സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്യം നേടുന്നതിലും നിലനിര്‍ത്തുന്നതിലും പണം, വരുമാനം തുടങ്ങിയവ മാത്രമല്ല നിര്‍ണായകമാകുക. ആത്മസംതൃപ്തി, സന്തോഷം, ലഭിക്കുന്ന വരുമാനത്തിന്റെ തുടര്‍ച്ച, സ്വന്തം കഴിവുകള്‍ തിരിച്ചറിയുക, അത് അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയവയ്‌ക്കൊക്കെ അതിന്റേതായ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ജോലിക്കാരായ സ്ത്രീകള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. സംരംഭകരോ ബിസിനസുകാരോ ആയ വനിതകളേക്കാള്‍ പ്രൊഫഷണലുകളും ജോലിക്കാരുമായ സ്ത്രീകളാണ് ഇക്കാര്യം പ്രത്യേകം മനസിലാക്കേണ്ടത്. ഒരു ജോലി തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ അതില്‍ തന്നെ ഉറച്ചു പോകരുത്. അവിടെനിന്ന് വളരാന്‍ ശ്രമിക്കുകയാണ് വേണ്ടത്. സ്വന്തം ജോലിയില്‍ കൂടുതല്‍ മികവ് പുലര്‍ത്തി വിജയം വരിക്കാന്‍ ഈ നാലുകാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. ആത്മസംതൃപ്തി 
വീട്ടമ്മമാരായിരിക്കുന്നതിനേക്കാള്‍ വര്‍ക്കിംഗ് വുമണാകാനാണ് 90 ശതമാനം ഇന്ത്യന്‍ സ്ത്രീകളും ആഗ്രഹിക്കുന്നതെന്നാണ് പഠനങ്ങള്‍. എന്നാല്‍ 90 ശതമാനം വര്‍ക്കിംഗ് വുമണും പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍  അവരുടെ ജോലിയില്‍ സംതൃപ്തരല്ല. അത് സ്വാഭാവികവുമാണ്. തൊഴിലിടങ്ങളിലെ ലിംഗവിവേചനം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണല്ലോ. ജോലിയും കുടുംബവും ഒരുമിച്ചുകൊണ്ടുപോകുന്നതിലെ താളപ്പിഴകള്‍, കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണയിലെ ഏറ്റക്കുറച്ചിലുകള്‍, സുരക്ഷിതത്വ പ്രശ്‌നം, പ്രൊഫഷണലുകളുമായി സോഷ്യലൈസ് ചെയ്യുന്നതിലുള്ള സ്വയം കണക്കാക്കുന്ന പരിമിതികള്‍, തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍, വിശ്വസിച്ച് ചര്‍ച്ചചെയ്യാവുന്ന സൗഹൃദങ്ങളുടെ അഭാവം തുടങ്ങിയവയൊക്കെ മൂലം കരിയർ ഇടയ്ക്കുവെച്ച് അവസാനിപ്പിക്കുന്ന സ്ത്രീകളുടെ എണ്ണവും അടിക്കടി കൂടുകയാണ്.

തൊഴിലിടങ്ങളിലെ ആത്മസംതൃപ്തി എന്നത് പലപ്പോഴും ഒരു മിഥ്യയോ മരീചികയോ ആണ്. ഭൂരിഭാഗം വര്‍ക്കിംഗ് ക്ലാസിന്റെയും സ്ഥിതി ഏറെക്കുറെ ഇതുതന്നെയാണ്. ചിലര്‍ ആ യാഥാർഥ്യം ഉള്‍ക്കൊള്ളുന്നു. മറ്റുചിലര്‍ക്ക് അതിന് കഴിയുന്നില്ല. യാഥാർഥ്യം മനസിലാക്കാത്തവര്‍ ജോലി മാറിയാല്‍, സ്ഥാപനം മാറിയാല്‍, ബോസ് മാറിയാല്‍ എല്ലാം ശരിയാകും എന്നു കുരുതുന്നു. പുതിയ ജോലിയില്‍ പ്രവേശിച്ചാലും സ്ഥിതി ഇതുതന്നെയാകും. ഇതിന് പരിഹാരം ജോലിയോടുള്ള മനോഭാവം മാറ്റുക എന്നതാണ്. എല്ലാവര്‍ക്കും അവരവരുടെ മനസിന് പിടിച്ച, ആസ്വദിക്കാവുന്ന ജോലി കിട്ടണം എന്നില്ല. അപ്പോള്‍ പിന്നെ കിട്ടിയ ജോലി ആസ്വദിക്കുക എന്നതാണ് പ്രധാനം. 'ഡൂ വാട്ട് യൂ കാന്‍ എന്‍ജോയ്' എന്നത് മിക്കവര്‍ക്കും ഒരിക്കലും നടക്കാത്ത സുന്ദരമായ ഒരു സ്വപ്‌നം മാത്രമാണ്. അതിന് പരിഹാരം 'എന്‍ജോയ് വാട്ട് യൂ ഡൂ' എന്നതാണ്. ഉന്നത ബിരുദധാരികളായ നിരവധി പേര്‍ ഇപ്പോള്‍ പല മേഖലകളിലും എന്‍ട്രി കേഡര്‍ ജോലിചെയ്യുന്നുണ്ട്. ഓഫീസ് അസിസ്റ്റന്റ്, പ്യൂണ്‍, പെഴ്‌സണല്‍ അസിസ്റ്റന്റ് തുടങ്ങിയ ജോലികളില്‍ മേലുദ്യോഗസ്ഥനേക്കാള്‍ വിവരവും വിദ്യാഭ്യാസവും  ഉള്ളവര്‍ വന്നാല്‍ എങ്ങനെയിരിക്കും. ശരിയായ കീഴ്ജീവനക്കാര്‍ ഈഗോയൊക്കെ മാറ്റിവെച്ച് ഏല്‍പ്പിക്കുന്ന ജോലികള്‍ ഭംഗിയായി ചെയ്ത് പ്രമോഷന്‍ വാങ്ങി പടിപടിയായി ഉയര്‍ന്ന നിലകളിലെത്തും.

2. അവനവന് വേണ്ടി ജോലിചെയ്യണം 
ബോസിനുവേണ്ടിയോ സ്ഥാപനത്തിന് വേണ്ടിയോ ആകരുത് ജോലിചെയ്യുന്നത്. അത് അവനവന് വേണ്ടിയാകണം. അപ്പോള്‍ ചെയ്യുന്ന ജോലിയില്‍ ഒരിക്കലും മടുപ്പ് അനുഭവപ്പെടില്ല. ബോസിനുവേണ്ടിയോ സ്ഥാപനത്തിനുവേണ്ടിയോ ജോലിചെയ്യുന്നരീതിയില്‍ മനോഭാവം സെറ്റുചെയ്താല്‍ ഇവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന തിക്താനുഭവങ്ങള്‍ ചെയ്യുന്ന ജോലിയില്‍ പ്രതിഫലിക്കും. അത് നിങ്ങളെ കഴിവുകെട്ടവളോ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് ശേഷിയില്ലാത്തവളോ ആയി ചിത്രീകരിക്കാനിടയാക്കും. ഒരിക്കല്‍ അത്തരം ചീത്തപ്പേരുണ്ടായാല്‍ പിന്നെ അത് മാറില്ല. ബോസ്, സ്ഥാപനം എന്നിവര്‍ക്ക് എപ്പോഴും ഓന്തിന്റെ സ്വഭാവമായിരിക്കും. അതിങ്ങനെ നമുക്ക് അനുകൂലമായും പ്രതികൂലമായും മാറിക്കൊണ്ടിരിക്കും. മാനേജ്‌മെന്റ്‌ ഘടന അങ്ങനെയാണ്. ആ മാറ്റത്തിനനുസരിച്ച് നമ്മുടെ മനോഭാവവും മാറിക്കൊണ്ടിരുന്നാല്‍ നമ്മള്‍ ഒരിടത്തും എത്തില്ല.

3. അനുദിനം അപ്‌ഡേറ്റ് ചെയ്യണം 
ഒരിക്കല്‍ ഒരു ജോലിയില്‍ പ്രവേശിച്ചാല്‍ എല്ലാമായി എന്നുകരുതരുത്. ആ ജോലിയുടെ അടുത്ത തലത്തിലേക്ക് പ്രവേശിക്കാനുള്ള അധിക കോഴ്‌സ് ചെയ്യേണ്ടതുണ്ടെങ്കില്‍ അത് പഠിക്കണം. ഒരു ജോലിയില്‍ മികവോടെ തുടരുമ്പോള്‍ തന്നെ വ്യത്യസ്തമായ മറ്റൊരു ജോലി ലഭിക്കാനാവശ്യമായ അഡീഷണല്‍ സ്‌കില്‍ നേടാന്‍ അവസരം വരുകയാണ് എങ്കില്‍ അതും നേടണം. എച്ച്.ആറില്‍ ജോലി ചെയ്യുന്ന നിങ്ങളെ മാര്‍ക്കറ്റിംഗിലേക്ക് മാറ്റുകയാണ് എങ്കില്‍ ആ ഒരു കാരണത്താല്‍ മാത്രം സ്ഥാപനം വിടാന്‍ നില്‍ക്കരുത്. എച്ച്.ആറില്‍ മികവ് പുലര്‍ത്തിയതുപോലെ മാര്‍ക്കറ്റിംഗിലും കഴിവ് തെളിയിക്കാന്‍ ശ്രദ്ധിക്കുക. കുറച്ചുനാള്‍ കഴിയുമ്പോള്‍ നിങ്ങളെ പ്രൊഡക്ഷനിലേക്ക് മാറ്റിയെന്ന് വരാം. അപ്പോള്‍ അവിടെയും മികവ് തെളിയിക്കുക. മികച്ച ജോലി വേറേ തേടേണ്ടിവന്നാല്‍ എത്രയധികം കാര്യങ്ങളിലാവും നിങ്ങള്‍ക്ക് വൈദഗ്ധ്യമുണ്ടാകുക.

4. ബോസ് ശരിയല്ല 
വര്‍ക്കിംഗ് ക്ലാസിന്റെ സ്ത്രീ പുരുഷ ഭേദമെന്യേയുള്ള പരാതിയാണിത്. 'ഇവനെയൊക്കെ ആരാണ് ബോസാക്കിയത്. കാല്‍ക്കാശിന് വിവരമില്ല. ഇവന്റെയൊക്കെ കീഴില്‍ ജോലിചെയ്യേണ്ടവരുന്ന നമ്മുടെയൊക്കെ ഒരു ഗതികേട്' ഇങ്ങനെ സ്വന്തം ബോസിനെക്കുറിച്ച്  ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലാത്തവര്‍ ചുരുക്കമാണ്. ബോസ് ഈസ് ഓള്‍വേയ്‌സ് ബോസ്. അതുപോലെ ഹൈറാര്‍ക്കി ഈസ് ഓള്‍വേയ്‌സ് ഹൈറാര്‍ക്കി. നിങ്ങളുടെ മേലുദ്യോഗസ്ഥന്റെ കഴിവും കഴിവുകേടും അളന്ന് സമയം പാഴാക്കേണ്ടതില്ല. അതുകൊണ്ട് ഒരു പ്രയോജനവുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രൊഫഷനില്‍ ചോയ്‌സ്‌ ഉണ്ട്. ജോലിചെയ്യാനുള്ള സ്ഥാപനങ്ങളുടെ കാര്യത്തിലും ചോയ്‌സ് ഉണ്ട്. പക്ഷേ ബോസിന്റെ കാര്യത്തില്‍ ചോയ്‌സേയില്ല. ബോസിനെ പേടിച്ച് മറ്റൊരു സ്ഥാപനത്തില്‍ ചേര്‍ന്നാല്‍ അവിടത്തെ ബോസ് എങ്ങനെയുള്ള ആളായിരിക്കും എന്ന് ജോയിന്‍ ചെയ്തുകഴിഞ്ഞാലേ അറിയാന്‍ കഴിയുകയുള്ളൂ. ഇത്രയും കാര്യങ്ങളെങ്കിലും മനസില്‍ വെച്ചാല്‍ ജോലിയോടുള്ള അതൃപ്തി പരമാവധി കുറയ്ക്കാം. കരിയര്‍ വിട്ടുകളഞ്ഞ് നിലയില്ലാക്കയത്തിലാവുന്നതും ഒഴിവാക്കാം.

(ഈ പംക്തിയില്‍ പ്രതിപാദിക്കുന്ന വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍- 9447667716. ഇ-മെയില്‍: jayakumarkk8@gmail.com)