ഹിന്ദി ബിഗ് ബോസ് ഒ.ടി.ടി.യുടെ മൂന്നാമത്തെ സീസണ്‍ തുടങ്ങിയപ്പോഴേ വലിയ വിവാദമായിരുന്നു. അതിലെ മത്സരാര്‍ഥികളുടെ പേര് തന്നെയായിരുന്നു അതിന്റെ പ്രധാനകാരണം. യൂട്യൂബറായ അര്‍മാന്‍ മാലിക്, ഭാര്യമാരായ പായല്‍ മാലിക്, കൃതിക മാലിക് എന്നിവരുടെ പേര് അധികൃതര്‍ പുറത്തുവിട്ടപ്പോഴേ സംഭവം വിവാദമായി. ബഹുഭാര്യത്വം ബിഗ് ബോസ് പ്രോത്സാഹിപ്പിക്കുന്നു എന്നുപറഞ്ഞ് ചര്‍ച്ചകള്‍ ഒരുപാട് ഉയര്‍ന്നു. 

പിന്നീട് ഷോ തുടങ്ങിയശേഷവും വിവാദങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. ബിഗ് ബോസിലെ പല മുന്‍മത്സരാര്‍ഥികളും ഷോയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. രൂക്ഷമായ വിമര്‍ശനങ്ങളുമായി ആളുകള്‍ എത്തിയപ്പോള്‍ തന്നെയാണ്, അര്‍മാന്‍ മാലിക് സഹമത്സരാര്‍ഥിയെ മര്‍ദിക്കുന്നത്. കൃതികയോട് ഇഷ്ടം തോന്നുന്നുവെന്ന് പറഞ്ഞതിനാണ് അര്‍മാന്‍, വിശാല്‍ പാണ്ഡെ എന്നയാളെ മര്‍ദിച്ചത്. അതിനിടയില്‍ പായല്‍ ഷോയില്‍നിന്ന് പുറത്തുപോയി. 

ഏറ്റവുമൊടുവിലായി അര്‍മാനും കൃതികയും തമ്മിലുള്ള ഇന്റിമേറ്റ് വീഡിയോയാണ് ചര്‍ച്ചയാവുന്നത്. അതോടെ വന്‍ പ്രതിഷേധമാണ് ഷോയുടെ നിര്‍മാതാക്കള്‍ നേരിടേണ്ടിവന്നത്. ശിവസേന പരിപാടിക്കെതിരെ പോലീസിനും മഹാരാഷ്ട്ര സര്‍ക്കാരിനും പരാതി കൊടുക്കുകയും ചെയ്തു. ഒടുവില്‍ അത് ഫേക്ക് വീഡിയോയാണെന്നുള്ള ഔദ്യോഗികവിശദീകരണം നിര്‍മാതാക്കള്‍ പുറത്തിറക്കുകയും ചെയ്തു.  

പിരിയാനുള്ള തീരുമാനം...
2011-ലാണ് അര്‍മാന്‍ പായലിനെ വിവാഹം ചെയ്യുന്നത്. അതിലൊരു മകനുണ്ട്. 2018-ല്‍ പായലിന്റെ സുഹൃത്തായ കൃതികയെയും വിവാഹം കഴിച്ചു. 2022 ഡിസംബറില്‍ ഗര്‍ഭിണികളായ പായലിന്റെയും കൃതികയുടെയും ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് അര്‍മാന്‍ മാലിക്കിനെക്കുറിച്ച് ആളുകള്‍ കൂടുതല്‍ അറിയുന്നത്. അന്നുമുതലേ സോഷ്യല്‍മീഡിയയുടെ ട്രോളിങ് നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ കുടുംബം. അതിനിടയിലാണ് മൂന്നുപേരും ബിഗ് ബോസിലെത്തുന്നത്.

placeholder
ബിഗ് ബോസ് ഒ.ടി.ടി.യുടെ അവതാരകനായ അനില്‍ കപൂറിനോടൊപ്പം

ആദ്യദിവസങ്ങളില്‍ തന്നെ പായല്‍ ഷോയില്‍നിന്ന് പുറത്തായി. പുറത്തുവന്ന പായല്‍ തന്റെ സഹോദരിയുടെ വീട്ടിലേക്ക് മാറിയിരുന്നു. അര്‍മാനും കൃതികയും ബിഗ് ബോസ് ഹൗസില്‍ തന്നെയായതിനാല്‍, ആളുകളുടെ കമന്റുകളും ട്രോളുകളും പലതും ഇപ്പോള്‍ സഹിക്കേണ്ടിവരുന്നത് പായലാണ്. അതോടെ താന്‍ അര്‍മാനുമായി പിരിയാന്‍ പോവുകയാണെന്ന് പായല്‍ വ്‌ളോഗിലൂടെ അറിയിക്കുകയും ചെയ്തു. 

ട്രോളുകളും നെഗറ്റീവ് കമന്റുകളും തന്റെ കുട്ടികളെ കൂടി ബാധിച്ചുതുടങ്ങിയതുകൊണ്ടാണ്, താന്‍ പിരിയാനുള്ള തീരുമാനം എടുത്തതെന്നും പായല്‍ പറയുന്നു. ''ഈ വെറുപ്പും നാടകവുമെല്ലാം എനിക്ക് മടുത്തു. എന്നെക്കുറിച്ചാണെങ്കില്‍ കുഴപ്പമില്ല, പക്ഷേ എന്റെ കുട്ടികളെ കൂടി അതിലുള്‍പ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഇത് സഹിക്കാന്‍ പറ്റില്ല. അര്‍മാന്‍ കൃതികയ്‌ക്കൊപ്പം കഴിഞ്ഞോട്ടെ. കുഞ്ഞുങ്ങളെ ഞാന്‍ നോക്കിക്കോളാം''.  

ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തില്‍ അര്‍മാന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് പായല്‍ പ്രതികരിക്കുകയും ചെയ്തു. ''അത് തികച്ചും അന്യായമായിരുന്നു. കൂട്ടുകാരിയെ അദ്ദേഹം വിവാഹം കഴിച്ചപ്പോള്‍ ഞാന്‍ തകര്‍ന്നുപോയിരുന്നു. തന്റെ പുരുഷന്‍ മറ്റൊരു സ്ത്രീയെ വീട്ടില്‍ കൊണ്ടുവരുന്നതിലും വലിയൊരു വേദന വേറെയില്ല. ആര്‍ക്കെങ്കിലും അത് സഹിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല'', പായല്‍ പറഞ്ഞു. ആരും അര്‍മാനെ പോലെ ചെയ്യരുതെന്നും പായല്‍ കൂട്ടിച്ചേര്‍ത്തു. 

അര്‍മാന്റെ രണ്ടാം വിവാഹത്തോടെ തങ്ങള്‍ ഒരുവര്‍ഷത്തോളം പിരിഞ്ഞുതാമസിച്ചുവെന്നും പായല്‍ പറയുന്നു. ''ഞാന്‍ വീടുവിട്ടിറങ്ങിയെങ്കിലും എനിക്ക് അര്‍മാനില്ലാതെ ജീവിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ അദ്ദേഹത്തോടൊപ്പം ജീവിക്കുകയായിരുന്നു, അദ്ദേഹം എന്റെ എല്ലാമായിരുന്നു. അപ്പോഴാണ് മറ്റൊരാള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. എന്നോടുള്ള അന്യായം തന്നെയായിരുന്നുവത്''.