
'നല്ല ശമ്പളമുള്ള ജോലിയുണ്ട്, പക്ഷേ കയ്യിലൊരു അഞ്ചു പൈസ എടുക്കാനില്ല.' തമാശയെന്നോണം പല സ്ത്രീകളും പറഞ്ഞു കേൾക്കാറുള്ളതാണിത്. എന്നാൽ, ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന വലിയൊരു കെണിയെക്കുറിച്ച് പലരും ബോധവതികളല്ല. ശാരീരികമായോ മാനസികമായോ ഉള്ള പീഡനങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞേക്കും. എന്നാൽ, അത്രയൊന്നും ചർച്ച ചെയ്യപ്പെടാതെ, വീടുകളുടെ നാലുചുവരുകൾക്കുള്ളിൽ സ്ത്രീകൾ നിശബ്ദമായി അനുഭവിക്കുന്ന ഒരു വലിയ ചൂഷണമുണ്ട്- അതാണ് 'ഫിനാൻഷ്യൽ അബ്യൂസ്' അഥവാ സാമ്പത്തിക ചൂഷണം. സാമ്പത്തിക സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്കല്ല, മറിച്ച് ഒരു സ്ത്രീയുടെ ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റെയും അടിത്തറയാണ്. ആ അടിത്തറ ഇളക്കുന്ന തരത്തിലുള്ള ഇടപെടലുകൾ സ്വന്തം പങ്കാളിയിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ ഉണ്ടാകുന്നത് നാം ഗൗരവമായി കാണേണ്ടതുണ്ട്.
എന്താണ് ഫിനാൻഷ്യൽ അബ്യൂസ്?
ഒരു വ്യക്തിക്ക് സ്വന്തം സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശത്തെ മറ്റൊരാൾ പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുത്തുന്ന അവസ്ഥയെയാണ് സാമ്പത്തിക ചൂഷണം എന്ന് വിളിക്കുന്നത്. സ്‌നേഹത്തിന്റെയോ കുടുംബഭദ്രതയുടെയോ ഒക്കെ പേരുപറഞ്ഞാകാം പലപ്പോഴും ഇത് വീടുകളിൽ ആരംഭിക്കുക. എന്നാൽ കാലക്രമേണ ഇത് സ്ത്രീയെ പൂർണ്ണമായും മറ്റൊരാളെ ആശ്രയിച്ചു മാത്രം ജീവിക്കുന്ന ഒരു അവസ്ഥയിലേക്ക് തള്ളിയിടുന്നു.
നിങ്ങൾ സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? താഴെ പറയുന്ന സാഹചര്യങ്ങൾ നിങ്ങളുടെ ജീവിതത്തിലുണ്ടോ എന്ന് ചിന്തിച്ചു നോക്കൂ:
ശമ്പളത്തിന്മേലുള്ള നിയന്ത്രണം: രാപ്പകൽ കഷ്ടപ്പെട്ട് നിങ്ങൾ അധ്വാനിച്ചുണ്ടാക്കുന്ന ശമ്പളം നിങ്ങളുടെ അനുവാദമില്ലാതെ മറ്റൊരാൾ കൈവശപ്പെടുത്തുക. സ്വന്തം ആവശ്യങ്ങൾക്ക് പോലും പണം യാചിക്കേണ്ടി വരുന്ന അവസ്ഥ.
ബലപ്രയോഗത്തിലൂടെയുള്ള ഒപ്പിടീക്കൽ: നിങ്ങളുടെ പേരിൽ ലോണുകൾ എടുക്കാനോ, പ്രോപ്പർട്ടികൾ കൈമാറ്റം ചെയ്യാനോ നിങ്ങളെ നിർബന്ധിച്ച് ചെക്കുകളിലോ പ്രമാണങ്ങളിലോ ഒപ്പിടുവിക്കുക.
സാമ്പത്തിക വിവരങ്ങൾ മറച്ചുവെക്കൽ: കുടുംബത്തിന്റെ വരുമാനം, നിക്ഷേപങ്ങൾ, കടബാധ്യതകൾ എന്നിവയെക്കുറിച്ചുള്ള യാതൊരു വിവരവും നിങ്ങളുമായി പങ്കുവെക്കാതിരിക്കുക.
ജോലി ചെയ്യുന്നതിൽ നിന്നുള്ള വിലക്ക്: ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും ജോലിക്ക് പോകാൻ അനുവദിക്കാതിരിക്കുക, അല്ലെങ്കിൽ ജോലിയിൽ നിന്ന് രാജിവെക്കാൻ നിർബന്ധിക്കുക വഴി നിങ്ങളെ സാമ്പത്തികമായി പരതന്ത്രയാക്കുക.
