“മാഡം! മാഡം” തോളില്‍ തട്ടിവിളിക്കുന്ന പുരുഷശബ്ദം കേട്ട് ഉച്ചമയക്കത്തില്‍ നിന്ന് ഞാന്‍ ഞെട്ടിയെഴുന്നേറ്റു. “ആപ്‌കെ കമ്പാര്‍ട്‌മെന്റ് മെ കോയി നഹി ഹെ. സേഫ് നഹി റഹേഗ. ബാജുവാല കമ്പാര്‍ട്‌മെന്റ് മെ ജായിയെ” (നിങ്ങളുടെ കമ്പാര്‍ട്‌മെന്റില്‍ ആരുമില്ല. സേഫ് അല്ല. തൊട്ടടുത്ത കമ്പാര്‍ട്‌മെന്റില്‍ പോയിരിക്കൂ)

To advertise here,

കാക്കിക്കുപ്പായക്കാരന്‍ ഉറക്കത്തിനു ഭംഗംവരുത്തിയെങ്കിലും പറഞ്ഞതില്‍ കാര്യമുള്ളതുകൊണ്ട് ക്ഷമിച്ചു. ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കി. ശരിയാണ്. ആരുമില്ല. ഇത് ഇന്ത്യാമഹാരാജ്യം ആയതുകൊണ്ടും ഞാനൊരു പെണ്ണായതുകൊണ്ടും റിസ്‌ക് എടുക്കാന്‍ മനസ്സുവന്നില്ല. എതിരൊന്നും പറയാതെ തൊട്ടടുത്ത കമ്പാര്‍ട്‌മെന്റിലേക്ക് നീങ്ങി. അവിടെയും അധികം ആളില്ല. മധ്യവയസ്‌കരായ രണ്ടു ദമ്പതികള്‍ മാത്രം. രാവിലെ 6.45-ന് വിശാഖപ്പട്ടിണത്തുനിന്നു പുറപ്പെട്ടപ്പോള്‍ മൊട്ടുസൂചി വെക്കാന്‍ സ്ഥലമില്ലാതിരുന്ന ട്രെയിനാണ്! ഏകദേശം എല്ലാവരും കോരാപ്പുട്ട് ഇറങ്ങിക്കാണണം. ഒഡിഷക്കാരുടെയും ആന്ധ്രാക്കാരുടെയും വയനാടാണ് കോരാപ്പുട്ട്. ഒരിക്കല്‍ പോയിട്ടുണ്ട്. മൂന്നാറും തിരുന്നെല്ലിയുമൊക്കെ കണ്ടു ശീലിച്ച നമ്മളെ ആകര്‍ഷിക്കാന്‍ തക്കതായി ഒന്നുംതന്നെയില്ല.

എന്റെ സ്റ്റേഷന്‍ അടുത്തതാണ്, ജെയ്‌പോര്‍. ഒഡിഷയിലെ ഒരു കുഞ്ഞുപട്ടണം. ജെയ്‌പോറില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെ ഓനുക്കുഡെലി എന്നൊരു ഗ്രാമമുണ്ട്. അവിടെ എല്ലാ വ്യാഴാഴ്ചകളിലും ഒരു ആദിവാസിച്ചന്ത നടക്കാറുണ്ട്. അത് കാണണമെന്ന മോഹം തലയ്ക്കു പിടിച്ചപ്പോളാണ് നേരെ ജെയ്‌പ്പോറിലേക്ക് പുറപ്പെട്ടത്.

സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ നട്ടുച്ച ആയെങ്കിലും വെയില്‍ ലവലേശമില്ല. ആകെയൊരു മൂടാപ്പ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാലാവസ്ഥയാണത്. പുറത്തേക്കിറങ്ങിയപ്പോള്‍ നിരത്തിയിട്ടിരുന്ന ഷെയര്‍ ഓട്ടോകളിലൊന്നില്‍ കണ്ട ഒരു മുഖത്ത് എന്റെ കണ്ണുടക്കി. തിങ്ങിനിറച്ച ഓട്ടോയുടെ പിന്‍വാതിലിനോട് ചേര്‍ന്ന് ചുവന്ന പൂക്കളുള്ള കറുത്ത സാരി അണിഞ്ഞു മെലിഞ്ഞു കൊലുന്നനെയുള്ള ശരീരം. ജാക്കറ്റ് ധരിച്ചിട്ടില്ല. മൂക്കിന്റെ ഇരുവശങ്ങളിലുമായി വൃത്താകൃതിയില്‍ നല്ല വലിപ്പത്തിലുള്ള സ്വര്‍ണനിറമുള്ള മൂക്കുത്തികള്‍. കൈകളില്‍ നീല കുപ്പിവളകള്‍. നടുവില്‍ നിന്ന് അല്പംമാറി ചരിഞ്ഞുകുത്തിയ ചുമന്ന പൊട്ട്. നിഷ്‌കളങ്കമായ കണ്ണുകള്‍. സുന്ദരിയാണെന്ന് ഞാന്‍ ആംഗ്യം കാണിച്ചപ്പോള്‍ കണ്ണിറുക്കി ചിരിച്ചു. ഹിന്ദി അറിയില്ല. ഓട്ടോച്ചേട്ടന്‍ ആണ് ഞങ്ങളുടെ ഇടയിലെ പരിഭാഷകന്‍. ദീദിയുടെ പേര് സരള. കോരാപ്പുട്ടാണ് വീട്. ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചപ്പോള്‍ കൈയ്യിലുള്ള കവറില്‍നിന്ന് ഒരു സ്‌കാര്‍ഫ് പുറത്തെടുത്തു. മാറിന് പുറത്തൂടെ അലസമായി ചുറ്റിയിട്ട് എടുത്തോളാന്‍ തലയാട്ടി.

ഗോന്ത് എന്ന ആദിവാസി ഗോത്രത്തില്‍പെട്ടയാളാണ് സരള ദീദി. അവരുടെ പ്രത്യേകതയാണ് ഇത്തരത്തിലുള്ള വലിയ വട്ടമൂക്കുത്തികള്‍. ഗോന്ത്, സന്താല്‍, ഡോങ്രിയ, ബൊണ്ട തുടങ്ങി ഏകദേശം 62 ആദിവാസിഗോത്രങ്ങള്‍ ഒഡിഷയില്‍ ഉണ്ട്. ഇവരില്‍ പലരും വ്യാഴാഴ്ചകളില്‍ രാവിലെയോടെ ഓനുക്കുഡെലിയില്‍ എത്തും. കാട്ടുതേനും മുളങ്കൂമ്പുകളും ചാരായവും ഉണക്കമീനും മറ്റും വിറ്റിട്ട് പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങി തിരികെമടങ്ങും. ഫോട്ടോ എടുത്തിട്ട് ദീദിയെ കാണിച്ചുകൊടുത്തു. ആള്‍ക്ക് ഒരുപാടിഷ്ടായി. ശേഷം റ്റാറ്റാ പറഞ്ഞു ഞാന്‍ ഒരു ഓട്ടോ തപ്പിപ്പിടിച്ചു.

“ഭയ്യ! ഉദയ് പാലസ്” ഇവിടെയാകെ മൂന്നുനാല് ഹോട്ടലാണ് ഓണ്‍ലൈനില്‍ കണ്ടത്. കൂട്ടത്തില്‍ മെനയുള്ളതെന്ന് തോന്നിയത് ഉദയ് പാലസ് മാത്രം. ഓട്ടോ നിര്‍ത്തിയത് ചോര്‍ന്നൊലിക്കുന്ന ഒരു കെട്ടിടത്തിനു മുന്നിലാണ്. ആകെമൊത്തം ഒരു സുഖമില്ല. 2500 രൂപ കൊടുത്തതാണ്. കാന്‍സല്‍ ചെയ്താല്‍ നയാപൈസ കിട്ടില്ലെന്ന് മാത്രമല്ല ഇതിലും മെനകെട്ട സ്ഥലങ്ങളിലേക്കാണ് പിന്നെ പോകേണ്ടി വരുന്നത്. റിസപ്ഷനിസ്റ്റ് ആദ്യമേ നിയമങ്ങളൊക്കെ പറഞ്ഞുതന്നു. 

1)സിംഗിള്‍ ഒക്കുപ്പന്‍സിയാണ്. മറ്റൊരാളെ പ്രവേശിപ്പിക്കരുത്.
2)കറന്റ് കട്ടായാല്‍ പിന്നെ AC പ്രവര്‍ത്തിക്കില്ല.
3)പെട്ടെന്ന് ലൈറ്റ് പോയാലും പേടിക്കരുത്. അഞ്ചു മിനിറ്റിനുള്ളില്‍ വരും.
4)ഞങ്ങള്‍ക്ക് റെസ്റ്റോറന്റ് ഇല്ല. പക്ഷെ വെളിയില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കില്ല.
5)വെള്ളമല്ലാത്ത പാനീയങ്ങളൊന്നും തന്നെ അനുവദിക്കില്ല
6)രാത്രി പത്തുമണിക്ക് മുന്‍പ് തിരിച്ചെത്തണം

പെട്ടെന്ന് കോളേജ് ഹോസ്റ്റല്‍ ഓര്‍മ്മ വന്നു. ഒരു രാത്രിയുടെ കാര്യമല്ലേയുള്ളൂ, തര്‍ക്കിക്കണ്ട-എന്ന് സ്വയം പറഞ്ഞുകൊണ്ട് താക്കോല്‍ വാങ്ങി. മുറി തുറന്നപ്പോള്‍ ഈര്‍പ്പവും സിമെന്റും ചേര്‍ന്ന വല്ലാത്തൊരു മണം. എങ്കിലും വൃത്തിയുള്ള മുറി. ബാഗൊക്കെ എടുത്തുവെച്ചു വേഗം പുറത്തിറങ്ങി. ലക്ഷ്യം ബസ്സ്റ്റാന്‍ഡാണ്. ഓനുക്കുഡെലിക്ക് പിറ്റേന്ന് രാവിലെ പുറപ്പെടുന്ന ബസിന്റെ സമയം അറിയണം. തിരക്കിയപ്പോള്‍ ഒരു നടയ്ക്ക് പോകുന്ന പരിപാടി അല്ലെന്ന് മനസിലായി. അതിരാവിലെ അഞ്ചു മണിക്കെങ്കിലും പുറപ്പെടണം അവിടെ ഒരു 10.30ന് എത്താന്‍. വെറും 65 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ സര്‍ക്കാര്‍ ബസ്സിന് ആറു മണിക്കൂര്‍ വേണം പോലും! ഇതിനിടക്ക് വണ്ടിക്ക് എന്തെങ്കിലും പറ്റിയാല്‍ വീണ്ടും നീളും.

“അഞ്ചുമണിയോടെ ബസ് ഉറപ്പായും പുറപ്പെടുമോ സര്‍?”
“അതുപറയാന്‍ പറ്റില്ല മാഡം. നിങ്ങള്‍ രാവിലെ ഇവിടെ വന്ന് അന്വേഷിക്കൂ”
പതിനൊന്നോടെ ഏകദേശം ചന്ത കെട്ടിപ്പൂട്ടും. പിന്നെ പോയിട്ട് കാര്യമില്ല. സര്‍ക്കാര്‍ ബസ്സിനെ നമ്പി എങ്ങാനും വൈകിയാല്‍ പിന്നെ ഒരു ആഴ്ച കഴിയണം ഈ ചന്ത ഒന്നു കാണാന്‍! വാടകക്ക് സ്‌കൂട്ടറും കിട്ടാനില്ല. ഇനി ടാക്‌സി തന്നെ ശരണം. പിറ്റേന്ന് രാവിലേക്ക് ടാക്‌സി ബുക്ക് ചെയ്തുവെച്ചു.

പറഞ്ഞ സമയത്ത് വണ്ടിയുമായി ആളെത്തി. ഫോണില്‍ കേട്ട ശബ്ദത്തില്‍ നിന്ന് ഊഹിച്ചപോലെ, മധ്യവയസ്‌കന്‍. രഘുദാദ. ഹൃദ്യമായ പെരുമാറ്റം. വാ തോരാതെ സംസാരിക്കും. അച്ഛന്‍ ജന്മിയായിരുന്നതും ചീട്ടുകളിച്ചു സ്വത്തൊക്കെ നശിപ്പിച്ചതും ഇന്നലെ കഴിഞ്ഞപോലെ മൂപ്പര് പറഞ്ഞു. കടം കേറിയപ്പോള്‍ പഠിപ്പ് നിര്‍ത്തി പല ജോലിയും ചെയ്തു. പ്രീഡിഗ്രിക്ക് അന്ന് പഠിച്ചിരുന്ന ചേട്ടന്റെ ഫീസ് അടച്ചു, വീട്ടുചെലവുകള്‍ നോക്കി. ദാദയുടെ ചേട്ടന്‍ ഹോമിയോ ഡോക്ടര്‍ ആണ്. ആരുടെയൊക്കെയോ വണ്ടി ഓടിച്ചിരുന്ന മനുഷ്യന് ഇന്ന് സ്വന്തമായി വണ്ടികളും ടെമ്പോ ട്രാവലറും ഒക്കെയുണ്ട്. രണ്ടു പെണ്മക്കളും പഠിക്കുന്നു. അഭിമാനത്തോടെ സ്വന്തം ജീവിതം ദാദ പറഞ്ഞുനിര്‍ത്തി. കുണ്ടും കുഴിയുമില്ലാത്ത വിശാലമായ വഴികളിലൂടെ വണ്ടി നീങ്ങി. ഇരുവശങ്ങളിലും ഇടതൂര്‍ന്ന മരങ്ങള്‍. ചെറിയൊരു ചാറ്റല്‍മഴ. ഇടക്കിടക്ക് കാണുന്ന ആട്ടിടയന്മാരും കര്‍ഷകരുമൊഴിച്ചാല്‍ റോഡില്‍ ആരുമില്ല. പശ്ചിമഘട്ടം കണ്ടു ശീലിച്ച എന്റെ കണ്ണുകള്‍ക്ക് മുന്നില്‍ സൗന്ദര്യം മുഴുവന്‍ നിറച്ച് പൗരസ്ത്യഘട്ടം സ്വയം വെളിപ്പെട്ടു. എനിക്കായി മാത്രം ആ വഴികള്‍ ഒരുങ്ങി നിന്നു. ഒടുവില്‍ ഇടുങ്ങിയ ഒരു റോഡിറങ്ങി ചന്തയില്‍ എത്തി.

തകൃതിയായി കച്ചവടം നടക്കുന്നു. കാട്ടുതേനും മുളങ്കൂമ്പും ഉണക്കമീനും പച്ചക്കറിയും സോപ്പും കണ്ണാടിയും പൊട്ടും എല്ലാമുണ്ട്. പശ്ചാത്തലത്തില്‍ എല്ലാത്തിനും മൂകസാക്ഷിയായി ബൊണ്ട കുന്നുകള്‍ പച്ചപൊതിഞ്ഞങ്ങനെ നില്‍ക്കുകയാണ്. കച്ചവടക്കാരില്‍ കൂടുതലും സ്ത്രീകളാണ്. ഗോന്ത്, സന്താല്‍ വിഭാഗത്തില്‍ പെട്ടവരാണ് സിംഹഭാഗവും. ക്യാമറ എടുത്താല്‍ അവര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതി അങ്ങനെ നിന്നപ്പോള്‍ ഒരു മൂലയില്‍ ഉണക്കമീന്‍ വില്‍ക്കുന്ന രണ്ടുപേര് എന്നെ ചൂണ്ടി അടക്കം പറഞ്ഞു ചിരിക്കുകയാണ്. പാന്റ് ഇട്ട പരിഷ്‌കാരിയെ കണ്ടിട്ടാവും, ഞാന്‍ ഊഹിച്ചു. ഞാന്‍ അങ്ങോട്ടേക്ക് നീങ്ങി. അവര്‍ക്ക് ഹിന്ദി അറിയില്ല. പേരെന്താണെന്ന് ഞാന്‍ എങ്ങനെയൊക്കെയോ ചോദിച്ചു. ശശി ദീദിയും തൂഷ ദീദിയും. ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ആംഗ്യം കാണിച്ചപ്പോള്‍ എടുത്തോളാന്‍ പറഞ്ഞു. പച്ചക്കൊടി കിട്ടിയതും ഞാന്‍ തുരുതുരെ ഫോട്ടോ എടുത്തു.

ഇതൊക്കെ കണ്ട് തൊട്ടടുത്തു തന്നെ ബൊണ്ട വിഭാഗത്തില്‍ പെട്ടൊരു സ്ത്രീ നില്‍പ്പുണ്ടായിരുന്നു. പുറം ലോകവുമായി അധികം ബന്ധം പുലര്‍ത്താത്ത സംരക്ഷിതഗോത്രം ആണ് ബൊണ്ട. ഇവരാണ് ബൊണ്ട കുന്നുകളുടെ അവകാശികള്‍. റെമോ ഭാഷ മാത്രം സംസാരിക്കുന്ന ഇവര്‍ ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ ഗോത്രങ്ങളില്‍ ഒന്നാണ്. പറ്റെ വെട്ടിയ മുടിയില്‍ തലപ്പാവുപോലെ ആ ദീദി മുത്തുമാലകള്‍ ചുറ്റിയിട്ടുണ്ട്. കഴുത്തിനോട് ചേര്‍ന്ന് വെള്ളിവളയങ്ങള്‍, ഇരുകൈകളിലും വളകള്‍, മേല്‍ക്കാതില്‍ കാപ്പുകള്‍ അങ്ങനെ മൊത്തത്തില്‍ കാണാന്‍ നല്ല ഭംഗിയാണ്. ഞാന്‍ നോക്കി ചിരിച്ചപ്പോള്‍ പുള്ളിക്കാരി ''പെസോ, പെസോ” എന്നുരുവിട്ടു കൊണ്ടിരുന്നു. എന്താണെന്ന് പിടികിട്ടാതെ നിന്ന എന്നോട് അടുത്തിരുന്ന സ്ത്രീ “വോ പൈസ മാംഗ് റഹി ഹെ” എന്നു പറഞ്ഞു തന്നു. ഇടക്ക് ഫോട്ടോ എടുക്കാനും മറ്റും വരാറുള്ള വെള്ളക്കാര്‍ ശീലിപ്പിച്ചതാണ്. ഇപ്പോള്‍ കക്ഷിയുടെ പ്രധാനവരുമാനം ഇതുപോലെ ഫോട്ടോ എടുക്കാന്‍ വരുന്ന ടൂറിസ്റ്റുകള്‍ കൊടുക്കുന്ന പൈസയാണ്. രഘു ദാദക്ക് ഈ പൈസ ചോദിച്ചുവാങ്ങല്‍ കര്‍മം അത്രക്ക് പിടിച്ചില്ലെങ്കിലും ഞാന്‍ കൊടുത്തപ്പോള്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല.

അല്പം മുന്നോട്ട് നടന്നപ്പോള്‍ ഹൃദ്യമായ ഒരു കാഴ്ച കണ്ടു. ഏകദേശം 20 വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി കുഞ്ഞിനെ മുലയൂട്ടുന്നു. നമ്മുടെ നാട്ടില്‍ കാണുന്നപോലെ ശീലയിട്ട് മറച്ചിട്ടൊന്നുമല്ല. ഒക്കത്തിരിക്കുന്ന വാവ തന്റെ കുഞ്ഞിക്കൈകള്‍ കൊണ്ട് അമ്മയുടെ മുല പിടിച്ചു കുടിക്കുന്നു. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍ കൊണ്ട് അവൾ മെല്ലെ എന്നെ നോക്കി ചിരിച്ചു. പുരുഷന്മാര്‍ ധാരാളം അവിടെയുണ്ടെങ്കിലും 'സംസ്‌കാരസമ്പന്നര്‍' നിറഞ്ഞ തിരക്കേറിയ നഗരവീഥികളിൽ നമ്മള്‍ സ്ത്രീകള്‍ നേരിടാറുള്ള male gaze എന്ന ചെല്ലപ്പേരില്‍ ഒതുക്കുന്ന അറപ്പുളവാക്കുന്ന കടാക്ഷങ്ങള്‍ അവിടെ കാണാന്‍ സാധിച്ചില്ല. ഇവിടെ വന്നിറങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ അതു ശ്രദ്ധിക്കുന്നതാണ്. പൊതുസമൂഹം അപരിഷ്‌കൃതര്‍ എന്നു വിളിക്കുന്ന ഇവര്‍ ഒരു നോട്ടം കൊണ്ട് പോലും ആരെയും ബുദ്ധിമുട്ടിക്കുന്നില്ല. അവരുടെ പെണ്ണുങ്ങള്‍ക്ക് ഭീഷണി കാടുകേറി വരുന്ന നമ്മളെ പോലുള്ളവര്‍ മാത്രമാണ്.

പ്രധാനചന്തയില്‍ നിന്ന് മുന്‍പോട്ട് നടന്ന് വലത്തേക്ക് തിരിഞ്ഞാല്‍ മറ്റൊരു ചന്തയിലെത്തും. ചെറുതെങ്കിലും ഇവിടെയാണ് ഏറ്റവും ഡിമാന്‍ഡ് ഉള്ളൊരു സംഭവം കിട്ടുന്നത്-സാല്‍പേ. പനക്ക് സമാനമായ സാലാപ് എന്ന മരത്തില്‍ നിന്നും ചെത്തുന്ന കള്ള്. മണ്‍കുടങ്ങളില്‍ നിറച്ചുവെച്ച് സ്ത്രീകള്‍ വ്യാഴാഴ്ചകളില്‍ കാടിറങ്ങി വില്‍ക്കും. പുരുഷന്മാര്‍ നിരന്നിരുന്ന് അച്ചടക്കത്തോടെ സേവിക്കുന്നു. തൊട്ടടുത്തു തന്നെ പുഴമീനുകള്‍ വെട്ടി വൃത്തിയാക്കി പൊരിച്ചെടുക്കുന്നുണ്ട്. ഒരാള്‍ നേരെ വന്ന് വില്‍ക്കുന്ന സ്ത്രീയോട് എന്തോ പറഞ്ഞു. അവര്‍ തലയാട്ടി സമ്മതിച്ചു. അയാളുടെ കൈയ്യിലെ സഞ്ചിയില്‍ നിന്ന് ഇരുനാഴി അരി കൊടുത്ത് അയാള്‍ ഒരു കോപ്പ കള്ളു വാങ്ങി. പഴയ ബാര്‍ട്ടര്‍ സമ്പ്രദായം.

ഏകദേശം 11 മണിയോടെ ഓരോരുത്തരായി പൊഴിഞ്ഞു പോകാന്‍ തുടങ്ങി. ഞങ്ങളും തിരിച്ചു. എന്നെ ഹോട്ടലിലാക്കി 4 മണിയോടെ സ്റ്റേഷനില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് രഘു ദാദ മടങ്ങി. കൃത്യം നാലിനു ദാദ ഹാജര്‍. സ്റ്റേഷനില്‍ എത്തി പണം കൊടുത്തുകഴിഞ്ഞപ്പോള്‍ ഞാന്‍ ട്രെയിന്‍ പുറപ്പെടുന്ന വരെ ഇവിടെ നില്‍ക്കാം എന്നുപറഞ്ഞു. എനിക്കും രണ്ടു പെണ്‍കുട്ടികളാണ്. ഒറ്റക്കു വിടാന്‍ മനസ്സ് വരുന്നില്ല എന്നു പറഞ്ഞപ്പോള്‍ ഞാന്‍ തടഞ്ഞില്ല. വണ്ടി പാര്‍ക്ക് ചെയ്തിട്ട് വരാം എന്നു പറഞ്ഞു പോയ ദാദ തിരിച്ചു വന്നത് വെള്ളവും കോളയും ചിപ്‌സുമെല്ലാം നിറച്ച ഒരു പൊതിയുമായിട്ടാണ്. എത്ര പറഞ്ഞിട്ടും സാധനങ്ങളുടെ പൈസ വാങ്ങിയതുമില്ല. എത്തിയിട്ട് വിളിച്ചു പറയണമെന്ന് നിര്‍ബന്ധം പിടിച്ച് ആ മനുഷ്യന്‍ എന്റെ ബാഗും ട്രെയിനില്‍ കേറ്റി വെച്ച് ട്രെയിന്‍ നീങ്ങുന്നത് വരെ കൈ വീശി അവിടെത്തന്നെ നിന്നു. എന്തു പറയണമെന്ന് അറിയാതെ അല്‍പനേരം ഞാന്‍ സീറ്റില്‍ ഇരുന്നു. അച്ഛന്‍ പോയ ഈ ലോകത്ത് ഇത്തരത്തിലുള്ള ചില നിമിഷങ്ങള്‍ അച്ഛനോട് വല്ലാതെ അടുപ്പിക്കാറുണ്ട് എന്നെ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi