ആധുനികതയിൽ നിന്നും സാങ്കേതികവിദ്യയിൽ നിന്നും വളരെ അകലെ ജീവിക്കുന്നവരാണ് ഗോത്രവർഗ്ഗക്കാർ. പുരാതന ആചാരങ്ങൾ പിന്തുടരുന്ന ഇവരുടെ രീതികൾ വിചിത്രവും ഭയാനകവുമാണ്. അത്തരത്തിലൊരു ഗോത്രവർഗ്ഗമാണ് പാപുവ ന്യൂ ഗിനിയയിൽ താമസിക്കുന്ന കൊറോവായ് ഗോത്രം.

To advertise here,

അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടുകയും മരക്കൊമ്പുകളിൽ അന്തിയുറങ്ങുകയും ചെയ്യുന്നവരാണ് ഈ ഗോത്രക്കാർ. വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രം ധരിക്കുന്ന, നിരവധി അന്ധവിശ്വാസങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്ന ഗോത്രസമൂഹം കൂടിയാണ് കൊറോവായ് ജനത.

മോഷണം പോലുള്ള തെറ്റുകൾ ചെയ്യുന്നവരെ ഇവിടെ കത്തിച്ചു കൊല്ലുകയും പിന്നീട് അവരുടെ മാംസം കഴിക്കുകയും ചെയ്യുന്നു. കേൾക്കുമ്പോൾ ഭയാനകമായി തോന്നാമെങ്കിലും, ആളുകൾ ഇതിനെ അവരുടെ സാമൂഹികനിയമമായി കണക്കാക്കുന്നു.

കൊറോവായ് ഗോത്രം വിശ്വസിക്കുന്നത് ഖാക്കുവ എന്ന ഭൂതം മനുഷ്യരുടെ മനസ്സിനെ കീഴടക്കി അവരെ പ്രേതങ്ങളോ മന്ത്രവാദികളോ ആക്കി മാറ്റുന്നു എന്നാണ്. ഈ ഭൂതത്തിന് സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ആയി മാറാനും കഴിയും എന്നതാണ് ഗോത്രവർഗ്ഗക്കാരുടെ വിശ്വാസം.

അവർ മനുഷ്യശരീരത്തിലെ മിക്കവാറും എല്ലാ ഭാഗങ്ങളും ഭക്ഷിക്കുന്നു, എന്നാൽ മുടി, നഖം, ലിംഗം എന്നിവ ഒഴിവാക്കുന്നു. ഈ ഭാഗങ്ങൾ അശുദ്ധമാണെന്നും അവ കഴിക്കാൻ പാടില്ലെന്നും അവർ വിശ്വസിക്കുന്നു. മാത്രമല്ല, 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മനുഷ്യമാംസം കഴിക്കാനും നൽകില്ല. കാരണം, മനുഷ്യമാംസം കഴിക്കുന്ന കുട്ടികൾ ഖാക്കുവയുടെ പിടിയിലാകുമെന്നാണ് അവരുടെ വിശ്വാസം. 

ഒരാൾക്ക് ഖാക്കുവ ബാധയേറ്റാൽ, ആ വ്യക്തി ക്രമേണ അപകടകാരിയായി മാറുകയും മുഴുവൻ സമൂഹത്തിനും ദോഷം വരുത്തുകയും ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നു. അതിനാൽ, ഈ ഭൂതബാധയേറ്റ ആളിനെ ഉടൻതന്നെ കൊന്നുകളയുന്നു. ആരെങ്കിലും രോഗം ബാധിച്ച് മരിച്ചാലും, ഈ ഭൂതമാണ് കാരണമെന്ന് സമൂഹം വിശ്വസിക്കുന്നു. ഈ അന്ധവിശ്വാസം കാരണം, പലപ്പോഴും ആളുകൾ സ്വന്തം കുടുംബാംഗങ്ങളെ വരെ കൊന്നുകളയുന്നു.

പുറംലോകത്തുനിന്നും അവിടെയെത്തുന്ന മനുഷ്യർക്ക് ഗോത്രക്കാർ മനുഷ്യമാംസം നൽകും, അത് കഴിച്ചുകഴി‍ഞ്ഞാൽ മാത്രമാണ് ഗോത്രം, അയാളെ അവരുടെ സമൂഹത്തിന്റെ ഭാഗമായി കണക്കാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi