കനേഡിയൻ നിർമിത പായ്ക്കപ്പലായിരുന്നു മേരി സെലസ്റ്റ്. ദുരൂഹതകളേറെ നിറഞ്ഞ ഒരു പായ്ക്കപ്പലെന്ന് പറയാം.

1872 ഡിസംബർ 5-ന് ഡെ ഗ്രേഷ്യ എന്ന കപ്പൽ ശാന്തമായി യാത്ര തുടരുകയായിരുന്നു. അപ്പോഴാണ് അതിലെ ക്യാപ്റ്റൻ ഡേവിഡ് കുറേ മുന്നിലായി ഒരു കാഴ്ച കണ്ടത്. ഒരു പായ്ക്കപ്പൽ ലക്ഷ്യമില്ലാതെ നീങ്ങിക്കൊണ്ടിരിക്കുന്നു. വേഗം അതിനടുത്തേക്ക് തന്റെ കപ്പൽ അദ്ദേഹം അടുപ്പിച്ചു. തങ്ങൾ യാത്ര പുറപ്പെടുന്നതിന് എട്ടുദിവസം മുമ്പ് പുറപ്പെട്ട, മേരി സെലസ്റ്റ് എന്ന പായ്ക്കപ്പൽ ആണെന്ന് അപ്പോഴാണ് അദ്ദേഹം തിരിച്ചറിഞ്ഞത്. പുറമെനിന്ന് നോക്കുമ്പോൾ ശരിക്കുമൊരു പ്രേതക്കപ്പൽ പോലെ.

തന്റെ കപ്പലിലുള്ള ഒരു ജീവനക്കാരനോട് മേരി സെലസ്റ്റിൽ കയറിനോക്കാൻ ഡേവിഡ് ആവശ്യപ്പെട്ടു. കപ്പലിന്റെ ഉള്ളിൽ അല്പം വെള്ളം കയറിയ നിലയിലായിരുന്നു. എന്നാൽ, മുങ്ങാനുളളത്ര വെള്ളവുമില്ല. പക്ഷേ, എല്ലാം അലങ്കോലമായി കിടക്കുകയായിരുന്നു. കപ്പലിന് വേറെ കുഴപ്പങ്ങളൊന്നുമില്ല. എന്നാൽ, അതിലെ ലൈഫ് ബോട്ട് അപ്രത്യക്ഷമായിരുന്നു. കപ്പലിലെ ഡെയ്‌ലി ലോഗ് ക്യാബിനിലുണ്ടായിരുന്നു. അതിൽ അവസാനമായി രേഖപ്പെടുത്തിയത് നവംബർ 25-നും. കപ്പലിലെ പല രേഖകളും കാണാനില്ലായിരുന്നു.

ആറുമാസത്തേക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും കപ്പലിൽ കണ്ടു. ക്യാപ്റ്റന്റെയും ക്രൂവിന്റെയും സ്വകാര്യവസ്തുക്കളെല്ലാം അതിൽ തന്നെയുണ്ടായിരുന്നു. അവയ്‌ക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടുമില്ല. എന്നാൽ, കപ്പലിൽ ആളുകളൊന്നുമുണ്ടായിരുന്നില്ല. അതിലുള്ള ആരെയും പിന്നീട് കാണുകയോ അവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കിട്ടുകയോ ചെയ്തിട്ടില്ല.

കാനഡയിൽ നിർമിച്ച കപ്പൽ
ബ്രിട്ടീഷ് ഉടമസ്ഥതയിൽ കാനഡയിൽവെച്ചാണ് കപ്പൽ നിർമിച്ചത്. ആമസോൺ എന്നായിരുന്നു ആദ്യത്തെ പേര്. എന്നാൽ, ആമസോണിന്റെ യാത്രകളൊന്നും അത്ര സുഗമമായിരുന്നില്ല. കപ്പലിന്റെ ക്യാപ്റ്റൻ പെട്ടെന്ന് അസുഖം ബാധിച്ച് മരിച്ചു. ഇംഗ്ലീഷ് ചാനലിലൂടെയുള്ള യാത്രയിൽ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ച് ചെറിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. അതിനുശേഷമാണ് കപ്പൽ വിൽക്കാൻ തീരുമാനിച്ചത്. അമേരിക്കക്കാരാണ് വാങ്ങിയത്. അപ്പോഴാണ് മേരി സെലസ്റ്റ് എന്ന പേര് ലഭിക്കുന്നതും.

1872 ഒക്ടോബർ 20. ന്യൂയോർക്കിലെ ഈസ്റ്റ് നദിയുടെ തുറമുഖത്തേക്ക് മേരി സെലസ്റ്റ് എത്തി. ലക്ഷ്യം 1700 ബാരൽ മദ്യം കപ്പലിൽ നിറയ്ക്കുക എന്നതായിരുന്നു. കപ്പലിലെ ക്യാപ്റ്റൻ ബെഞ്ചമിൻ ബ്രിഗ്ഗ്‌സ് അതിന് മേൽനോട്ടം വഹിച്ചു. നവംബർ 5-ന് കപ്പൽ യാത്ര തുടങ്ങുകയും ചെയ്തു. ബ്രിഗ്ഗ്‌സിനൊപ്പം ഭാര്യയും മകളും ഏഴ് ക്രൂ അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. അതുകഴിഞ്ഞ് ഏകദേശം ഒരുമാസമായപ്പോഴാണ് കപ്പലിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്നത്.

ആ യാത്രയിൽ ആ പായ്ക്കപ്പലിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ പിന്നീടൊരിക്കലും കഴിഞ്ഞില്ല. കടൽക്കൊള്ള, കപ്പലിലെ ക്രൂവിനിടയിലുണ്ടായ കലാപം, ഇൻഷുറൻസ് തട്ടാനുള്ള ശ്രമം അങ്ങനെ പല സാധ്യതകൾ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ, ഒരിക്കൽ പോലും ഇതിനാവശ്യമായ തെളിവുകളൊന്നും ലഭിച്ചില്ല. മറ്റൊരു വിചിത്രമായ വാദവും അന്ന് പുറത്തുവന്നു. കപ്പലിലുള്ള 1700 ബാരൽ അസംസ്‌കൃത മദ്യത്തിൽനിന്നുള്ള പുകമൂലം സ്‌ഫോടനമുണ്ടാകുമെന്ന് പേടിച്ച് കപ്പലിലെ ജീവനക്കാർ രക്ഷപ്പെട്ടതാവാമെന്നതായിരുന്നുവത്.

അതിനുശേഷവും മേരി സെലസ്റ്റ് പുതിയ ഉടമസ്ഥരുടെ കീഴിൽ പ്രവർത്തനം തുടർന്നു. 1885-ൽ ഇൻഷുറൻസ് തട്ടിപ്പിന്റെ ഭാഗമായി, ഹെയ്തി തീരത്തുവെച്ച് ക്യാപ്റ്റൻ മനപൂർവ്വം കപ്പൽ തകർക്കുന്നതുവരെ മേരി യാത്ര തുടർന്നു.

സിനിമകളിലും നോവലുകളിലും

മേരി സെലസ്റ്റിന്റെ കഥ പല ഡോക്യുമെന്ററികൾക്കും നോവലുകൾക്കും സിനിമകൾക്കും വിഷയമായി. അവയെല്ലാം ഏറെ ജനപ്രിയമാവുകയും ചെയ്തു. 2001-ൽ നോവലിസ്റ്റ് ക്ലൈവ് കസ്ലർ, മേരി സെലസ്റ്റിന്റെ ഭാഗങ്ങൾ കടലിനുള്ളിൽനിന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടു. പിന്നീടത് മേരി സെലസ്റ്റിന്റേതല്ലെന്ന് കണ്ടെത്തി.

1884-ൽ ആർതർ കോനൻ ഡോയൽ ഇതിനെക്കുറിച്ച് ഒരു ചെറുകഥയെഴുതി. അതിൽപറയുന്നത്, ഏതോ ഒരു മുൻ അടിമയുടെ പ്രതികാരത്തിന് ഇരയായി ക്യാപ്റ്റനും ജീവനക്കാരും കൊലചെയ്യപ്പെട്ടിട്ടുണ്ടാവുമെന്നാണ്. 2007-ൽ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററി പറയുന്നത് മറ്റൊരു കഥയാണ്. തകരാറിലായ ക്രോണോമീറ്റർ, പ്രക്ഷുബ്ധമായ കടൽ എന്നിവയായിരിക്കാം കപ്പൽ ഉപേക്ഷിക്കാൻ ബ്രിഗ്ഗ്‌സിനെ പ്രേരിപ്പിച്ചതെന്നാണ്. അപ്പോഴും ഒരു ചോദ്യം മാത്രം അവേശിക്കുന്നു, ഒരു കുഴപ്പവുമില്ലാത്ത കപ്പൽ ഉപേക്ഷിച്ച് ക്യാപ്റ്റനും ക്രൂവും എങ്ങോട്ടായിരിക്കാം പോയത്?