
ഒരിക്കൽ ഗോവയിലെ സിയോളീം ഗ്രാമത്തിലൂടെ വണ്ടിയോടിച്ചുപോകുമ്പോഴാണ് ഒരു വലിയ ആൽമരം കണ്ണിൽ പെടുന്നത്. ഇരുട്ടുവീണു തുടങ്ങിയെങ്കിലും ആകാശത്തോളം പടർന്നുനിൽക്കുന്ന ആ മരം കണ്ടപ്പോൾ ഒരു ഫോട്ടോ എടുക്കാത്തെ വരാൻ തോന്നിയില്ല. വണ്ടിയൊതുക്കിവെച്ച് ആൽമരത്തിന്റെ അടുത്തേക്ക് നടന്നടുത്തപ്പോൾ മരത്തിന്റെ ചോട്ടിൽ, ഇരുട്ടത്ത് ഒരു നിഴൽ കണ്ടു. ഇടിത്തീവീണ പോലെ ഞാൻ പേടിച്ച് അവിടെത്തന്നെ കല്ലുപോലെ നിന്നു. പിന്നാലെ വന്ന കാറിന്റെ വെളിച്ചത്തിൽ ഞാൻ ആ രൂപം കണ്ടു. കൊമ്പൻ മീശയും തലപ്പാവും കൈയ്യിലൊരു ദണ്ഡും! പ്രതിമയാണെങ്കിലും എന്തോ ഒരു ഭയം. അപ്പോഴേ അവിടെ നിന്ന് വണ്ടിയുമെടുത്ത് പോയ ഞാൻ പിറ്റേന്ന് രാവിലെ അങ്ങോട്ടേക്ക് വീണ്ടും പുറപ്പെട്ടു. പകലാണല്ലോ! എന്താണെന്നറിയില്ല, വെളിച്ചം വീണാൽ എനിക്ക് വല്ലാത്തൊരു ധൈര്യമാണ്. കഴിഞ്ഞ രാത്രിപോലെ വിജനമല്ല. ആളൊക്കെയുണ്ട്. ആൽമരത്തിന്റെ ചുവട്ടിൽ കണ്ട ആ പ്രതിമയുടെ കീഴിൽ ചിലർ ചന്ദനത്തിരി കത്തിക്കുന്നു, മറ്റുചിലർ ബീഡി സമർപ്പിക്കുന്നു. പുറത്തേക്കിറങ്ങിയ പെൺകുട്ടിയോട് ഞാൻ അതാരാണെന്ന് ചോദിച്ചു. 'അത് ആജോബയാണ്. ഞങ്ങളുടെ രാഖണ്ടാർ.'
ജാതിമതഭേദമന്യേ ഗോവയുടെ വിശ്വാസങ്ങളുടെ ഭാഗമാണ് രാഖണ്ടാറുകൾ. ഓരോ ഗ്രാമത്തിനും ഒന്നോ അതിലധികമോ രാഖണ്ടാറുകൾ ഉണ്ടായിരിക്കും. ആ ഗ്രാമത്തിലെ മനുഷ്യരെയും പക്ഷിമൃഗാദികളെയും കൃഷിസ്ഥലങ്ങളെയും വനങ്ങളേയുമൊക്കെ സംരക്ഷിക്കുന്നത് ഇവരാണ്. രാത്രികാലങ്ങളിൽ രാഖണ്ടാറുകൾ കയ്യിലെ ദണ്ഡുമായി ഇറങ്ങും. ഗ്രാമം മുഴുവൻ റോന്തുചുറ്റാൻ! ദണ്ഡിന്റെ അറ്റത്തെ മണിയുടെ കിലുക്കം ഒരു തവണയെങ്കിലും രാത്രി കേട്ട് ഭയന്നിട്ടില്ലാത്ത ഒരൊറ്റ ഗോവക്കാരനെപ്പോലും കാണാൻ സാധിക്കില്ല. തമിഴ്‌നാട്ടിലെ 'അയ്യനാർ' സങ്കല്പത്തിനോട് വളരെയധികം സാദൃശ്യമുണ്ടെങ്കിലും രാഖണ്ടാറുകൾക്ക് പല രൂപങ്ങളാണ്. ചില ഗ്രാമങ്ങളിൽ 'ആജോബാ' എന്ന കാർന്നോരുടെ രൂപത്തിലാണ് ആരാധനായെങ്കിൽ മറ്റുചില ഗ്രാമങ്ങളിൽ ധീരയോധാവാണ് രാഖണ്ഡറുകൾ. ഗോവയിൽ താമസിച്ച മൂന്നു മാസത്തിനിടയിൽ ഞാൻ കുറഞ്ഞത് മുപ്പത് രാഖണ്ഡർ ക്ഷേത്രങ്ങളിലെങ്കിലും പോയിട്ടുണ്ടാകും.
പോയിട്ടുള്ളവയിൽ ഏറ്റവുമധികം ഓർമയിൽ നിൽക്കുന്നത് 'പൈക്‌ദേവ്' എന്ന രാഖണ്ഡറിന്റെ അമ്പലമാണ്. തെക്കേ ഗോവയിലെ സാംഗെ എന്ന ഗ്രാമത്തിന്റെ രാഖണ്ഡർ ആണ് പൈക്‌ദേവ്. കുതിരപ്പുറത്ത് ഇരിക്കുന്ന ഒരു യോദ്ധാവിന്റെ രൂപത്തിലാണ് പൈക്‌ദേവ് ആരാധിക്കപ്പെടുന്നത്. രാത്രികാലങ്ങളിൽ ഗ്രാമത്തിൽ കുതിരക്കുളമ്പടിയുടെ ശബ്ദം കേൾക്കാമെന്നാണ് ഗ്രാമവാസികൾ പറയുന്നത്. അതുകൊണ്ട് ഈ ഗ്രാമത്തിൽ പൈക്‌ദേവന്റെ കുതിരയല്ലാതെ മറ്റൊരു കുതിരയ്ക്ക് സ്ഥാനമില്ല, പൈക് ദേവനല്ലാതെ മറ്റാരും കുതിരപ്പുറത്തിരിക്കാരുമില്ല. ഇതിനെ ആരൊക്കെ വെല്ലുവിളിച്ചിട്ടുണ്ടോ അവരൊക്കെ തോറ്റ ചരിത്രമേയുള്ളു. പുറംലോകത്തെ സാംഗെ ഗ്രാമവുമായി ബന്ധിപ്പിക്കുന്നത് ഒരു പാലമാണ്. ഈ സാംഗെ പാലത്തിലൂടെ ഒരു കുതിരയെ ഇന്നേവരെ ആർക്കും കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. അങ്ങനെ കൊണ്ടുപോയപ്പോഴെല്ലാം കുതിര വിരണ്ടു തിരിച്ചോടുകയോ കുഴഞ്ഞുവീണു മരിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ചരിത്രം. പോർച്ചുഗീസ് ഭരണകാലത്ത് ഈ വിശ്വാസത്തെ വെല്ലുവിളിച്ച പോർച്ചുഗീസ്‌കാർക്കും നിരാശയായിരുന്നു ഫലം.
ഇതുപോലെ കുർഡി എന്ന ഗ്രാമത്തിൽവെച്ചു ഒരാൾ പറഞ്ഞൊരു കഥയുണ്ട്. കുർഡിയിൽ ഒരു ചിറകെട്ടാൻ കാലാകാലങ്ങളായി മനുഷ്യർ പരിശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. ചിറ കെട്ടി പണികൾ പൂർത്തിയാകുമ്പോഴേക്കും വെള്ളത്തിന്റെ ശക്തിയിൽ അത് തകരും. എന്തു ചെയ്യണമെന്നറിയാതെ ഗ്രാമവാസികൾ എല്ലാവരുംചേർന്ന് രാഖണ്ടാറിനോട് പ്രാർഥിച്ചുവത്രേ. 'നിങ്ങളുടെ ആഗ്രഹം ഞാൻ സാധിച്ചു തരാം. പക്ഷെ, എന്റെ ദാഹം നിങ്ങൾ തീർക്കണം. എനിക്ക് മനുഷ്യരക്തം പകരമായി തരണം. എന്ന് രാഖണ്ടാർ പറഞ്ഞു. ഗ്രാമവാസികൾ സമ്മതിച്ചു, ചിറ തടസ്സമില്ലാതെ കെട്ടിത്തീർന്നു. പക്ഷെ, വാക്കുപാലിക്കുന്നതെങ്ങനെ എന്ന ധർമസങ്കടത്തിലായി ഗ്രാമം. ഒടുവിൽ അവിടെയുള്ള ചെറുപ്പക്കാർ വഴി കണ്ടു പിടിച്ചു. കോക്കം എന്നൊരു പുളിയുണ്ട് ഗോവയിൽ. അതിന്റെ ചാറിന് ചുവപ്പുനിറമാണ്. രക്തത്തിന് പകരം ആ നീര് സമർപ്പിച്ചു ഗ്രാമവാസികൾ. പിന്നീട് രാഖണ്ടാർ അവർ വിളിച്ചപ്പോഴൊരിക്കലും വന്നില്ല. മാത്രമല്ല കുർഡി എന്ന ഗ്രാമം തന്നെ എന്നെന്നേക്കുമായി വെള്ളത്തിനടിയിലായി എന്നുമാണ് വിശ്വാസം.
ഗോവയുടെ തലസ്ഥാനമായ പഞ്ചിമിലെ പാട്ടോ പാലത്തിന്റെ ഒത്തനടുക്ക് ത്രികോണരൂപത്തിൽ ഒരു കല്ലുണ്ട്. ബുധനാഴ്ചകളിൽ ഇവിടെ കള്ളും ഗോവക്കാരുടെ റോട്ടിയായ 'പൊയി'യും ഉണക്കമീനുമൊക്കെ ആളുകൾ സമർപ്പിക്കുന്നത് കാണാം. ദീർഘദൂരയാത്രക്ക് പോകുന്ന ടിപ്പറുകളുടെ ഡ്രൈവർമാരും ഇവിടെ വന്നൊന്ന് തൊഴുതിട്ടെ പോകൂ. ആ വഴിയെയാണ് പല ദിവസങ്ങളിലും എന്റെ സഞ്ചാരം. പോകുമ്പോഴൊക്കെ അവിടെ ഒരു വൃദ്ധനെ ഞാൻ കാണാറുണ്ട്. ഒരു ദിവസം വണ്ടി നിർത്തി ഞാൻ അദ്ദേഹത്തിനെ സമീപിച്ചു. 'ഹലോ, ഞാൻ ഗൗരി. അങ്കിളിന്റെ പേരെന്താണ്?' എന്തോ ആലോചിച്ചു നിന്ന ആ മനുഷ്യൻ മറുപടി പറഞ്ഞു.
'ഐ ആം മിസ്റ്റർ പിന്റോ.' 'ഞാൻ പലപ്പോഴും താങ്കളെ ഇവിടെ കാണാറുണ്ട്. ഇത് എന്തു വിശ്വാസമാണോ?' ചെറിയ ചിരിയോടെ അദ്ദേഹം എന്നെ നോക്കി പറഞ്ഞു. 'കേൾക്കുമ്പോൾ ഭ്രാന്തായി തോന്നും. ഞാനും ഇതിലൊന്നും വിശ്വസിച്ചിരുന്നില്ല. കുറേ വർഷങ്ങൾക്ക് മുൻപ് ഈ വഴി പോകവേ ഞാൻ ഈ പാലത്തിനു താഴെ വണ്ടി നിർത്തിയിട്ടു. നന്നേ ഉറക്കം വന്നതുകൊണ്ടും മദ്യപിച്ചിരുന്നതു കൊണ്ടുമാണ് വണ്ടി നിർത്തേണ്ടി വന്നത്. മയങ്ങിപ്പോയ ഞാൻ എഴുന്നേറ്റത് ഒരു ചിലമ്പിന്റെ ശബ്ദം കേട്ടാണ്. പൊടുന്നനെ എന്റെ വണ്ടി ആരോ പൊക്കിയെടുക്കുന്നത് പോലെ തോന്നി. പരിഭ്രമിച്ചു ഞാൻ കണ്ണാടിയിലൂടെ നോക്കി. അധികായനായ ഒരു വൃദ്ധൻ. ചോരക്കണ്ണുകൾ, തലപ്പാവ്... ഒരു വട്ടമേ ഞാൻ നോക്കിയുള്ളൂ. ഭയംകൊണ്ട് എന്റെ കയ്യും കാലും കുഴഞ്ഞു. പിന്നെയെനിക്കൊന്നും ഓർമയില്ല. പിറ്റേന്ന് രാവിലെ വീട്ടുമുറ്റത്തെ കാറിൽ നിന്ന് ഭാര്യ എന്നെ എഴുന്നേൽപ്പിക്കുകയായിരുന്നു. എങ്ങനെ അവിടെ വന്നെന്നോ എപ്പോൾ വന്നെന്നോ എനിക്കറിയില്ല. മൂന്നുദിവസം വേണ്ടിവന്നു ഒന്നു മിണ്ടിതുടങ്ങാൻ. അതിൽപ്പിന്നെ എന്നും ഇവിടെ വന്ന് അനുഗ്രഹം വാങ്ങിയിട്ടേ ഞാൻ ദിവസം തുടങ്ങാറുള്ളു. '
ഓരോ ഗോവക്കാരനും ഇതുപോലെ ഓരോ കഥകൾ പറയാൻ കാണും. കള്ളും ബീഡിയും ഉണക്കമീനും കോഴിയുമൊക്കെ സ്വീകരിക്കുന്ന, ചോദിക്കുന്നതെല്ലാം നൽകുന്ന, കുടുംബത്തെയും ഗ്രാമത്തെയും കാക്കുന്ന രാഘണ്ടാറുകളോട് അവർക്ക് അത്രമേൽ വിശ്വാസമാണ്, ഭക്തിയാണ്, ബഹുമാനമാണ്, ഭയമാണ്. പല ഗ്രാമങ്ങളിലും 'ഗഡ്ഡി'കൾ എന്നൊരു സ്ഥാനമുണ്ട്. വെളിച്ചപ്പാടിനെ പോലെ രാഖണ്ടമറിന് വേണ്ടി സംസാരിക്കുന്നവരാണ് ഗഡ്ഡികൾ. ചില പ്രത്യേക ദിവസങ്ങളിലും ഗ്രാമത്തിലെ ഉത്സവസമയത്തും ഗഡ്ഡികൾ രാഖണ്ടറിനെ ശരീരത്തിലേക്ക് ആവാഹിച്ച് അവർക്കുവേണ്ടി സംസാരിക്കും. ഗ്രാമവാസികൾ അന്ന് തങ്ങളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം ഗഡ്ഡിയോട് പറയും. ഇന്നും ആരും ഈ ചടങ്ങ് ക്യാമറയിൽ പകർത്തിയിട്ടില്ല. അത്രക്ക് ബഹുമാനമാണ് അവർക്ക് അവരുടെ ഗ്രാമത്തിന്റെ രക്ഷിതാവിനെ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rakhandars are the mythical protectors of Goan villages., Legends of Paikdev and the Sange bridge mystery., Cultural significance of offerings like toddy and dry fish., The role of 'Gaddis' as spiritual mediums for the guardians., Deep-rooted faith connecting Goan villages to their protectors.
Published: 26 Jul 2026, 12:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented