തെരുവുനായ്ക്കളുടെ വിഷയത്തിലുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യവ്യാപകമായി വാഗ്വാദങ്ങൾ നടക്കുമ്പോൾ, ഉപേക്ഷിക്കപ്പെട്ട ഡ്രമ്മുകളിൽ തെരുവുനായ്ക്കൾക്കായി 11000 ത്തിലധികം കിടപ്പുമുറികൾ ഒരുക്കുകയാണ് ഗുരുഗ്രാം സ്വദേശിയായ ജഗ്ജിത് സിങ്.

ആറ് വർഷം മുമ്പ്, ഡൽഹിയിലെ കൊടുംതണുപ്പിൽ വ്യവസായിയായ ജഗ്ജിത് ഒരു ചെറിയ നായ്ക്കുട്ടി ഡ്രമ്മിനുള്ളിൽ ചുരുണ്ടുകൂടിയിരിക്കുന്നത് കണ്ടു. അങ്ങനെ അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ച ഒരു ആശയം പിന്നീട് നഗരത്തിലെ ആയിരക്കണക്കിന് നായ്ക്കളുടെയും നായ്ക്കുട്ടികളുടെയും ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറി.

വൃത്തിയാക്കിയ നാല് ഡ്രമ്മുകൾക്കുള്ളിൽ മെത്ത വെച്ച് അവയെ മനോഹരമായ അഭയകേന്ദ്രങ്ങളാക്കി മാറ്റാൻ ജഗ്ജിത് തീരുമാനിച്ചു. താവളമൊരുക്കി തൊട്ടടുത്ത ദിവസം തന്നെ, ഉപയോഗശൂന്യമായിരുന്ന അവയ്ക്കുള്ളിൽ നാല് നായ്ക്കൾ ആശ്വാസം കണ്ടെത്തി. അതോടെ, തന്റെ ഫാക്ടറിയിൽ നിന്ന് ഒഴിവാക്കിയ ഡ്രമ്മുകൾ ഉപയോഗിച്ച് ഈ ആശയം വിപുലീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ തെരുവുനായകൾക്കുള്ള അഭയകേന്ദ്രമെന്ന തൻെറ ലക്ഷ്യത്തിലേക്ക് ജഗ്ജിത് യാത്ര ആരംഭിച്ചു.

കഴിഞ്ഞ ആറ് വർഷമായി, ജഗ്ജിത് നാട്ടിലെ തെരുവുനായ്ക്കളുടെ ഹീറോയാണ്. ചുരുങ്ങിയ  സമയത്തിനുള്ളിൽ, തന്റെ ഫാക്ടറിയിൽ നിന്ന് ഉപേക്ഷിച്ച പെയിന്റ് ഡ്രമ്മുകൾ ഉപയോഗിച്ച് അദ്ദേഹം തെരുവു മൃഗങ്ങൾക്കായി 11,000-ത്തിലധികം അഭയകേന്ദ്രങ്ങൾ നിർമ്മിച്ചു. വിമർശനങ്ങളും ഭീഷണികളും ഉണ്ടായിരുന്നിട്ടും, ഓരോ ശൈത്യകാലത്തും അദ്ദേഹം ചെറിയ വീടുകളൊരുക്കി തെരുവുനായ്ക്കളെ സ്വാഗതം ചെയ്തു.

അദ്ദേഹത്തിന്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഫാക്ടറി 20-ലധികം തെരുവുനായ്ക്കളെ ദത്തെടുക്കുകയും ചെയ്തിട്ടുണ്ട്. "ഒരു തെരുവുനായയെ ദത്തെടുക്കാൻ ഞാൻ എപ്പോഴും ആളുകളോട് നിർദ്ദേശിക്കാറുണ്ട്, കാരണം അവർക്ക് ഒരു വീട് വേണം, നിങ്ങൾക്ക് ഒരു വളർത്തുമൃഗത്തെയും ലഭിക്കും. ഇത് രണ്ടുപേർക്കും ഒരുപോലെ പ്രയോജനകരമാണ്, കൂടാതെ ആ മൃഗം ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഒരു സുഹൃത്തുമാവും."- 'ദി ബെറ്റർ ഇന്ത്യ'യുമായി നടത്തിയ അഭിമുഖത്തിൽ ജഗ്ജിത് പറഞ്ഞു.

ജഗ്ജിത്തിന്റെ സാമൂഹ്യസേവനം തെരുവുനായ്ക്കളിൽ മാത്രം ഒതുങ്ങുന്നില്ല. ഗുരുഗ്രാമിലുടനീളം 2,500-ലധികം കുരുവി കൂടുകൾ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. പക്ഷികൾക്കും വീടെന്ന് വിളിക്കാൻ സുരക്ഷിതമായ ഒരിടം ജഗ്ജിത് കണ്ടെത്തിയിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi