ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്, മുതിർന്ന നടൻ നസിറുദ്ദീൻ ഷായ്ക്കെതിരെ നടത്തിയ കുറുക്കൻ പരാമർശം വിവാദമായിരുന്നു. ഇതിനു പിന്നാലെ അതിനെ ന്യായീകരിച്ച് വീണ്ടുമെത്തിയിരിക്കുകയാണ് കങ്കണയിപ്പോൾ. ബോളിവുഡിന് പാകിസ്താനോട് (Pakistan) എപ്പോഴും ‘ആവേശമാണെ’ന്നും കങ്കണ പറഞ്ഞു. ഡൽഹിയിലെ വിദ്യാർത്ഥി സമരങ്ങളിൽ ബോളിവുഡ് സെലിബ്രിറ്റികൾ മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്ത് നസിറുദ്ദീൻ ഷാ നേരത്തേ രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മിൽ വാക്പോര് തുടങ്ങിയത്.

"അവരുടെ മനഃസാക്ഷി ആവശ്യപ്പെടുമ്പോൾ അവരത് ചെയ്യും. ഒരു ചൊല്ലുണ്ട്: വായിൽ എല്ലുള്ള നായയ്ക്ക് കുരക്കാൻ കഴിയില്ല"- എന്നായിരുന്നു ഷായുടെ പരാമർശം. ഇതിനു മറുപടിയെന്നോണം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കങ്കണയെഴുതിയത് എല്ലാവരും ഏതെങ്കിലും വിധത്തിൽ ആരുടെയെങ്കിലും നായയാണെന്നാണ്. തനിക്ക് ഭക്ഷണം തരുന്ന രാജ്യത്തെ സംരക്ഷിക്കുന്നതിലും അതിനുവേണ്ടി പോരാടുന്നതിലും താൻ അഭിമാനിക്കുന്നുവെന്നും, എന്നാൽ ഈ രാജ്യത്തെ ചോറുതിന്നിട്ട് അയൽരാജ്യത്തിന് വേണ്ടി വാദിക്കുകയാണ് ഷാ ചെയ്യുന്നതെന്നും അവർ കുറ്റപ്പെടുത്തി.

തുടർന്ന് മറ്റൊരു പരാമർശം കൂടി അവർ നടത്തി: "ഇന്നത്തെ കാലത്ത്, നായയെന്ന്‌ വിളിക്കുന്നത് മനുഷ്യർക്കൊരു അഭിനന്ദനമാണ്, കാരണം വിശ്വസ്തതയും ഭംഗിയും വളരെ അപൂർവ്വമാണ്. നസിറുദ്ദീനെപ്പോലെയുള്ള ഒരു 'ലോംഡി' (കുറുക്കൻ) ആകുന്നതിനേക്കാൾ നല്ലത് ഒരു നായയാകുന്നതാണ്."

സിനിമകളിലും പ്രസ്താവനകളിലും അഭിമുഖങ്ങളിലും ബോളിവുഡ് പാകിസ്താനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും കങ്കണ വിമർശിച്ചു. "അവരുടെ സിനിമകളായാലും പ്രസ്താവനകളായാലും അഭിമുഖങ്ങളായാലും, പാകിസ്താനോടുള്ള ഈ പ്രണയം എപ്പോഴാണ് അവസാനിക്കുക? അവർക്ക് എപ്പോഴും പാകിസ്താനോട് വലിയ ആക്രാന്തമുള്ളതുപോലെയാണ് തോന്നുന്നത്. ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നതിതാണ്. വിഭജനം കഴിഞ്ഞ് ഇത്രയധികം വർഷങ്ങൾ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഈ പ്രണയകഥ അവസാനിക്കാത്തത്? ബോളിവുഡിന്റെ പാകിസ്താൻ പ്രണയം എപ്പോഴാണ് അവസാനിക്കുക? അവർ ഇതിന് മറുപടി നൽകാൻ ബാധ്യസ്ഥരാണ്" 40- കാരിയായ താരം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi