ഒന്നരക്കിലോ തീറ്റ നൽകിയാൽ ഒരു കിലോഗ്രാം വരെ ചീവീടുകളെ വളർത്തിയെടുക്കാം, എന്നാൽ ഒരു കിലോ മാട്ടിറച്ചിയുണ്ടാക്കണമെങ്കിൽ ഏറെക്കുറെ എട്ടുമുതൽ പത്തുകിലോയോളം ഭക്ഷണം അതിനു നൽകേണ്ടിവരും. വളർത്തിയെടുക്കാൻ എളുപ്പമുള്ള, പ്രോട്ടീൻ സമ്പന്നമായ പ്രാണികളെ തിന്നുന്നതിലേക്ക് ലോകത്തെ മാംസഭോജികളെല്ലാം മാറുകയാണെങ്കിൽ പരിസ്ഥിതിക്ക് അത് വലിയ ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി.

To advertise here,

കന്നുകാലികളെ വളർത്തുമ്പോൾ പരിസ്ഥിതിക്ക് നാശമുണ്ടാകുന്നുണ്ട്. കന്നുകാലിവളർത്തലിലൂടെ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് വളരെക്കൂടുതലാണ്. ഒരു വർഷം ഒരു കന്നുകാലി 100 കിലോയിലധികം മീഥേൻ പുറന്തള്ളുന്നുവെന്നാണ് കണക്ക്. ആഗോളതാപനത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും ഇത് വലിയ സ്വാധീനമുണ്ടാക്കുന്നു. എന്നാൽ കന്നുകാലികളെക്കാൾ 80 മടങ്ങ് കുറവ് മീഥേൻ മാത്രമേ ചീവീടുകളടക്കമുള്ള പ്രാണികളെ വളർത്തുമ്പോൾ പുറത്തുവരുന്നുള്ളൂ. തീറ്റയെ ശരീരഭാരമാക്കി മാറ്റുന്നതിൽ ഷഡ്പദങ്ങൾ വളരെ കാര്യക്ഷമതയുള്ളവയാണ്. പരമ്പരാഗത കന്നുകാലി വളർത്തലിനെക്കാൾ ഷഡ്പദ കൃഷിക്ക് കുറഞ്ഞ അളവിൽ വെള്ളവും ഭൂമിയും മതി. വനനശീകരണവും ജല മലിനീകരണവും കുറയ്ക്കും. ബ്ലാക്ക് സോൾജ്യർ ഫ്ലൈയുടെ ലാർവകളെപ്പോലെ ചില ഷഡ്പദങ്ങളെ ജൈവ മാലിന്യം (ഉദാഹരണത്തിന്, ഭക്ഷണാവശിഷ്ടങ്ങൾ) നൽകി വളർത്താം, ഇത് മാലിന്യത്തെ പ്രോട്ടീനായി പുനരുപയോഗിക്കാൻ സഹായിക്കുന്നു.

പരമ്പരാഗത മാംസാഹാരത്തിന് പ്രാണികളെ പകരം വെക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ സമീപകാലത്ത് നടന്നു. പക്ഷേ, ഈ ആശയം അത്ര കണ്ട് യാഥാർഥ്യമാവില്ലെന്നതാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. ആട്ടിറച്ചിയും പന്നിയിറച്ചിയും മാട്ടിറച്ചിയുമെല്ലാം ഒഴിവാക്കി പ്രാണികളെ ഭക്ഷിക്കുന്നതിലേക്ക് ആളുകളെ മാറ്റിയെടുക്കുക അത്ര എളുപ്പമല്ല.

പാശ്ചാത്യ രാജ്യങ്ങളിൽ, പ്രാണികളെ തീൻമേശയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഭക്ഷിക്കുന്നതിൽ മാനസികമായ ബുദ്ധിമുട്ടുള്ളവരാണവർ. അമേരിക്കയിലും യൂറോപ്പിലും നടത്തിയ സർവേയിൽ 91 ശതമാനം പേരും സസ്യാധിഷ്ഠിത ബദലുകൾ പരീക്ഷിക്കാൻ തയ്യാറാണെങ്കിലും ഏകദേശം 20 ശതമാനം പേർ മാത്രമാണ് പ്രാണികളെ കഴിക്കുന്നത് പരിഗണിക്കുന്നത്. അറപ്പുതന്നെയാണ് പ്രധാനം.

ചീവീട്, പുൽച്ചാടികൾ, ഉറുമ്പുകൾ തുടങ്ങിയ പ്രാണികളെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഭക്ഷിക്കുന്നുണ്ട്. വളർത്തുന്നതിനും ഭക്ഷിക്കുന്നതിനും ചെലവു കുറവാണെങ്കിലും ഇത് പ്രാവർത്തികമാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് എൻപിജെ അഗ്രികൾച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പറയുന്നത്.

അതേസമയം, ചൈന പോലുള്ള രാജ്യങ്ങളിലെ പുതിയ ധനിക വിഭാഗക്കാർ കൂടുതലും പ്രാണികളിൽ നിന്നുമാറി മൃഗമാംസം കഴിക്കാനിഷ്ടപ്പെടുന്നവരാണ്. അടുത്ത ദശകങ്ങളിൽ ആഗോള മാംസ ഉപഭോഗം വർധിക്കാനേ ഇടയുള്ളൂ. ഇത് കാലാവസ്ഥയ്ക്കും ജലസ്രോതസ്സുകൾക്കും കൂടുതൽ സമ്മർദ്ദമേൽപ്പിച്ചേക്കും.