സെയ്ഫ് അലി ഖാന്റെ മകനായ നടന്‍ ഇബ്രാഹിം അലി ഖാന്‍ അടുത്തിടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. അദ്ദേഹത്തിന്റെ രണ്ട് സിനിമകള്‍ക്കും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അച്ഛന്‍ സെയ്ഫ് അലി ഖാനുമായി നിരന്തരം താരതമ്യം ചെയ്യപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുകയും, അത് തന്റെ പിതാവിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും തുറന്നു പറയുകയാണ് ഇബ്രാഹിം. എസ്‌ക്വയര്‍ ഇന്ത്യയ്ക്ക് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

To advertise here,

“വര്‍ഷങ്ങളായി, ഞാന്‍ എന്റെ അച്ഛനെപ്പോലെയാണെന്ന് പലരും പറയാറുണ്ട്. 'നീ ശരിക്കും അദ്ദേഹത്തെപ്പോലെയാണ്, നീ ശരിക്കും സെയ്ഫിനെപ്പോലെയാണ്'. തുടര്‍ച്ചയായി ഇങ്ങനെയൊന്ന് കേള്‍ക്കുമ്പോള്‍, അത് നിങ്ങള്‍ക്കൊരു നിലവാരമായി മാറും. നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ അദ്ദേഹത്തെപ്പോലെയാകാന്‍ ആഗ്രഹിക്കും”, ഇബ്രാഹിം പറഞ്ഞു. താനതിനെ ഒരു അഭിനന്ദനമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“എന്റെ അച്ഛന്‍ ഒരു മികച്ച നടനാണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം, തുടക്കത്തില്‍ അദ്ദേഹത്തെ ഒരുപാട് പേര്‍ സംശയിച്ചിരുന്നു എന്നതാണ്. ഇന്ന് കാണുന്ന ബഹുമുഖ പ്രതിഭയായി മാറുന്നതിനും സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തുന്നതിനും അദ്ദേഹത്തിന് കുറച്ച് സിനിമകള്‍ വേണ്ടിവന്നു.” അഭിനേതാക്കളായ സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകനും, ഷര്‍മിള ടാഗോറിന്റെ ചെറുമകനുമാണ് ഇബ്രാഹിം.

ഖുഷി കപൂര്‍ അഭിനയിച്ച 'നാദാനിയാന്‍' എന്ന ചിത്രത്തിലൂടെയാണ് ഇബ്രാഹിം അരങ്ങേറ്റം കുറിച്ചത്. ചിത്രം മാര്‍ച്ചില്‍ നെറ്റ്ഫ്‌ളിക്‌സിലാണ്‌ റിലീസ് ചെയ്തത്. നവാഗതയായ ഷൗന ഗൗതം സംവിധാനം ചെയ്ത ചിത്രത്തില്‍ മഹിമ ചൗധരി, സുനില്‍ ഷെട്ടി, ദിയ മിര്‍സ, ജുഗല്‍ ഹന്‍സ്രാജ് എന്നിവരും അഭിനയിച്ചു. ചിത്രത്തിന് മോശം നിരൂപണങ്ങളാണ് ലഭിച്ചത്. നാല് മാസങ്ങള്‍ക്ക് ശേഷം, കാജോള്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം 'സര്‍സമീന്‍' എന്ന ചിത്രത്തിലും ഇബ്രാഹിം അഭിനയിച്ചു.

കയോസ് ഇറാനി സംവിധാനം ചെയ്ത ഈ ചിത്രത്തെയും നിരൂപകരും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ഒരുപോലെ വിമര്‍ശിച്ചു. ശ്രീലീല അഭിനയിക്കുന്ന 'ദിലേര്‍' എന്ന സ്‌പോര്‍ട്‌സ് ഡ്രാമയിലാണ് ഇബ്രാഹിം അടുത്തതായി അഭിനയിക്കുന്നത്. കുനാല്‍ ദേശ്മുഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു മാരത്തണ്‍ ഓട്ടക്കാരന്റെ കഥയാണ് പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2026-ല്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi