മഹാകുംഭമേളയില്‍ പുണ്യസ്‌നാനം നടത്തി നടി മമ്ത കുല്‍ക്കര്‍ണി സന്യാസത്തിലേക്ക് കടന്നു. അതിനുശേഷം മയി മമ്ത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. കിന്നര്‍ അഖാഡയുടെ ഭാഗമായിട്ടാണ് അവര്‍ സന്യാസം സ്വീകരിച്ചത്. പ്രയാഗ് രാജില്‍വെച്ചായിരുന്നു ചടങ്ങുകള്‍.

സന്യാസത്തിലേക്ക് കടക്കുകയാണെന്ന് അവര്‍ കുറച്ചുദിവസം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ആത്മീയതയിലാണ് തന്റെ സന്തോഷമെന്ന് അവര്‍ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ''എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്നൊന്നും ആഗ്രഹമില്ലായിരുന്നു. അമ്മയ്ക്കായിരുന്നു സിനിമകളോട് താത്പര്യം. അമ്മയ്ക്ക് അഭിനയിക്കാന്‍ പറ്റാത്തതുകൊണ്ട് എന്നെ ബലിയാടാക്കി. ഞാനൊരിക്കലും ആഗ്രഹിക്കാത്ത ജീവിതമാണിത്''.   

2016-ല്‍ ഒരു ചാനലിന് അന്ന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ സംസാരിച്ചത് മുഴുവന്‍ മാറിയ ജീവിതത്തെക്കുറിച്ചാണ്. ആ അഭിമുഖത്തില്‍ അവര്‍ പറഞ്ഞതിങ്ങനെ, ''വര്‍ഷങ്ങളോളം ഞാന്‍ തപസ്സിലായിരുന്നു. ഭൗതികമായിട്ടുള്ളതൊന്നും ഇപ്പോഴെന്റെ മനസ്സിലില്ല. തികച്ചും ആത്മീയതയുടെ പാതയിലാണ്. എന്നെപ്പോലെ വിക്കിയും മയക്കുമരുന്നിന്റെ പാതയിലല്ല ഇപ്പോള്‍''. താനും വിക്കിയും തമ്മില്‍ നല്ല സൗഹൃദബന്ധം മാത്രമേയുള്ളൂവെന്നും വിവാഹം കഴിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ലൈംഗികതയോടുള്ള താത്പര്യം കൊണ്ടാണ് തന്റെ ജീവിതം ഇല്ലാതായതെന്നും ഇനിമുതല്‍ മദ്യം, മയക്കുമരുന്ന്, ലൈംഗികത എന്നിവയൊന്നും തന്റെ ജീവിതത്തിലുണ്ടാവില്ലെന്നും അവര്‍ തുറന്നുപറഞ്ഞു.

മുംബൈയില്‍ സജീവമായിരുന്ന അവര്‍ പെട്ടെന്നൊരുനാള്‍ അപ്രത്യക്ഷയാവുകയായിരുന്നു. 2002-ല്‍ അഭിനയിച്ച 'കഭി തും കഭി ഹം' എന്ന സിനിമയില്‍ അഭിനയിച്ചശേഷം അവരെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ഡ്രഗ് ഡീലറായ വിക്കി ഗോസ്വാമിയെ വിവാഹംകഴിച്ച മമ്ത, കെനിയയിലാണ് താമസമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മയക്കുമരുന്ന് കേസില്‍ ദുബായ് ജയിലിലായ വിക്കിയുമായി, ജയിലില്‍വെച്ചായിരുന്നുവത്രേ വിവാഹം. അതിനിടെയാണ് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ അവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. 2025-ലെ കുംഭമേളയില്‍ പങ്കെടുക്കാനാണ് തന്റെ ഈ വരവെന്നും അന്നവര്‍ വ്യക്തമാക്കി. കരണ്‍ അര്‍ജുന്‍, ക്രാന്തിവീര്‍, കിസ്മത്, ജീവന്‍യുദ്ധ്, ബാസി തുടങ്ങിയവയാണ് മമ്തയുടെ പ്രധാനസിനിമകള്‍. കുഞ്ചാക്കോ ബോബന്‍ നായകനായ 'ചന്ദാമാമ'യില്‍ ഒരു പാട്ടുസീനിലും മമ്ത അഭിനയിച്ചിട്ടുണ്ട്.