ആള്‍ക്കൂട്ടത്തിനിടയിലായിരുന്നു മഹാത്മാഗാന്ധിയുടെ ജീവിതം. ആദ്ദേഹത്തിന്റെ യാത്രകളില്‍ മിക്ക അനുയായികളും ഒപ്പം കൂടുമായിരുന്നു. ചെല്ലുന്നിടത്തെല്ലാം മനുഷ്യര്‍ അദ്ദേഹത്തെ ചൂഴ്ന്നു. വിഖ്യാതമായ രണ്ടാം വട്ടമേശ സമ്മേളനത്തിന് ഗാന്ധിജി ലണ്ടനിലേക്ക് പോയപ്പോഴും അദ്ദേഹം ഒറ്റയ്ക്കായിരുന്നില്ല. സരോജിനി നായിഡു, ബി.ആര്‍. അംബേദ്കര്‍ എന്നിങ്ങനെ മറ്റ് ഇന്ത്യന്‍ നേതാക്കളും ഗാന്ധിജിക്കൊപ്പം സമ്മേളനത്തിനെത്തിയിരുന്നു. മനുഷ്യനല്ലാത്ത ഒരാളെയും ഗാന്ധിജി ഒപ്പം കൂട്ടിയിരുന്നു. നിര്‍മല എന്ന ആടായിരുന്നു ലണ്ടന്‍ യാത്രയില്‍ ഗാന്ധിജിയുടെ സഹയാത്രിക. 

ഗാന്ധിജിയുടെ ഓമനയായിരുന്നു നിര്‍മല എന്ന വെളുത്ത ആട്. ആരോഗ്യപരമായ ധാരാളം പ്രശ്‌നങ്ങള്‍ ഗാന്ധിജിക്കുണ്ടായിരുന്നു. നിരന്തര ജയില്‍വാസവും നിരാഹാരസമരങ്ങളും യാത്രകളും അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിച്ചു. പോഷക സമൃദ്ധമായ, പ്രോട്ടീന്‍ ധാരാളമാടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചു. പാല്‍ കുടിക്കുന്നത് നല്ലതാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഗാന്ധിജി കൂട്ടാക്കിയില്ല. സസ്യാഹാരിയായിരുന്നു ഗാന്ധിജി. ഒരു ജീവിയുടെയും പാല്‍ താന്‍ കുടിക്കില്ലെന്ന് അദ്ദേഹം വാശി പിടിച്ചു. പശുവിനെയും എരുമയുടെയും പാല്‍ തനിക്ക് വേണ്ടെന്ന് ഗാന്ധിജി ശഠിച്ചപ്പോള്‍, എന്നാല്‍ ആട്ടിന്‍പാല്‍ കുടിക്കൂ എന്ന് കസ്തൂര്‍ബ കോപിച്ചതായും കഥയുണ്ട്. ഏതായാലും ആരോഗ്യത്തിനുവേണ്ടി ഡോക്ടര്‍മാര്‍ക്ക് വഴങ്ങാന്‍ അദ്ദേഹം തയ്യാറായി. അങ്ങനെ നിത്യേന ആട്ടിന്‍പാല്‍ കഴിക്കാന്‍ തുടങ്ങി. 

പശുവിന്‍പാലിനേക്കാളും എരുമപ്പാലിനേക്കാളും കൊഴുപ്പ് കുറവായ ആട്ടിന്‍പാല്‍ ഗാന്ധിജിയുടെ ആരോഗ്യം മെച്ചപ്പെടുത്തി. ശീലങ്ങള്‍ മുടക്കാതിരിക്കുന്ന കാര്യത്തില്‍ ഗാന്ധിജി കണിശക്കാരനായിരുന്നു. ആട്ടിന്‍പാല്‍ കുടിക്കുന്നത് അദ്ദേഹം ഒരുനാള്‍ പോലും മുടക്കിയില്ല. അതുകൊണ്ടാണ് ലണ്ടനിലേക്കുള്ള യാത്രയില്‍ പോലും നിര്‍മലയെ കൂടെക്കൊണ്ടുപോകാന്‍ അദ്ദേഹം തയ്യാറെടുത്തത്. ആടിനെയും കൊണ്ടുള്ള വരവിനു ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഗാന്ധിജിയെ പരിഹസിക്കുകയും ചെയ്തു. 'അജ നയതന്ത്ര'മാണ് ഗാന്ധിയുടേത് എന്നായിരുന്നു അവരുടെ കളിയാക്കലുകള്‍.

1947 വരെ ഗാന്ധിജിയുടെ സന്തത സഹചാരിയായിരുന്നു നിര്‍മല. ഒട്ടേറെ വിഖ്യാതമായ ഫോട്ടോകളില്‍ അവള്‍ ഗാന്ധിജിക്കൊപ്പം ഇടം നേടിയിട്ടുണ്ട്. നിര്‍മലയുടെ അന്ത്യം അമേരിക്കന്‍ പത്രങ്ങളില്‍ വാര്‍ത്തയായി അച്ചടിച്ചു വരിക പോലുമുണ്ടായി. ഗാന്ധിജി ആടിന് പോഷകാഹാരം ഉറപ്പുവരുത്താനായി അധികച്ചെലവ് നടത്തിയെന്ന് ഇന്ത്യന്‍ നേതാക്കള്‍ പോലും വിമര്‍ശനം ഉന്നയിച്ചിരുന്നു. ആടിനൊപ്പമുള്ള അദ്ദേഹത്തിന്റെ യാത്രകള്‍ക്കും വിമര്‍ശകരുണ്ടായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi