലിൻഡയും ബില്ലും തമ്മിലുള്ള ഗുരുതരമായ ദാമ്പത്യ തർക്കത്തിൽ ഞാൻ അകപ്പെട്ടിരിക്കുകയാണ്. റഷ്യൻ പെൺകുട്ടികളുമായുള്ള ലൈംഗികബന്ധത്തിൻ്റെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യാൻ ബില്ലിന് മരുന്നുകൾ കിട്ടാൻ സഹായിക്കുന്നതു മുതൽ, വിവാഹിതരായ സ്ത്രീകളുമായുള്ള അയാളുടെ നിയമവിരുദ്ധമായ ബന്ധങ്ങൾ സുഗമമാക്കുന്നത് വരെയുള്ള കാര്യങ്ങൾ..." 2013 ജൂലൈ 18-ലെ ഒരു ഇമെയിലിൽ എപ്‌സ്റ്റീൻ എഴുതി.

ബിൽ ഗേറ്റ്‌സിന് അയച്ച ഒരു ഡ്രാഫ്റ്റിൽ എപ്‌സ്റ്റീൻ, ബിൽ ഗേറ്റ്സിനെ കുറ്റപ്പെടുത്തുന്നുണ്ട്, അദ്ദേഹത്തിന്റെ പ്രവൃത്തികൾ മറച്ചുവെക്കാൻ ശ്രമിക്കുകയും അന്ന് ഭാര്യയ്ക്ക് രഹസ്യമായി മരുന്ന് നൽകാൻ പദ്ധതിയിട്ടെന്നുമാണ് ആരോപണം.

"നിങ്ങളുടെ STD സംബന്ധിച്ചുള്ള ഇമെയിലുകൾ, മെലിൻഡക്ക് രഹസ്യമായി നൽകാൻ നിങ്ങൾ ആവശ്യപ്പെട്ട ആൻ്റിബയോട്ടിക്കുകൾ, നിങ്ങളുടെ ലിംഗത്തെക്കുറിച്ചുള്ള വിവരണം എന്നിവ ഇല്ലാതാക്കാൻ എന്നോട് യാചിച്ചു." ഇമെയിലിൽ പറയുന്നു. മെലിൻഡ ഒരു പൊതു വിവാഹമോചനത്തിന് അപേക്ഷിക്കാൻ തീരുമാനിച്ചാലുള്ള പ്രശ്നങ്ങളെപ്പറ്റിയും പറയുന്നുണ്ട്.

അതേസമയം, ബിൽ ഗേറ്റ്‌സ് ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. ഈ അവകാശവാദങ്ങൾ അസംബന്ധവും പൂർണ്ണമായും തെറ്റുമാണെന്നാണ് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞത്. ഗേറ്റ്‌സുമായി ഒരു സ്ഥിരം ബന്ധം സ്ഥാപിക്കാനാവാത്തതിലുള്ള എപ്‌സ്റ്റീൻ്റെ നിരാശയാണ് അദ്ദേഹത്തെ കുടുക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾക്കു പിന്നിലെന്നും വക്താവ് പറയുന്നു. 2017-ൽ എപ്‌സ്റ്റീൻ ആരംഭിച്ച ഒരു ചാരിറ്റബിൾ ഫണ്ടിൽ ചേരാൻ ഗേറ്റ്സ് വിസമ്മതിച്ചതിന് ശേഷമാണ് ബന്ധം വഷളായതെന്നും പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi