
പ്രതീകാത്മകചിത്രം (AI Generated)
''ബുദ്ധിയെന്നത് മനുഷ്യന് മാത്രം സവിശേഷമായുള്ള മാന്ത്രിക സിദ്ധിയാണെന്നായിരുന്നു ഇതുവരെ. എന്നാല്‍ ഇപ്പോള്‍ തോന്നുന്നു അതൊരു അടിസ്ഥാനകാര്യം മാത്രമാണെന്ന്.' ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അലയൊലികള്‍ തീര്‍ക്കുന്ന ചാറ്റ് ജിപിടിയുടെ പിതാവ് സാം ഓള്‍ട്ട്മാന്റെ വാക്കുകളാണിത്. മനുഷ്യന്റെ ബുദ്ധിയെ എന്തിനേറെ സാന്നിദ്ധ്യത്തെ വരെ യന്ത്രങ്ങള്‍ കൈയേറുമോയെന്ന ഭയത്തിലാണ് ലോകം. എന്നാല്‍ അങ്ങനെയല്ലെന്നും മനുഷ്യന്റെ ജീവിതത്തെ എളുപ്പമാക്കാനുള്ള വഴിയാണ് എഐയെന്നും വാദിക്കുന്നവര്‍ ഏറെയുണ്ട്. മനുഷ്യരുടെ ബുദ്ധിയെയും ചിന്താശൈലിയെയും അനുകരിക്കാന്‍ മനുഷ്യന്‍ തന്നെ കംപ്യൂട്ടറുകളെ പരിശീലിപ്പിച്ചെടുക്കുകയാണ് ഇവിടെ. എഐയുടെ സാധ്യതകളെ ഏറെ ആശ്രയിക്കുന്നത് ഇന്നത്തെ കൗമാരക്കാരാണ്. എഐയെ ഒരു സുഹൃത്തിനെപ്പോലെ കരുതുന്ന, ഡിജിറ്റല്‍ അടിമത്തത്തിലേക്ക് വീണുപോയ കുട്ടികള്‍ ധാരാളമുണ്ട്. കുട്ടികളും എഐയുമായുള്ള ഇടപെടലിനെ എങ്ങനെ നിയന്ത്രിക്കണമെന്നറിയാത്ത മുതിര്‍ന്നവരും ധാരാളം. ബ്രിട്ടീഷ് സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസായ അഡോളസന്‍സ് ഓര്‍ക്കുന്നില്ലേ.. ഡിജിറ്റല്‍ ലോകത്തെ കുട്ടികളെയും അവരെന്താണ് അവിടെ നേരിടുന്നതെന്ന് അറിയാത്ത മാതാപിതാക്കളെയും ആ സീരീസ് കൃത്യമായി കാണിച്ചു തരുന്നുണ്ട്.
നമ്മുടെ നാട്ടില്‍ ഇന്റര്‍നെറ്റില്‍നിന്നറിയുന്ന അറിവുകളുമായി ഒരു കൂട്ടം കുട്ടികള്‍ കുതിക്കുമ്പോള്‍ ഒരു വിഭാഗം അവിടെയെത്താനാവാതെ പകച്ചുനില്‍ക്കുന്നുമുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ സാങ്കേതികരംഗം കൊണ്ടുവരുന്ന അറിവുള്ളവനും അറിവില്ലാത്തവനുമെന്ന വിടവ് വളരെ വലുതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. അപകര്‍ഷത, ആത്മവിശ്വാസമില്ലായ്മ എന്നിവ നന്നായി പഠിക്കുന്ന കുട്ടികളില്‍പ്പോലും ഇന്നുണ്ടാവുന്നുണ്ട്. ഓപ്പണ്‍ എഐപോലുള്ള സംവിധാനങ്ങള്‍ കുട്ടികളുടെ പഠനത്തെ സഹായിക്കുന്നതിനോടൊപ്പം തെറ്റായരീതിയിലുള്ള ഉപയോഗം അവരെ ബാധിക്കുന്നുമുണ്ട്. പ്രോജക്ട് വര്‍ക്കുകള്‍, ക്രിയേറ്റീവ് വര്‍ക്കുകള്‍ എന്നിവയ്ക്കായി എഐയെ മാത്രം ആശ്രയിച്ചാല്‍ അതവരുടെ പഠനത്തെയും അറിവുകളെയും ബാധിക്കാം. അത്തരം സാങ്കേതികവിദ്യകളെ ആശ്രിക്കാന്‍ കഴിയാത്ത കുട്ടികളെയും അവ ഉപയോഗിക്കുന്നവരെയും ഒരേ രീതിയില്‍ അളക്കുന്ന സംവിധാനമാണ് നമുക്കുള്ളത്.
കഷ്ടപ്പെട്ട് ആലോചിച്ചും സമയമെടുത്തും എഴുതിയുണ്ടാക്കിയ ഒരു പ്രോജക്ടും എഐ വഴി തയ്യാറാക്കിയ പ്രോജക്ടും ഒരേ മാര്‍ക്ക് നേടിയാല്‍ ആ നീതിയില്ലായ്മ തന്നെ കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കും. സാങ്കേതികമായ അറിവില്‍ കുട്ടികള്‍ അനുഭവിക്കുന്ന പിയര്‍ പ്രഷര്‍ കൃത്യമായി പരിഗണിക്കപ്പെടണം. മുന്‍ കാലങ്ങളിലേതുപോലെയല്ല. കൗമാരക്കാരുടെ ഡിജിറ്റല്‍ ഉപയോഗത്തില്‍ കൃത്യമായ കണ്ണുവേണം ഇനി.
1. ഡീപ്‌ഫേക്ക്‌സ് സംവിധാനം വഴിയുള്ള സൈബര്‍ ബുള്ളിയിങ് വിദേശത്ത് മാത്രമല്ല സ്വദേശത്തും വ്യാപകമാകുന്നുണ്ട്. അവ ഇപ്പോള്‍ ആര്‍ക്കും എളുപ്പത്തില്‍ സാധിക്കുന്നവയാണ്. കൗമാരക്കാരുടെ ഇടയില്‍ ഇത്തരം രീതികള്‍ വര്‍ധിക്കുന്നുണ്ട്. കുട്ടികള്‍ അങ്ങനെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ സഹപാഠികളില്‍ നിന്നോ മറ്റോ നേരിട്ടാല്‍ അതിനെതിരെ പ്രതികരിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവണം. മാത്രമല്ല കുട്ടികള്‍ക്കൊപ്പം നില്‍ക്കാനും നിങ്ങളൊറ്റക്കല്ല എന്ന തോന്നല്‍ അവരിലുണ്ടാക്കാനും ശ്രദ്ധിക്കണം. എഐ അടക്കമുള്ള ഡിജിറ്റല്‍ ലോകത്തെ ചതിക്കുഴികളെപ്പറ്റിയും മാതാപിതാക്കളും കുട്ടികളും ബോധവാന്മാരായിരിക്കണം.
2. ഏത് കാര്യങ്ങളറിയാനും കുട്ടികള്‍ ഡിജിറ്റല്‍ ലോകമാണ് ഇന്ന് ആദ്യം ആശ്രയിക്കുക. എന്നാല്‍ ഇവിടെ നിന്ന് കണ്ടെത്തുന്ന വിവരങ്ങള്‍. എത്രമാത്രം ശരിയാണ്, അവരുടെ പ്രായത്തിന് യോജിച്ചതാണോ എന്നൊന്നും ഉറപ്പിക്കാനാവില്ല. ആരോഗ്യം, ലൈംഗികവിദ്യാഭ്യാസം എന്നിവയ്ക്കായി അന്തമായി ഡിജിറ്റല്‍ ലോകത്തെ ആശ്രയിക്കുന്നത് ഗുണത്തിന് പകരം ദോഷമായി തീരും. അതുകൊണ്ടു തന്നെ കുട്ടികളുടെ ഡിജിറ്റല്‍ ഉപയോഗത്തില്‍ കണ്‍ട്രോള്‍ വേണം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കുമ്പോള്‍ പേരന്റല്‍ കണ്‍ട്രോള്‍ ഉറപ്പാക്കണം. മാത്രമല്ല കുട്ടികള്‍ക്ക് എന്ത് തുറന്നു ചോദിക്കാനും സംസാരിക്കാനും കഴിയുന്നവരായിരിക്കണം മാതാപിതാക്കള്‍.
3. ദിവസവും രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഡിജിറ്റല്‍ ഡിവൈസുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. ഡിജിറ്റല്‍ ലോകത്തെ സൗഹൃദങ്ങളിലേക്കും ബന്ധങ്ങളിലേക്കും കുട്ടികള്‍ ഒതുങ്ങിപ്പോകരുത്. കൂടുതല്‍ സമയം ഡിജിറ്റല്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ സാമൂഹിക ഇടപെടലുകളില്‍ കഴിവു കുറയുന്നതായി കാണാം. രാത്രി വൈകി ഉറങ്ങുന്നതും ഇത്തരം കുട്ടികളില്‍ കാണാറുണ്ട്. അത് ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ് എന്നിവയിലേക്ക് നയിക്കാം. അത് പഠന പിന്നോക്കാവസ്ഥയിലേക്കും, അമിതമായ ദേഷ്യം പോലുള്ള വൈകാരികപ്രശ്‌നങ്ങളിലേക്കും ഇതെത്തിക്കും.
4. ദീര്‍ഘനേരം ഒരുകാര്യത്തില്‍ ശ്രദ്ധകൊടുക്കാന്‍ ഡിജിറ്റല്‍ അടിമത്തമുള്ള കുട്ടികള്‍ക്ക് കഴിയില്ല. റീല്‍സും ഷോര്‍ട്ടസും അമിതമായി കാണുന്നതാണ് ഇതിന് പ്രധാനകാരണം. എന്തെങ്കിലും കാര്യങ്ങളറിയാന്‍ അല്പനേരം ക്ഷമയോടെ നില്‍ക്കാന്‍ കുട്ടികള്‍ക്കിന്ന് കഴിയുന്നില്ല. രണ്ട് മണിക്കൂറുള്ള ഒരു സിനിമ പോലും മുഴുവനായി സ്വസ്ഥമായി കാണാന്‍ ഇവര്‍ക്ക് കഴിയില്ല. പലരും സിനിമ സ്‌കിപ്പ് ചെയ്താണ് കണ്ടെതെന്ന് പറയുന്നത് കേട്ടിട്ടില്ലേ. അപ്പോള്‍ 45 മിനിറ്റ് നീളുന്ന ക്ലാസില്‍ ഇവര്‍ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കും. ശ്രദ്ധയോടെയിരിക്കുക, ക്ഷമയോടെ കേള്‍ക്കുക... എന്നീ കഴിവുകള്‍ പുതുതലമുറയില്‍ കുറയുന്നുണ്ട്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് സമയം നിശ്ചയിക്കുന്നതിനൊപ്പം മറ്റ് ഇഷ്ടങ്ങളിലേക്കും അവരുടെ ശ്രദ്ധ തിരിക്കാം. ചിത്രം വരയ്ക്കുക, നൃത്തം ചെയ്യുക, പാട്ടുപാടുക, യോഗ പോലുള്ളവ പരിശീലിക്കുക, ഏതെങ്കിലും ഒരു കായിക ഇനം (നീന്തല്‍, ഫുഡ്‌ബോള്‍, ഹോക്കി, ആയോധനകലകള്‍) പഠിക്കാനും പരിശീലിക്കാനും പ്രേരിപ്പിക്കുക എന്നതൊക്കെ നല്ലതാണ്.
5. ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളെ മാറ്റിവെച്ച് ക്യാമ്പുകളും യാത്രകളും നടത്തുന്ന സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഒന്നോ രണ്ടോ ദിവസം അത്തരം യാത്രകളുടെയും ക്യാമ്പുകളുടെയും ഭാഗമാകാന്‍ കൗമാരക്കാരെ പ്രേരിപ്പിക്കാം. മുതിര്‍ന്നവും ഗാഡ്‌ജെറ്റുകള്‍ മാറ്റിവെച്ച് അവര്‍ക്കൊപ്പം എല്ലാദിവസവും കുറച്ചു സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കണം. ഗാഡ്‌ജെറ്റ്‌ലെസ് യാത്രകള്‍ കുടുംബമായി പ്ലാന്‍ ചെയ്യുന്നതും നല്ലതാണ്.
6. ഈ കാലത്തെ പേരന്റിങ്ങില്‍ ഏറ്റവും പ്രധാനം മാതാപിതാക്കളും ഏറ്റവും പുതിയ ഡിജിറ്റല്‍ അറിവുകള്‍ നേടുക എന്നതു തന്നെയാണ്. അതനുസരിച്ച് കുട്ടികളുടെ ഡിജിറ്റല്‍ ഉപയോഗത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും കഴിയും
7. സ്‌കൂളുകളില്‍ എഐ പോലുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗവും ദുരുപയോഗവും കുട്ടികള്‍ക്ക് മനസിലാക്കുന്ന രീതിയില്‍ ക്ലാസുകള്‍ നല്‍കുക. കുട്ടികള്‍ സ്വന്തം കഴിവുപയോഗിച്ച് ചെയ്യേണ്ട പഠനരീതികളില്‍ അങ്ങനെ തന്നെ ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ട്.
8. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആരോഗ്യകരമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാം. ഹോംവര്‍ക്കുകളും ക്ലാസ് വര്‍ക്കുകളും സ്വയം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാം. സഹായിക്കാം. ഇതിനൊപ്പം സാങ്കേതികവിദ്യയില്‍ കൂടുതല്‍ അറിവുനേടാന്‍ മുതിര്‍ന്നവരുടെ നേൃത്വത്തില്‍ അവരെ സഹായിക്കാം.
9. മൂന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഒരു ഡിജിറ്റല്‍, വിഷ്വല്‍ മാധ്യമങ്ങളും നല്‍കരുത്. മൂന്ന് വയസ്സ് മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ദിവസം ഒരു മണിക്കൂര്‍ ഇവ ഉപയോഗിക്കാന്‍ നല്‍കാം. ആറ് വയസ്സു മുതല്‍ 18 വയസ്സുവരെ രണ്ട് മണിക്കൂര്‍ മാത്രമാണ് സമയം. രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ വയ്ക്കാം. ഒരു മണിക്കൂറെങ്കിലും പുറത്ത് കളിക്കാന്‍ അവരെ നിര്‍ബന്ധിച്ച് അയക്കണം.
തയ്യാറാക്കിയത്: റോസ് മരിയ വിന്‍സെന്റ്
കടപ്പാട്:
ഡോ. അരുണ്‍ ബി.നായര്‍
പ്രൊഫസര്‍
സൈക്യാട്രി വിഭാഗം
ഗവ. മെഡിക്കല്‍ കോളേജ് തിരുവനന്തപുരം
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ https://mbi.page.link/grihalakshmi
Content Highlights: Learn how to manage AI`s impact on adolescent development and foster healthy tech habits.
Published: 19 Aug 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented