ഏറെ പ്രശസ്തമാണ് ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യവസതികളിലൊന്നാണിത്. ഇതിന്റെ ഒരു ഭാഗം ഇപ്പോള്‍ താജ് ഗ്രൂപ്പിന്റെ കൈയിലാണ്. സെലിബ്രിറ്റികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു അവധിക്കാലകേന്ദ്രം കൂടിയാണ് ഈ കൊട്ടാരം. നടി പ്രിയങ്ക ചോപ്രയും ഗായകന്‍ നിക് ജോനസും വിവാഹിതരായതും ഇവിടെത്തന്നെ.
എന്നാല്‍, പ്രദേശവാസികള്‍ക്ക് ഉമൈദ് ഭവന്‍ ഒരു പേടിപ്പെടുത്തുന്ന അനുഭവം കൂടിയാണ്. മുമ്പിവിടെ താമസിച്ചിരുന്ന ഒരു രാജകുടുംബത്തിന്റെ പ്രേതം ഇപ്പോഴും കൊട്ടാരത്തിലുണ്ടെന്നാണ് അവര്‍ പറയുന്നത്. രാത്രികളില്‍ അവ്യക്തമായ ശബ്ദങ്ങളും കരച്ചിലും കേള്‍ക്കാമെന്നും ആളുകള്‍ ഉറപ്പിച്ചുപറയുന്നു. ഇവിടെയുള്ള നീണ്ട ഇടനാഴികളും തണുപ്പ് ഏറെയുള്ള ഉള്‍ത്തളങ്ങളും തങ്ങള്‍ക്ക് തരുന്നത് ഒരു നെഗറ്റീവ് എനര്‍ജിയാണെന്നും അവര്‍ അവകാശപ്പെടുന്നു.
ഇവിടുത്തെ രാജ്ഞി സുബൈദ ബീഗവും ഭര്‍ത്താവും രാജാവുമായ ഹന്‍വന്ത് സിങ് ഒന്നാമനും 1952 ജനുവരി 26-ന് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ഈ കഥകളുടെ തുടക്കം. വ്യാപാരിയായ ഖാസിംബായ് മേത്തയുടെയും ഗായികയായി ഫൈസ ബായുടെയും മകളായിട്ടാണ് സുബൈദ ബീഗം ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ നൃത്തത്തിലും സംഗീതത്തിലും അതീവതത്പരയായിരുന്നു അവര്‍. സിനിമാരംഗത്തുള്ള പലരും അന്നവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു. അതുകണ്ടാണ് സുബൈദയ്ക്കും സിനിമയോട് താത്പര്യം തോന്നിയത്.
ഗീതാ ബാലിക്കൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാനുള്ള അവസരവും കിട്ടി. പക്ഷേ, പിതാവ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നിട്ടും സുബൈദ അഭിനയിക്കാന്‍ തന്നെ തീരുമാനിച്ചു. ഇതറിഞ്ഞ ഖാസിംബായ് ലൊക്കേഷനിലെത്തി. ഒരു പിസ്റ്റലുമായിട്ടായിരുന്നു വരവ്. അതോടെ സുബൈദയുടെ സിനിമാസ്വപ്‌നവും പൊലിഞ്ഞു. അധികം വൈകാതെ ഖാസിംബായ് മകളുടെ വിവാഹം നടത്തി. തൊട്ടടുത്തവര്‍ഷം മകനും ജനിച്ചു, ഖാലിദ് മുഹമ്മദ്. ആ വിവാഹബന്ധം അധികം നീണ്ടുനിന്നില്ല.

സുബൈദ ബീഗത്തിന്റെ ജീവിതത്തിലെ എല്ലാ പ്രധാനതീരുമാനങ്ങളും അച്ഛന്റേതായിരുന്നു. വിവാഹവും, വിവാഹമോചനവുമെല്ലാം തീരുമാനിച്ചത് അദ്ദേഹം തന്നെ. വിവാഹമോചനത്തോടെ ആകെ നിരാശയിലായ സുബൈദ തന്റെ സന്തോഷം കണ്ടെത്തിയത് മുഴുവന്‍ തന്റെ മകനിലാണ്. അതിനിടയില്‍ ജോധ്പൂരില്‍ നടന്ന ഒരു വിവാഹച്ചടങ്ങിനിടെയാണ് ജോധ്പൂര്‍ രാജാവ് ഹന്‍വന്ത് സിങ് സുന്ദരിയായ സുബൈദയെ കാണുന്നത്. ആദ്യനോട്ടത്തില്‍ തന്നെ രാജാവിന് പ്രണയംതോന്നി.
കുടുംബങ്ങളുടെ സമ്മതത്തോടെ വിവാഹവും. വിവാഹസമയത്ത് സുബൈദ മതംമാറി, വിദ്യാ റാണി എന്ന പേരും സ്വീകരിച്ചു. 1950-ലായിരുന്നു വിവാഹം, തൊട്ടടുത്ത വര്‍ഷം മകനുണ്ടായി, റാവു രാജാ ഹുക്കും സിങ് അഥവാ ടുട്ടു. കുഞ്ഞിന് ഒരുവയസ്സുള്ളപ്പോഴാണ് സുബൈദയും രാജാവും വിമാനാപകടത്തില്‍ മരിക്കുന്നത്. വെറും അപകടമാണതെന്നും അതല്ല കൊലപാതകമാണെന്നുമൊക്കെ അന്ന് വാദങ്ങളുണ്ടായി. സത്യം ഇന്നുമറിയില്ല. മാതാപിതാക്കളുടെ മരണത്തോടെ ഒറ്റയ്ക്കായ ടുട്ടുവിനെ രാജാവിന്റെ അമ്മ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. എന്നാല്‍, മാതാപിതാക്കളുടെ അതേ വിധി തന്നെയായിരുന്നു മകന്റേതും. വര്‍ഷങ്ങള്‍ക്കുശേഷം ടുട്ടുവും കൊല്ലപ്പെട്ടു. ജോധ്പൂരിലെ തെരുവില്‍, തലവെട്ടിയ രീതിയിലായിരുന്നു ആ മൃതദേഹം. അതിനുപിന്നിലെ കൊലയാളിയെ ഇന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അവരുടെ ഓര്‍മയിലാണ് ശ്യാം ബെനഗല്‍ 'സുബൈദ' എന്ന സിനിമ നിര്‍മിച്ചത്. സുബൈദയുടെ മകന്‍ ഖാലിദ് മുഹമ്മദാണ് തിരക്കഥയെഴുതിയത്. തന്റെ അമ്മയുടെ മരണത്തിന് പിന്നില്‍ ശക്തമായ ഒരു കാരണമുണ്ടെന്നാണ് ഖാലിദ് പറഞ്ഞുവെക്കുന്നത്. ഇന്നും ആ മരണത്തിനുപിന്നിലെ ദുരൂഹത അടങ്ങിയിട്ടില്ല. സുബൈദയുടെ പ്രേതമാണ് കൊട്ടാരത്തില്‍ അലഞ്ഞുതിരിയുന്നതെന്ന് ആളുകള്‍ പറയുന്നു. കൊട്ടാരത്തിലെ ചില മുറികള്‍ ഇപ്പോഴും അതുകൊണ്ടാണ് ചങ്ങലയിട്ട് പൂട്ടിയിരിക്കുന്നതെന്നും പറയപ്പെടുന്നു.
Content Highlights: palace is said to be haunted by the spirit of royal member
Published: 21 Jan 2025, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented