ഒരു വീടിന്റെ സാമ്പത്തിക ഭദ്രതയുടെ യഥാർത്ഥ സൂത്രധാരൻ ആരാണെന്ന് ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ പറയാം; അത് ആ വീട്ടിലെ വീട്ടമ്മയാണ്. വരുമാനം ഒരു വഴിക്ക് വരുമ്പോൾ, അത് കൃത്യമായി വിഭജിച്ച്, ആവശ്യങ്ങൾ കണ്ടറിഞ്ഞ്, കുടുംബത്തെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുന്നത് ഇവരാണ്.

എന്നാൽ, രാപ്പകലില്ലാതെ അധ്വാനിക്കുന്ന ഈ വീട്ടമ്മമാർക്ക് മാസാമാസം സ്വന്തമായി എടുത്തുപറയാൻ ഒരു തുകയോ ഫണ്ടോ കൈകളിൽ ഉണ്ടാകാറുണ്ടോ? പലപ്പോഴും ഇല്ല എന്നതാണ് യാഥാർത്ഥ്യം. സ്വന്തം ആവശ്യങ്ങൾക്കോ അല്ലെങ്കിൽ അപ്രതീക്ഷിതമായി എന്തെങ്കിലും വാങ്ങാനോ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വരുമ്പോൾ അനുഭവപ്പെടുന്ന ഒരു ചെറിയ വിഷമം ഒട്ടുമിക്ക വീട്ടമ്മമാർക്കുമുണ്ട്. എന്നാൽ, വീട്ടുചെലവുകൾക്കായി കയ്യിൽ കിട്ടുന്ന തുകയിൽ നിന്ന് വളരെ സ്മാർട്ടായി ചെറിയ തുകകൾ മാറ്റിവെച്ചുകൊണ്ട് വീട്ടമ്മമാർക്കും സ്വന്തമായി ഒരു 'മന്ത് ലി സാലറി' അഥവാ പെഴ്‌സണൽ ഫണ്ട് രൂപീകരിക്കാൻ സാധിക്കും.

അടുക്കള ബജറ്റിൽ നിന്ന് ഒരു തുക മാറ്റിവെക്കുക എന്നത് വലിയൊരു സാമ്പത്തിക ശാസ്ത്രമൊന്നുമല്ല. പണ്ട് നമ്മുടെ അമ്മമ്മമാരും അമ്മമാരുമൊക്കെ അരിപ്പാത്രത്തിലും അടുക്കളയിലെ ചെറിയ ഡബ്ബകളിലും പണം സൂക്ഷിച്ചുവെച്ചിരുന്ന ആ പഴയ കുടുക്കയുടെ ശൈലിയുടെ ഒരു പുതുക്കിയ പതിപ്പാണിത്.

ഇതിനായി ആദ്യം ചെയ്യേണ്ടത്, വീട്ടുചെലവുകൾക്കായി പണം കയ്യിൽ കിട്ടുമ്പോൾ തന്നെ അതിൽ നിന്ന് വളരെ ചെറിയൊരു ശതമാനം (അത് 500 രൂപയോ 1000 രൂപയോ ആകാം) സ്വന്തം ആവശ്യത്തിനായി 'അദൃശ്യമായി' മാറ്റിവെക്കുക എന്നതാണ്.

ചെലവുകളെല്ലാം കഴിഞ്ഞ് ബാക്കി വരുന്നത് സമ്പാദിക്കാം എന്ന് കരുതിയാൽ ഒടുവിൽ ഒന്നും ബാക്കിയുണ്ടാകില്ല. അതുകൊണ്ട് മാറ്റിവെക്കൽ ആദ്യമേ വേണം. സൂപ്പർമാർക്കറ്റിൽ പോകുമ്പോൾ കൃത്യമായ ലിസ്റ്റ് തയാറാക്കി പോവുക, അത്യാവശ്യമില്ലാത്ത ഓഫർ വിൽപ്പനകളിൽ വീഴാതിരിക്കുക, ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പകരം ഗുണനിലവാരമുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളിലൂടെ അടുക്കള ബജറ്റിൽ വലിയൊരു തുക ലാഭിക്കാൻ സാധിക്കും. ഇങ്ങനെ ലാഭിക്കുന്ന ഓരോ രൂപയും നിങ്ങളുടെ പേഴ്‌സണൽ ഫണ്ടിലേക്കുള്ള നിക്ഷേപമാണ്.

ഇങ്ങനെ മാറ്റിവെക്കുന്ന തുക വെറുതെ അലമാരയിലോ ഡബ്ബയിലോ സൂക്ഷിച്ചുവെച്ചാൽ അതിന് വളർച്ചയുണ്ടാകില്ല എന്ന് മാത്രമല്ല, അത് എപ്പോൾ വേണമെങ്കിലും മറ്റ് ചെലവുകളിലേക്ക് കൈവിട്ടു പോകാനും സാധ്യതയുണ്ട്. ഇവിടെയാണ് സ്ത്രീകൾ സ്മാർട്ട് ആകേണ്ടത്. നിങ്ങൾക്ക് സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിൽ ഇന്ന് തന്നെ ഒരെണ്ണം ആരംഭിക്കുക. നിങ്ങളുടെ ഈ ചെറിയ സമ്പാദ്യം ബാങ്കിലെ 'റെക്കറിങ് ഡിപ്പോസിറ്റ്' (RD) വഴിയോ, അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ വഴിയോ നിക്ഷേപിക്കാം. പ്രതിമാസം 500 രൂപ വെച്ച് ഒരു ആർ.ഡി തുടങ്ങിയാൽ പോലും നിശ്ചിത കാലാവധി കഴിയുമ്പോൾ പലിശയടക്കം നല്ലൊരു തുക നിങ്ങളുടെ അക്കൗണ്ടിൽ വന്നുചേരും.

ഇതുകൂടാതെ, സ്ത്രീകൾക്കായി സർക്കാർ നൽകുന്ന പ്രത്യേക പദ്ധതികളും വീട്ടമ്മമാർക്ക് പ്രയോജനപ്പെടുത്താം. കേന്ദ്ര സർക്കാരിന്റെ 'മഹിളാ സമ്മാൻ സേവിങ്‌സ് സർട്ടിഫിക്കറ്റ്' വഴി ആകർഷകമായ പലിശ നിരക്കിൽ രണ്ട് വർഷത്തേക്ക് പണം സുരക്ഷിതമായി നിക്ഷേപിക്കാം. ദീർഘകാല നിക്ഷേപമാണ് ലക്ഷ്യമെങ്കിൽ പോസ്റ്റ് ഓഫീസിലെ പി.പി.എഫ് അക്കൗണ്ടുകളും പരിഗണിക്കാം. ഇനി അല്പം റിസ്‌ക് എടുക്കാൻ താല്പര്യമുള്ളവർക്ക് മാസം 500 രൂപ വെച്ച് ലളിതമായ മ്യൂച്വൽ ഫണ്ട് എസ്.ഐ.പികളും പരീക്ഷിക്കാവുന്നതാണ്. സ്വർണ്ണത്തെ മികച്ചൊരു നിക്ഷേപമായി കാണുന്നവർക്ക് പണിക്കൂലിയും ജി.എസ്.ടിയും നഷ്ടപ്പെടുത്താതെ 'ഡിജിറ്റൽ ഗോൾഡ്' വഴിയോ ഗോൾഡ് ഇ.ടി.എഫുകൾ വഴിയോ ചെറിയ തുകയ്ക്ക് സ്വർണ്ണം വാങ്ങി കൂട്ടാനും ഇന്ന് ഡിജിറ്റൽ സംവിധാനങ്ങളുണ്ട്.

ഈ പേഴ്‌സണൽ ഫണ്ട് എന്നത് നിങ്ങളുടെ കഠിനാധ്വാനത്തിന് നിങ്ങൾ തന്നെ നൽകുന്ന പ്രതിഫലമാണ്. കുടുംബത്തിൽ പെട്ടെന്നുണ്ടാകുന്ന ചെറിയ അടിയന്തര ആവശ്യങ്ങൾക്കോ, മക്കൾക്ക് ഒരു ചെറിയ സമ്മാനം വാങ്ങി നൽകാനോ, അല്ലെങ്കിൽ നിങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങൾക്കോ മറ്റൊരാളോട് അനുവാദം ചോദിക്കാതെ തന്നെ ഈ പണം നിങ്ങൾക്ക് ഉപയോഗിക്കാം. അത് നൽകുന്ന ആത്മാഭിമാനവും മാനസിക സുരക്ഷിതത്വവും വിലമതിക്കാനാവാത്തതാണ്. സാമ്പത്തിക സ്വാതന്ത്ര്യം എന്നത് വലിയ ശമ്പളമുള്ള ജോലി ഉള്ളവർക്ക് മാത്രം ഉള്ളതല്ല, മറിച്ച് കയ്യിലുള്ള പണം ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുന്ന ഏതൊരു സ്ത്രീക്കും ഉള്ളതാണ്. ഇന്ന് തന്നെ നിങ്ങളുടെ അടുക്കള ബജറ്റിൽ നിന്ന് ആ ചെറിയ മാറ്റം തുടങ്ങി നോക്കൂ; അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ നിങ്ങളുടെ സ്വന്തം അക്കൗണ്ടിലേക്ക് വന്നെത്തുന്ന ആ 'മന്ത്‌ലി സാലറി' നൽകുന്ന ആത്മവിശ്വാസം നിങ്ങളുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കും.

ഇത് ഒരു നല്ല ആശയമായി തോന്നുന്നുവെങ്കിൽ ഇന്നുതന്നെ ചെയ്യേണ്ട 'സ്മാർട്ട് ലിസ്റ്റ്' (To-Do List) ഇതാ

  • ചെലവുകൾ ട്രാക്ക് ചെയ്യുക: വീട്ടുചെലവുകൾക്കായി വാങ്ങുന്ന പണം എന്തിനൊക്കെയാണ് ചെലവഴിക്കുന്നത് എന്ന് ഒരു ചെറിയ ഡയറിയിലോ മൊബൈൽ ആപ്പിലോ കുറിച്ചു വെക്കുക.
  • ലിസ്റ്റ് ഇല്ലാതെ ഷോപ്പിങ്ങിനില്ല: പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോകും മുൻപ് ലിസ്റ്റ് തയാറാക്കുക, ആവശ്യമില്ലാത്തത് കണ്ട് പ്രലോഭിതരാകാതിരിക്കുക.
  • ഒരു നിക്ഷേപം ആരംഭിക്കുക: അടുത്തുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിങ്ങളുടെ പേരിൽ ഒരു ആർ.ഡിയോ അല്ലെങ്കിൽ മഹിളാ സമ്മാൻ സേവിങ്‌സ് സർട്ടിഫിക്കറ്റോ ഉടൻ തുടങ്ങുക.
  • ഡിജിറ്റൽ ബാങ്കിങ് ശീലമാക്കുക: സ്വന്തം അക്കൗണ്ട് കൈകാര്യം ചെയ്യാനും മൊബൈൽ ബാങ്കിങ് ഉപയോഗിക്കാനും സ്വയം പഠിക്കുകയോ മക്കളുടെ സഹായം തേടുകയോ ചെയ്യുക.
  • രഹസ്യ സമ്പാദ്യ ശീലം: അപ്രതീക്ഷിതമായി ലാഭിക്കുന്ന നാണയത്തുട്ടുകളും ചെറിയ നോട്ടുകളും മാറ്റിവെക്കാൻ വീട്ടിൽ ഒരു കൊച്ചു പിഗ്ഗി ബാങ്ക് സൂക്ഷിക്കുക; മാസാവസാനം ഇത് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം.

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi