ഗായകനും നടനും സംവിധായകനും നിർമ്മാതാവുമായ ഗിപ്പി ഗ്രെവാൽ പഞ്ചാബി വിനോദ രംഗത്തെ വളരെ പ്രശസ്തനായ വ്യക്തിയാണ്. ജീവിതത്തിൽ വിജയം കണ്ടെത്തുന്നതിന് മുമ്പ് താൻ നേരിട്ട കഠിനമായ കാലങ്ങളെപ്പറ്റി തുറന്നുസംസാരിക്കുകയാണ് അദ്ദേഹമിപ്പോൾ.

തന്റെ ആദ്യകാലത്തെ സംഗീത ആൽബങ്ങൾ പരാജയപ്പെട്ടപ്പോഴാണ് ഗിപ്പി കഠിനമായ സമയങ്ങളിലൂടെ കടന്നുപോയത്. വിവാഹിതനാവുകയും കാനഡയിലേക്ക് മാറുകയും ചെയ്തിരുന്നു. കുടുംബത്തെ സഹായിക്കാൻ പലതരം ജോലികൾ ചെയ്തു. "അവിടെയെത്തിയ ശേഷം എനിക്ക് പണം ആവശ്യമുണ്ടായിരുന്നു, എന്നോടൊപ്പം കുടുംബമുണ്ട്. ഞാൻ വിവാഹിതനായി, ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു. അവിടെ ജോലികൾ ചെയ്യാൻ തുടങ്ങി, ധാരാളം ജോലികൾ ചെയ്തു," അദ്ദേഹം പറഞ്ഞു.

"ആദ്യം ചെയ്തത് ഒരു സെക്യൂരിറ്റി ഗാർഡിന്റെ പണിയാണ്. ശേഷം, ഒരു സമയം മൂന്ന് ജോലികൾ വരെ ചെയ്തു. രാവിലെ, ഞാനും ഭാര്യ(രവ്നീത് ഗ്രെവാൽ)യും കൂടെ പത്രം വിതരണം ചെയ്യും. പിന്നെ അവൾ അവളുടെ ജോലിസ്ഥലമായ സബ്‌വേയിലേക്ക് പോകും, അവിടെ അവൾ മാനേജർ ആയിരുന്നു, ഞാൻ ഒരു നിർമ്മാണ തൊഴിലാളിയായും ജോലിക്ക് പോകും. വൈകുന്നേരങ്ങളിൽ, ഒരു മുഴുവൻ മാളിൻ്റെയും ശുചീകരണത്തിൻ്റെ ചുമതല ഞങ്ങൾക്ക് കിട്ടി."

"ഫുഡ് കോർട്ടിലെ ട്രേകളും മേശകളും വൃത്തിയാക്കുകയും, തറ തുടയ്ക്കുകയും, ടോയ്‌ലറ്റുകൾ വൃത്തിയാക്കുകയും ചെയ്യണം. അതൊരിക്കലും മോശം ജോലിയായിരുന്നില്ല. അതിൽ നിന്ന് ഞങ്ങൾ ധാരാളം പണം സമ്പാദിച്ചു." അദ്ദേഹം പറഞ്ഞു,

മുമ്പ് ഭാരതി ടിവിയിലെ ഒരു പരിപാടിയിലും തൻ്റെ ജീവിതത്തിലെ ഈ ഘട്ടത്തെപ്പറ്റി അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആളുകൾ വിദേശത്ത് എന്തോ അസാധാരണമായ കാര്യങ്ങൾ ചെയ്യുന്നുവെന്ന് കരുതിയിരുന്നു. താൻ സുഖപ്രദമായ ഒരു ജീവിതം കെട്ടിപ്പടുക്കാൻ ആവശ്യമായ കാര്യങ്ങളാണ് ചെയ്തത്. "മറ്റ് ജോലികളിൽ, മണിക്കൂറിന് 8 ഡോളറാണ് കിട്ടുക. എന്നാൽ മാൾ ക്ലീനിങ്ങിന് ഞാൻ ഏകദേശം 13 ഡോളർ സമ്പാദിച്ചു. പത്രങ്ങൾ വിതരണം (delivering newspapers) ചെയ്യുന്ന കാര്യത്തിൽ, ഞാനും ഭാര്യയും അത് ഞങ്ങളുടെ ഒരുമിച്ചുള്ള സമയമായി കണക്കാക്കി. റൂട്ടിലുടനീളം ഞങ്ങൾ സംസാരിക്കും, ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ ജോലി പൂർത്തിയാക്കും."- അദ്ദേഹം ഓർത്തെടുത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi