മനുഷ്യനും പക്ഷികളും തമ്മിലുള്ള സഹജീവനത്തിന്റെ ആത്മതാളം തൊട്ടറിയാന്‍ കേരളാതീരത്ത് വിരുന്നെത്തുന്ന കടല്‍പ്പക്ഷികളുടെ ജീവിതം നിരീക്ഷിച്ചാല്‍മതിയാവും. ഗുരുവായൂരിനടുത്തുള്ള ചാവക്കാട്ടുനിന്നു തുടങ്ങി കടലുണ്ടിയും കാപ്പാടും എലത്തൂരുംമുതല്‍ മയ്യഴിത്തീരംവരെ നീര്‍പക്ഷികളെ തേടി, ഈയടുത്ത മാസങ്ങളില്‍ നടത്തിയ യാത്രയുടെ ചിത്രസാക്ഷ്യമാണ് ഇത്. ചാവക്കാട് തീരത്ത് വെയില്‍നാളങ്ങള്‍ വിരുന്നെത്തുന്നതേയുള്ളൂ. മണല്‍പ്പരപ്പാകെ വലിയ കടല്‍ക്കാക്ക (Great Black backed Gull) കളുടെ മഹാമേളനം. ഏതോ അറിയപ്പെടാത്ത ക്രൗഞ്ചദ്വീപില്‍ എത്തിപ്പെട്ടപോല്‍ ശബ്ദമുഖരിതം. വലിയൊരു കൂട്ടം തീരമണയുന്ന തിരകളെ ഉറ്റുനോക്കിനില്‍ക്കുന്നു. മറ്റൊരു കൂട്ടമാകട്ടെ, തിരയെത്തുമ്പോള്‍ വാനിലൊന്ന് വട്ടംചുറ്റിയശേഷം മറ്റൊരിടം താവളമാക്കുന്നു. കൂട്ടംതെറ്റിയ ചിലര്‍ തിരമുറിച്ചുനീന്തി ജലത്തൊട്ടിലില്‍ അമ്മാനമാടുന്നു.

To advertise here,

അപൂര്‍വം ചിലര്‍ തിര പിന്‍വാങ്ങുന്ന നേരംനോക്കി മണല്‍പ്പരപ്പില്‍ ഭക്ഷണം തേടുന്നു. വിശാലമായ സമുദ്രത്തിന്റെ ഏതെല്ലാമോ തീരങ്ങളില്‍നിന്നും ദ്വീപുകളില്‍നിന്നുമായി സുദീര്‍ഘമായ യാത്രാപഥങ്ങള്‍ താണ്ടിയാണ് ഇവ കേരളാതീരത്ത് പതിവായി എത്തുന്നത്. കടല്‍ പ്രക്ഷുബ്ധമാകുമ്പോഴോ, പ്രതികൂല കാലാവസ്ഥയില്‍നിന്ന് രക്ഷനേടാനോ, ഭക്ഷണലഭ്യത ഉറപ്പുവരുത്താനോ, പ്രജനനയോജ്യമായ ഇടംതേടിയോ ആവും പലപ്പോഴും ഇവയുടെ ദേശാടനം.

placeholder
പറന്നിറങ്ങി

ഇത്തവണ വിരുന്നെത്തിയ വലിയ കടല്‍ക്കാക്കയും ചെറിയ കടല്‍ക്കാക്കയും (Lesser Black backed Gull) വെള്ളത്തലയന്‍ കടല്‍ക്കാക്കയും (Hueglin's Gull) കാലംതെറ്റാതെ കേരളതീരം തേടിയെത്തുന്നവരാണ്. കടല്‍ക്കാക്കകളുടെ വംശാവലിയിലെ വലുപ്പം കൂടിയവരാണ് വലിയ കടല്‍ക്കാക്കകള്‍. ശുഭ്രശോഭയുള്ള ഉടലില്‍ കറുത്തമേല്‍ക്കുപ്പായം പോല്‍ തോന്നിക്കുന്ന ചിറകും കടുംമഞ്ഞയില്‍ അറ്റത്ത് ചുവന്ന പൊട്ടുകുത്തിയ ചുണ്ടുകളും പിങ്ക് നിറമുള്ള കാലുകളുമുള്ള കരുത്തരായ കടല്‍പ്പറവകള്‍. സമര്‍ഥരായ മീന്‍വേട്ടക്കാരും മാലിന്യം ഭക്ഷിക്കുന്ന പരിസരശുചിത്വപരിപാലകരുമാണ് ഇക്കൂട്ടര്‍. നോര്‍ത്ത് അമേരിക്കയിലെയും നോര്‍ത്തേണ്‍ യൂറോപ്പിലെ നോര്‍ത്ത് അറ്റ്ലാന്റിക്കിലെയും ദ്വീപുകളിലും തീരങ്ങളിലും പ്രജനനം നടത്തുന്ന ഇവര്‍ അനുകൂലകാലാവസ്ഥ തേടിയാണ് കേരളക്കരയിലെത്തുന്നത്. ഇവരോടൊപ്പം മംഗോളിയന്‍ മണല്‍ക്കോഴികളും പൊന്മണല്‍ക്കോഴിയും ചെറിയ കടലാളകളും തദ്ദേശീയരായ ചാരമുണ്ടിയും ചായമുണ്ടിയും നീര്‍ക്കാടകളും ചേര്‍ന്നപ്പോള്‍ ഇവിടം വിരുന്നുകാരുടെയും വീട്ടുകാരുടെയും സംഗമതീരമായിത്തീര്‍ന്നു. മലബാര്‍ തീരത്തെത്തുന്ന കടല്‍പ്പക്ഷികളുടെ അഭയസ്ഥലിയാണ് കടലുണ്ടിയെന്ന് പറയേണ്ടിയിരിക്കുന്നു. കുറെ വര്‍ഷങ്ങളായി തീരംതേടുന്ന തൂവല്‍ക്കുപ്പായക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. വലിയപറ്റം കടലാളകളുടെ തുടിച്ചുപറക്കുന്ന ദൃശ്യം പകര്‍ത്തിയായിരുന്നു പിന്മടക്കം.

വന്യജീവി ഫോട്ടോഗ്രാഫറായ കൃഷ്ണന്‍കുട്ടി വിളിച്ചറിയിച്ചപ്പോഴാണ് അദ്ദേഹമൊന്നിച്ച് നീര്‍പക്ഷികളെ തേടി എലത്തൂര്‍ തീരത്തെത്തുന്നത്. ആളും ആരവവും ഒഴിഞ്ഞ തീരത്ത്, തിരകളില്‍ ചാഞ്ചാടിയും അനന്തതയിലേക്കെന്നവണ്ണം ചിറകുവിരിച്ച് വട്ടംചുറ്റിയും തൊട്ടടുത്തനിമിഷം താണിറങ്ങിയും വിവിധ ജനുസ്സില്‍പ്പെട്ട കടലാളകളും തിരക്കാടകളും ചെറുമണല്‍ കോഴികളും നിറയുന്ന തീരം കാഴ്ചയുടെ വിരുന്നൊരുക്കി. പഞ്ചാരമണല്‍പ്പരപ്പില്‍ ചിത്രകമ്പളം വിരിച്ചപ്പോള്‍ രണ്ടോ മൂന്നോ കൂട്ടങ്ങളായി എണ്ണിയാലൊടുങ്ങാത്ത തിരക്കാടകള്‍ (Sanderling) തിരയുരുളുംപോലെ വിശ്രമമില്ലാതാളക്രമത്തില്‍ ചലിക്കുന്ന കാഴ്ച മനോഹരമായിരുന്നു. തിരമാലകള്‍ തീരമണയുമ്പോള്‍ കൂട്ടമൊന്നായി വരിതെറ്റാതെ പിന്‍വാങ്ങിയും തിരയൊഴിയവേ അതേ താളക്രമത്തില്‍ മുന്നോട്ടുകുതിച്ച് തീറ്റതേടുന്നതും കൗതുകകരംതന്നെ.

വിശ്രമമില്ലാത്ത ചലനവേഗങ്ങളും ചിറകുവിരിക്കുമ്പോഴുള്ള ചിത്രചാരുതയും തീരങ്ങള്‍ക്ക് ചന്തംചാര്‍ത്തും കാഴ്ചയാകുന്നു. തിരക്കില്‍നിന്നൊഴിഞ്ഞ് 'ഇരമ്പവും കമ്പവുമില്ലാത്ത' ചെറുകൂട്ടങ്ങളായി ചെറുമണല്‍ കോഴിയും (Kendish Plover) തീറ്റതേടുന്നത് കാണാമായിരുന്നു. തിരക്കാടകളോട് സംഘബലത്തില്‍ മത്സരിക്കാനെന്നവണ്ണം കടലാളകളുടെ കൂട്ടവും കൗതുകമാര്‍ന്ന ഭാവചേഷ്ടകളോടെയും തീരമണയുന്ന തിരക്കിലായിരുന്നു. വലിയ കടലാളകളും (Large Crested Sea Tern) ചെറിയ കടലാളകളും (Lesser Crested Sea Tern) ആളചിന്നന്മാരും (Little Tern) ഒരുമിച്ചുചേര്‍ന്ന് എത്രവേഗമാണ് ഈ തീരം സജീവമാക്കുന്നത്. പുറവും ചിറകും ചാരനിറം, മറ്റു ശരീരഭാഗങ്ങള്‍ തൂവെള്ള, കൊക്കും കാലുകളും മഞ്ഞ, പ്രജനനകാലത്ത് ശിരസ്സില്‍ കറുപ്പ് പ്രകടമായി കാണാം; ഇതാണ് ആളചിന്നന്റെ രൂപം.

വലിയ കടലാളകളും ചെറിയ കടലാളകളും ഭക്ഷണം തേടുന്നതും വിശ്രമിക്കുന്നതും ഏതാണ്ട് ആളചിന്നന്മാരെപ്പോലെയെങ്കിലും ശിരസ്സില്‍ തൂവല്‍ക്കിരീടമണിഞ്ഞതിന്റെ തലയെടുപ്പ് ഇക്കൂട്ടരില്‍ കാണാം. മഞ്ഞയില്‍ നേര്‍ത്ത പച്ചരാശികലര്‍ന്ന കൊക്കും കുടുമപോലെ തോന്നിക്കുന്ന തൂവല്‍സാന്നിധ്യവും ഇരുവരിലും കാണാമെങ്കിലും വലുപ്പവ്യത്യാസംകൊണ്ട് ഇവരെ തിരിച്ചറിയാം. ശിശിരകാല വേഷത്തില്‍ ചെറിയ കടലാളയുടെ കൊക്ക് ചുവപ്പുകലര്‍ന്ന മഞ്ഞയായിരിക്കും. എലത്തൂര്‍ തീരത്തെ ആദ്യദിനത്തില്‍ വിരുന്നെത്തിയത് തിരക്കാടകളും കടലാളകളും ആയിരുന്നെങ്കില്‍ രണ്ടാംനാള്‍ കടല്‍ക്കാക്കകളായിരുന്നു വിരുന്നുകാര്‍. നേരത്തേ ചാവക്കാടുനിന്നു പകര്‍ത്തിയ വലിയ കടല്‍ക്കാക്കകളോളം വലുപ്പമില്ലാത്ത ചെറിയ കടല്‍ക്കാക്കകളും അപൂര്‍വമായി മാത്രം കേരളതീരത്ത് വിരുന്നെത്താറുള്ള വെള്ള കടല്‍ക്കാക്കകളെയുമാണ് അന്നേദിവസം കണ്ടത്.

കേരളതീരത്ത് അഞ്ച് വ്യത്യസ്ത സ്പീഷീസ് കടല്‍ക്കാക്കളാണ് പതിവുതെറ്റാതെ എത്താറുള്ളത്. നിരന്തരം ശബ്ദമുണ്ടാക്കി നീങ്ങുന്ന ചെറിയ കടല്‍ക്കാക്കകള്‍ 'ചിരിക്കുന്ന കടല്‍കാക്ക' എന്നര്‍ഥംവരുന്ന ശാസ്ത്രനാമത്തിലാണ് അറിയപ്പെടുന്നത്. വേനല്‍ക്കാലത്ത് ശിരസ്സില്‍ രൂപപ്പെടുന്ന കറുത്ത ആവരണമാണ് Black Headed Gull എന്ന വിളിപ്പേരിന് ആധാരം. വേനലറുതിയോടെ ഈ ആവരണം അപ്രത്യക്ഷമാവുകയും കണ്ണിനു സമീപം രണ്ടു കറുത്തപാടുകള്‍ അവശേഷിക്കുകയും ചെയ്യും. വെള്ള കടല്‍ക്കാക്കകള്‍ കേരളത്തിന്റെ വടക്കന്‍ തീരത്തെ അപൂര്‍വ വിരുന്നുകാരാണ്. സാമാന്യം വലുപ്പമുള്ള വട്ടമുഖവും ബലമുള്ള കൊക്കും കാലുകളും കൊക്കിന്റെ അഗ്രഭാഗത്ത് ചുവന്ന പൊട്ടും കാണാം. വടക്കന്‍ റഷ്യയിലും ഫിന്‍ലന്‍ഡിലും പ്രജനനകാലം കഴിച്ചുകൂട്ടുന്ന ഇവര്‍ കാലാവസ്ഥാവ്യതിയാനത്തില്‍നിന്ന് രക്ഷപ്പെടാനും ഭക്ഷണലഭ്യത ഉറപ്പുവരുത്താനുമാണ് കേരളതീരം തേടിയെത്തുന്നത്. ആകര്‍ഷണീയമാണ് കടല്‍ക്കാക്കകളുടെ ഭാവചലനങ്ങളും ശരീര പ്രകൃതിയും. ഇക്കൂട്ടര്‍ തിരയേറി മറിഞ്ഞും നീന്തിത്തുടിച്ചും ജീവിതം ആഘോഷിക്കുമ്പോഴും മറ്റ് നീര്‍പ്പക്ഷികളെപ്പോലെ വെള്ളത്തില്‍ ഊളിയിട്ട് ഇരതേടുന്നതില്‍ അത്രമേല്‍ സമര്‍ഥരല്ല. അതുകൊണ്ടുതന്നെ മറ്റ് പക്ഷികളില്‍നിന്ന് മീന്‍ തട്ടിപ്പറിച്ചോ മൃതാവശിഷ്ടങ്ങള്‍ ഭക്ഷിച്ചോ ആണ് ജീവിതായനം.

അടുത്തലക്ഷ്യം മയ്യഴിയായിരുന്നു. അവിടെ പക്ഷിനിരീക്ഷകരായ അഭിലാഷ് പത്മനാഭനും സജീവന്‍ മാഷും കാത്തിരിപ്പുണ്ടായിരുന്നു. കല്ലുരുട്ടിക്കാടകളുടെ ഒരു വലിയകൂട്ടം തിരയൊഴിയവേ ദ്രുതതാളത്തില്‍ തീറ്റതേടുന്ന തിരക്കിലായിരുന്നു. മറ്റൊരു കൂട്ടമാകട്ടെ പാറക്കെട്ടിന്റെ വിള്ളലുകളില്‍ മുഖംപൂഴ്ത്തി ശക്തമായ കൊക്കുകൊണ്ട് കല്ലുകളിളക്കി ചെറുജീവികളെ തിരഞ്ഞുഭക്ഷിക്കുന്നു. അകലെയൊരു പാറമേല്‍ സാമാന്യം വലിയൊരുകൂട്ടം കടലാളകള്‍ താവളം തേടുന്നു. വിശേഷിച്ചൊന്നും കാണാനാകാത്ത നിരാശയില്‍ മടങ്ങാനൊരുങ്ങവേ കടലമ്മയുടെ കനിവെന്നോണം ഒരപൂര്‍വ ദര്‍ശന സൗഭാഗ്യം ഞങ്ങളെത്തേടിയെത്തി.

തിരമുറിച്ചെത്തിയ ഒരു കൂറ്റന്‍പക്ഷി, ചര്‍മബന്ധിതമായ പാദങ്ങള്‍ ശക്തമായി മണല്‍പ്പരപ്പിലൂന്നി തീരംതേടുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെയും പസിഫിക്, അറ്റ്ലാന്റിക് ഉള്‍ക്കടല്‍ഭാഗത്ത് മാത്രം കണ്ടുവരുന്ന നീലമുഖി കടല്‍വാത്തയായിരുന്നു അത്. ഇവ പ്രജനനത്തിന്നായി മാത്രം തീരംതേടുന്നവരാണ്. ദേശാടനപാതയില്‍ വഴിതെറ്റിയോ ഇടത്താവളം തേടിയോ വിരുന്നെത്തിയ ഒരു വിശിഷ്ടാതിഥിയെ പകര്‍ത്താനായതിന്റെ ആഹ്ലാദത്തോടെയായിരുന്നു ഞങ്ങളുടെ മടക്കം.