''എനിക്ക് സംഭവിച്ചത് ഇനി മായ്ച്ചുകളയാൻ പറ്റില്ല, പക്ഷേ, ഇനിയൊരാൾക്കും അയാളിൽ നിന്ന് ഈ അനുഭവമുണ്ടാവരുത്. നീതിക്കുവേണ്ടി മരണം വരെ പോരാടും''- കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ് അതിജീവിത രണ്ടരവർഷങ്ങൾക്കുമുമ്പുപറഞ്ഞ വാക്കുകളാണിത്.
അൽപം നീണ്ടുപോയെങ്കിലും മെഡിക്കൽ കോളേജ് അധികൃതർ പ്രതിയായ അറ്റൻഡർ ശശീന്ദ്രനെ പിരിച്ചുവിട്ടതിൽ ആശ്വാസം പ്രകടിപ്പിക്കുകയാണ് അതിജീവിത.
''ജോലിയിൽനിന്ന് പിരിച്ചുവിട്ടതിൽ സന്തോഷമുണ്ട്, കുറച്ചുനീണ്ടുപോയി എന്നൊരു വിഷമമേ ഉള്ളൂ. രണ്ടര വർഷമായല്ലോ ഇപ്പോൾ. ഇത് കുറച്ചു നേരത്തേയാക്കാമായിരുന്നു. അതുപോലെ പ്രതിക്ക് എല്ലാത്തിനും കൂട്ടുനിന്ന് കേസ് ഇല്ലാതാക്കാൻ നോക്കിയ ആളുകളുണ്ടല്ലോ ഇതിൽ, കൂട്ടുപ്രതികളായിട്ടുള്ള അഞ്ചുപേർ. കേസിൽ നിന്ന് പിന്മാറാൻ എന്നെ ഭീഷണിപ്പെടുത്തിയവർ, റിപ്പോർട്ട് മാറ്റിയ ഗൈനക്കോളജിസ്റ്റ് തുടങ്ങിയവർ. അവർക്കെതിരേയും നടപടിയുണ്ടാവേണ്ടതാണ്. ഇനി അതിനുവേണ്ടി പോരാടാനാണ് എന്റെ ഇറക്കം. ആ തീരുമാനത്തിലാണ്. അതിനായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് വെച്ചാൽ അതു ചെയ്യും.''-അവർ പറഞ്ഞു.
2023 മാർച്ചിലാണ് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കായി അതിജീവിത ആശുപത്രിയിലെത്തിയത്. രാവിലെ ആറുമണിക്ക് ശസ്ത്രക്രിയക്ക് തിയേറ്ററിൽ കയറ്റി. ശസ്ത്രക്രിയക്കുശേഷം ഐസിയുവിലും. അനസ്തേഷ്യയുടെ ശക്തിയിൽ ദീർഘനേരം മയങ്ങിക്കിടക്കുന്ന രോഗികളാണ് അവിടെയുണ്ടായിരുന്നത്. സർജറി ആദ്യം കഴിഞ്ഞതിനാൽ ഐസിയുവിലേക്ക് മാറിയപ്പോഴേക്കും അൽപം മയക്കം വിട്ടിരുന്നു. അനങ്ങാനും സംസാരിക്കാനും അപ്പോഴും വയ്യ. ഡോക്ടർമാരും നഴ്സുമാരുമൊന്നും അവിടെയുണ്ടായിരുന്നില്ല. അപ്പോഴാണ് അറ്റൻഡർ അവരെ ഉപദ്രവിക്കുന്നത്.
അക്കാര്യം അധികൃതരെ അറിയിച്ചപ്പോൾ പോസിറ്റീവ് ആയിട്ടുള്ള പ്രതികരണമായിരുന്നില്ല അവിടെനിന്നുണ്ടായത്. പണം തന്ന് ഒതുക്കിത്തീർക്കാമെന്നും കേസിൽ നിന്ന് പിന്മാറണമെന്നും പലരെ വിട്ടും പ്രതി സ്വാധീനിക്കാൻ ശ്രമിച്ചപ്പോഴും ഭീഷണിപ്പെടുത്തിയപ്പോഴും ഒരു തരി പിറകോട്ടുപോവില്ലെന്നത് അതിജീവിതയുടെ നിശ്ചയദാർഢ്യമായിരുന്നു. ഇത്തരത്തിലൊരാളെ സ്ത്രീകൾ അബോധാവസ്ഥയിൽ കിടക്കുന്ന ഐസിയുവിൽ ജോലിക്കുനിർത്തിയാൽ തന്നെപ്പോലത്തെ അനുഭവം ഇനിയും ഒട്ടേറെ പേർക്ക് ഉണ്ടാകുമെന്ന് അവർ ഓർമിപ്പിച്ചു. പിന്നീട് പോലീസ് കേസുമായി മുന്നോട്ടുപോയി.
''പരിശോധിക്കാൻ വന്ന ഗൈനക്കോളജിസ്റ്റ് എന്റെ ശരീരത്തിൽ വന്ന മുറിവുകളും ബ്ലീഡിങ്ങും കണ്ടതാണ്. അക്കാര്യം ശ്രദ്ധയിലും പെടുത്തി. അവരത് കൃത്യമായി രേഖപ്പെടുത്തുകയോ റിപ്പോർട്ട്ചെയ്യുകയോ ചെയ്തില്ല. രോഗി എപ്പോൾ ഉണരുമെന്ന് കൃത്യമായി അറിയാവുന്ന ഇയാൾ മുമ്പും എത്രപേരെ ഇങ്ങനെ ഉപദ്രവിച്ചിട്ടുണ്ടാകും. പലരും പേടിച്ച് പിന്മാറിക്കാണും. ഞാൻ മാനസികരോഗിയാണെന്നുവരെ പറഞ്ഞുപരത്തി. എന്നെ പിന്തുണച്ച ഹെഡ്നഴ്സിനും വലിയ ഉപദ്രവങ്ങളാണ് നേരിടേണ്ടിവന്നത്.''-അതിജീവിത പറഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 11 Aug 2025, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented