സ്വര്‍ണാഭരണങ്ങള്‍ അണിയുന്നതില്‍ പണ്ട് വനിതകളായിരുന്നു മുന്നിലെങ്കില്‍ ഇപ്പോള്‍ പുരുഷന്മാരും പിന്നിലല്ല. ചുരുങ്ങിയത് മൂന്നുലക്ഷം രൂപയ്‌ക്കെങ്കിലുമുള്ള സ്വര്‍ണവുമായാണ് മലയാളികള്‍ ദിവസവും സഞ്ചരിക്കുന്നത്. സ്ത്രീകളാണെങ്കില്‍ മാല, താലി, വള, കമ്മല്‍, മോതിരം, പാദസരം.. അങ്ങനെ പോകുന്നു. പുരുഷന്മാരാണെങ്കില്‍ മാല, മോതിരം, കൈചെയിന്‍ അങ്ങനെ. അണിയുന്നത് ആണായാലും പെണ്ണായാലും കയ്യില്‍ നിന്ന് എളുപ്പത്തില്‍ പോകാവുന്ന വസ്തുവായി സ്വര്‍ണാഭരണം മാറിക്കൊണ്ടിരിക്കുയാണ്.

റോഡരികില്‍ വഴിചോദിക്കാനെന്ന വ്യജേന എത്തി മാലപൊട്ടിച്ചോടുന്ന കള്ളന്‍മാര്‍ നാട്ടില്‍ അനുദിനം പെരുകുകയാണ്. ബസില്‍, ട്രെയിനില്‍ എന്നുവേണ്ട ആളുകൂടുന്നിടത്തെല്ലാം മാല പൊട്ടിക്കല്‍ സാര്‍വത്രികമായിരിക്കുന്നു. ഒരു താലിമാല പൊട്ടിച്ചാല്‍ രണ്ടുമൂന്നുലക്ഷം കിട്ടുമെന്ന നിലയിലാണ് കാര്യങ്ങള്‍. എന്നാല്‍ ഇതൊക്കെയാണെങ്കിലും പലരുടെയും സ്വര്‍ണത്തിന്റെ ഉപയോഗം കണ്ടാല്‍ വില ഇങ്ങനെ കുത്തനെ കൂടുന്നതൊന്നും അവര്‍ അറിയുന്നേയില്ല എന്ന് തോന്നും.

സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ആഭരണങ്ങള്‍ അണിയുകതന്നെ വേണം. അതും സ്വര്‍ണം തന്നെ അണിയുന്നതില്‍ വിരോധവുമില്ല. പക്ഷേ കയ്യിലെ സമ്പത്ത് ഇങ്ങനെ കൊണ്ടു നടന്ന് മോഷ്ടാക്കള്‍ക്ക് കൊടുക്കണോ. വേണ്ട എന്ന് തോന്നുന്നുവര്‍ക്ക് സ്വര്‍ണം മോഷണത്തിലൂടെ നഷ്ടപ്പെടുന്നത് തടയാന്‍ ഇന്‍ഷുറന്‍സ് സംരക്ഷണം തേടാം. ഇരുപതിനായിരവും മുപ്പതിനായിരവും വിലയുള്ള ഫോണ്‍ പോലും ഇന്‍ഷുര്‍ ചെയ്യുന്ന മലയാളികള്‍ ഇപ്പോഴും സ്വര്‍ണവും സ്വര്‍ണാഭരണവും ഇന്‍ഷുര്‍ ചെയ്യാന്‍ മിനക്കെടാറില്ല. ആഭരണം ഭ്രമമായികൊണ്ടുനടക്കുന്ന നമ്മള്‍ ഉറപ്പായും ഇന്‍ഷുറന്‍സ് പരിരക്ഷ നേടുന്നത് നല്ലതാണ്. വളരെ തുച്ഛമായ പ്രീമിയത്തില്‍ നമ്മുടെ ആഭരണങ്ങള്‍ ഇന്‍ഷുര്‍ ചെയ്യാവുന്നതേയുള്ളൂ. അണിയുന്ന ആഭരണങ്ങള്‍ക്ക് മാത്രമല്ല വീട്ടില്‍ വെച്ചിരിക്കുന്നതും ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്നതുമായ ആഭരണങ്ങള്‍ക്കും പരിരക്ഷ ലഭിക്കും.

ആഭരണം വാങ്ങാന്‍ മുടക്കുന്നതുകയുടെ ചെറിയ ഒരംശം പോലും വരില്ല ഇതിന് ചിലവ് എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. വീട്ടുപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്ന ഹൗസ് ഹോള്‍ഡേഴ്‌സ് പോളിസികളാണ് ഇതിന് ഉത്തമം. എന്നാല്‍ ചില കമ്പനികള്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് മാത്രമായി സംരക്ഷണം നല്‍കുന്ന പോളിസികളും നല്‍കുന്നുണ്ട്. ഏതുരീതിയിലുമുള്ള നഷ്ടപ്പെടലുകള്‍ക്കും നഷ്ടപരിഹാരം നല്‍കുന്ന ഓള്‍ റിസ്‌ക് കവറേജ് ആഭരണങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. നിങ്ങള്‍ക്ക് അടുപ്പമുള്ള ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചാല്‍ ഇത്തരത്തിലുള്ള പോളിസിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. കളവ്, മോഷണം, പിടിച്ചുപറി എന്നിവയ്ക്ക് ഇതില്‍ കവറേജ് ലഭിക്കും. അല്ലെങ്കില്‍ ഇത്തരം കമ്പനികളുടെ വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ഉണ്ട്.  

സ്വര്‍ണം നഷ്ടപ്പെട്ടാല്‍ പോലീസില്‍ പരാതി നല്‍കണം. പോലീസിന്റെ എഫ്.ഐ.ആര്‍, അന്വേഷണ റിപ്പോര്‍ട്ട് എന്നിവ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം ലഭിക്കാന്‍ അത്യാവശ്യമാണ്. വാങ്ങിയ സ്വര്‍ണത്തിന്റെ ബില്ലും സൂക്ഷിച്ചുവച്ചിരിക്കണം. ഹൗസ് ഹോള്‍ഡേഴസ് പോളിസിയില്‍ സ്വര്‍ണത്തിനുമാത്രമായി ഇന്‍ഷറന്‍സ് ലഭിച്ചുഎന്നുവരില്ല. വീട്ടിലെ മറ്റുവിലപിടിപ്പുള്ള വസ്തുക്കളുടെ കൂടെയാണ് സ്വര്‍ണാഭരണങ്ങളും ഇന്‍ഷുര്‍ ചെയ്യേണ്ടത്. സ്വര്‍ണം കളഞ്ഞുപോയാലോ കൈമോശം വന്നാലോ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ സാധ്യതകുറവാണ് എന്ന കാര്യവും വിസ്മരിക്കരുത്.

(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍- 9447667716. ഇ-മെയില്‍: jayakumarkk8@gmail.com