ബ്രിട്ടിഷ് രാജകുമാരി കെയ്റ്റ് മിഡില്‍ടണ്‍ മാസങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം പൊതുവേദിയിലെത്തി. ചാള്‍സ് രാജാവിന്റെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച നടന്ന ട്രൂപ്പിങ് ദി കളര്‍ പരേഡിലാണ് കേറ്റ് പങ്കെടുത്തത്. മാസങ്ങൾക്കുമുമ്പ് അര്‍ബുദം സ്ഥിരീകരിച്ചശേഷം ആദ്യമായാണ് കെയ്റ്റ് പൊതുവേദിയിലെത്തുന്നത്. രാജകുമാരിയുടെ കട്ടൗട്ടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ജനങ്ങൾ അവരെ സ്വാഗതം ചെയ്തത്.

മാസങ്ങളോളം പൊതുയിടങ്ങളില്‍ നിന്നെല്ലാം വിട്ടുനിന്ന കെയ്റ്റിനെപ്പറ്റി ഒട്ടേറെ അഭ്യൂഹങ്ങള്‍ അന്ന് പ്രചരിച്ചിരുന്നു. പിന്നാലെയിറക്കിയ വീഡിയോയിലൂടെ തനിക്ക് അര്‍ബുദമാണെന്നും വളരെ പ്രയാസമുള്ള ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും കെയ്റ്റ് തുറന്നുപറഞ്ഞു. വയറ്റിലെ ശസ്ത്രക്രിയക്കുശേഷമായിരുന്നു അര്‍ബുദം സ്ഥിരീകരിച്ചത്. 

കെയ്റ്റ് പൊതുമധ്യത്തിലെത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത് വെള്ളിയാഴ്ചയാണ്. വിന്‍ഡ്‌സറിലെ വീട്ടില്‍ നിന്നു പകര്‍ത്തിയ കെയ്റ്റിന്റെ ഏറ്റവും പുതിയ ചിത്രം കെന്‍സിങ്ടണ്‍ പാലസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. 

കഴിഞ്ഞുപോയ പ്രയാസകരമായ മാസങ്ങളില്‍ എല്ലാവരും നല്‍കിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും കെയ്റ്റ് സാമൂഹികമാധ്യമത്തിലൂടെ നന്ദി പറഞ്ഞു. താന്‍ 'നല്ല പുരോഗതി കൈവരിക്കുന്നുണ്ട്, എന്നാല്‍ കീമോതെറാപ്പിയിലൂടെ പോകുന്ന ആര്‍ക്കും അറിയാവുന്നതുപോലെ, നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ട്. മോശമായ ദിവസങ്ങളില്‍ ശരീരത്തിന് നല്ല വിശ്രമം വേണം.'-കെയ്റ്റ് പറയുന്നു. ശ്രദ്ധയോടെ വീട്ടില്‍ നിന്ന് കുറച്ച് ജോലികള്‍ ചെയ്യാന്‍ തുടങ്ങി, ചികിത്സ കുറച്ച് മാസങ്ങള്‍കൂടി തുടരേണ്ടിവരുമെന്നും അവരെഴുതി. 

ചാള്‍സ് രാജാവും അര്‍ബുദചികിത്സയിലാണ്. അതേസമയം, ഏപ്രില്‍ മുതല്‍ പൊതുകര്‍ത്തവ്യങ്ങളിലേക്ക് തിരിച്ചെത്തിയിരുന്നു. കേറ്റിന്റെ തിരിച്ചുവരവിനെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് സ്വാഗതം ചെയ്തു.