ചെലവഴിക്കുന്ന പണത്തിന്റെ കണക്കെടുപ്പ്: ഒരു ചെറിയ ആവശ്യത്തിന് പണം ചെലവാക്കിയാൽ പോലും അതിന് കടുത്ത ചോദ്യം ചെയ്യലുകളും മാനസിക പീഡനങ്ങളും നേരിടേണ്ടി വരിക.
നിയമത്തിന്റെ സുരക്ഷാകവചങ്ങൾ
പല സ്ത്രീകളും ഇത്തരം ചൂഷണങ്ങൾ സഹിക്കുന്നത് 'ഇതൊക്കെ കുടുംബമാകുമ്പോൾ സ്വാഭാവികമല്ലേ' എന്ന് കരുതിയാണ്. പിന്നീട് സാമ്പത്തികമായി ഒന്നും അവശേഷിക്കുന്നില്ല എന്ന് കാണുമ്പോൾ കുടുംബത്തിൽ ഒറ്റപ്പെടുന്ന അവസ്ഥയിൽ മാത്രമാണ് ഇതൊരു ചതിയായിരുന്നു എന്ന് തിരിച്ചറിയുന്നത്. അതുകൊണ്ടാണ് നിയമസംവിധാനം ഇത്തരം ചൂഷണങ്ങൾക്കെതിരെ ശക്തമായ സുരക്ഷ ഉറപ്പുനൽകുന്നത്. ഇന്ത്യൻ നിയമപ്രകാരം സാമ്പത്തിക ചൂഷണം ഒരു കുറ്റകൃത്യമാണ്.
1. ഗാർഹിക പീഡന നിരോധന നിയമം (Domestic Violence Act, 2005):
ഈ നിയമത്തിന്റെ പരിധിയിൽ വരുന്നത് കേവലം ശാരീരിക പീഡനങ്ങൾ മാത്രമല്ല. സാമ്പത്തിക പീഡനവും ഇതിൽ വ്യക്തമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സ്ത്രീക്ക് അർഹതപ്പെട്ട സാമ്പത്തിക സ്രോതസ്സുകൾ തടഞ്ഞുവെക്കുക, സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുക, സ്ത്രീയുടെ സ്വത്തുക്കൾ കൈക്കലാക്കുക, അടിസ്ഥാന ആവശ്യങ്ങൾക്കുള്ള പണം നൽകാതിരിക്കുക എന്നിവയെല്ലാം ഈ നിയമപ്രകാരം ശിക്ഷാർഹമാണ്. ഈ നിയമത്തിലൂടെ സ്ത്രീകൾക്ക് സംരക്ഷണ ഉത്തരവുകൾ, സാമ്പത്തിക ആശ്വാസം എന്നിവ കോടതി വഴി നേടിയെടുക്കാം.
2. ഇന്ത്യൻ ന്യായ സംഹിത
വിവാഹിതയായ ഒരു സ്ത്രീയെ ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ ക്രൂരതയ്ക്ക് ഇരയാക്കുന്നത് ശിക്ഷാർഹമാണ്. പണം അല്ലെങ്കിൽ സ്വത്ത് ആവശ്യപ്പെട്ട് സ്ത്രീയെ മാനസികമായും സാമ്പത്തികമായും പീഡിപ്പിക്കുന്നത് ഈ നിയമത്തിന്റെ പരിധിയിൽ വരും.
3. ഒപ്പ് നിർബന്ധിച്ച് വാങ്ങുന്നതിനെതിരെയുള്ള നിയമം:
നിങ്ങളുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ ചെക്കുകളിലോ മറ്റ് സാമ്പത്തിക രേഖകളിലോ ഒപ്പ് വാങ്ങിപ്പിച്ചാൽ അത് 'ഫോർജറി' അല്ലെങ്കിൽ 'കൊയേർഷൻ' എന്നീ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരും. ഇത്തരം ഒപ്പുകൾക്ക് നിയമസാധുത ഉണ്ടായിരിക്കുന്നതല്ല.
എങ്ങനെ പ്രതിരോധിക്കാം?
നിയമങ്ങൾ ഉണ്ടെന്നത് ശരിതന്നെ, എന്നാൽ അതിനേക്കാൾ പ്രധാനം നമ്മൾ സ്വയം എടുക്കുന്ന മുൻകരുതലുകളാണ്. സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ചൂഷണങ്ങളിൽ നിന്ന് രക്ഷപ്പെടാനും സ്ത്രീകൾ ചില കാര്യങ്ങൾ ശീലമാക്കേണ്ടതുണ്ട്.
1. ബാങ്ക് അക്കൗണ്ടുകൾ സ്വന്തം പേരിൽ മാത്രമാക്കുക: നിങ്ങളുടെ ശമ്പളം വരുന്നത് നിങ്ങളുടെ മാത്രം പേരുള്ള അക്കൗണ്ടിലേക്ക് ആയിരിക്കണം. അതിന്റെ എടിഎം കാർഡും പാസ്വേഡും രഹസ്യമായി സൂക്ഷിക്കുക. സംയുക്ത (Joint) അക്കൗണ്ടുകൾ ഉണ്ടെങ്കിൽ പോലും അതിന്റെ നിയന്ത്രണം പൂർണ്ണമായി മറ്റൊരാൾക്ക് വിട്ടുകൊടുക്കരുത്.
2. ഒപ്പിടുന്നതിന് മുൻപ് വായിക്കുക: ഭർത്താവോ അച്ഛനോ സഹോദരനോ ആണെങ്കിൽ പോലും, ഏതൊരു സാമ്പത്തിക രേഖയിലും ഒപ്പുവെക്കുന്നതിന് മുൻപ് അത് കൃത്യമായി വായിച്ചു മനസ്സിലാക്കുക. മനസ്സിലാകാത്ത കാര്യങ്ങൾ ചോദിച്ചറിയുക. ഒഴിഞ്ഞ ചെക്കുകളിൽ ഒരിക്കലും ഒപ്പിട്ടു നൽകരുത്.
3. സാമ്പത്തിക സാക്ഷരത നേടുക: ബാങ്കിംഗ് ഇടപാടുകൾ, നിക്ഷേപങ്ങൾ മ്യൂച്വൽ ഫണ്ട്, ഇടിഎഫ്, ഓഹരി, ഇൻഷുറൻസ് എന്നിവയെക്കുറിച്ച് അടിസ്ഥാനപരമായ അറിവ് നേടുക. പണം കൈകാര്യം ചെയ്യുന്നത് പുരുഷന്മാരുടെ മാത്രം ജോലിയാണെന്ന ചിന്താഗതി മാറ്റിവെക്കുക.
4. രേഖകളുടെ പകർപ്പ് സൂക്ഷിക്കുക: നിങ്ങളുടെ സ്വർണം, ആധാരങ്ങൾ, ബാങ്ക് പാസ്ബുക്കുകൾ എന്നിവയുടെ ഡിജിറ്റൽ പകർപ്പുകൾ (സ്‌കാൻ ചെയ്തവ) നിങ്ങളുടെ സ്വന്തം ഇമെയിലിലോ ഡിജിലോക്കറിലോ സൂക്ഷിക്കുന്നത് അടിയന്തിര ഘട്ടങ്ങളിൽ സഹായകരമാകും.
മാറ്റങ്ങൾ നമ്മളിൽ നിന്ന് തുടങ്ങണം
കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലുമാണ് അധിഷ്ഠിതമായിരിക്കുന്നത്. പണം പങ്കുവെക്കുന്നതും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുന്നതും നല്ലതാണ്. എന്നാൽ അത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടും, ഭയപ്പെടുത്തിക്കൊണ്ടും ആകരുത്. വീട്ടുചെലവുകൾക്കായി പണം നൽകുന്നതിലോ കുടുംബത്തിന്റെ വളർച്ചയ്ക്കായി സമ്പാദ്യം വിനിയോഗിക്കുന്നതിലോ തെറ്റില്ല, പക്ഷേ അതിന്റെ പൂർണ്ണമായ നിയന്ത്രണം നിങ്ങളുടെ കൈകളിൽ നിന്ന് നഷ്ടപ്പെടുന്നുവെന്ന് തോന്നുമ്പോൾ പ്രതികരിക്കാൻ മടിക്കരുത്.
സാമ്പത്തികമായി സ്വയംപര്യാപ്തത നേടുക എന്നത് സ്ത്രീകളുടെ അവകാശമാണ്. അതിന് തടസ്സം നിൽക്കുന്ന അദൃശ്യമായ ചങ്ങലകളെ തിരിച്ചറിയുക. സഹനമല്ല, മറിച്ച് ശരിയായ അറിവും ബോധവുമാണ് നിങ്ങളുടെ കരുത്ത്. നിങ്ങളുടെ അധ്വാനത്തിന്റെ ഫലം അനുഭവിക്കാനും അതിൽ തീരുമാനമെടുക്കാനുമുള്ള അധികാരം നിങ്ങൾക്കു മാത്രമാണ്.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 20 Jun 2026, 12:17 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented