'കമ്പനി' എന്ന സിനിമയിലൂടെ കടന്നുവന്ന താരമാണ് വിവേക് ഒബ്‌റോയ്. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന്റെ പേരിലും മറ്റും ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്ന പേരാണ് വിവേകിന്റേത്. ഐശ്വര്യ റായുമായുള്ള പ്രണയവും സൽമാന്റെ ശത്രുവായി മാറിയതുമെല്ലാം ഒരിക്കൽ അദ്ദേഹത്തിന്റെ കരിയറിനെ നന്നായി ബാധിച്ചു. ഇതെല്ലാം അദ്ദേഹത്തെ വിഷാദത്തിലാഴ്ത്തിയെന്നും അന്ന് പരക്കെ സംസാരമുണ്ടായി സിനിമയിലെ രാഷ്ട്രീയവും ലോബിയിങ്ങും കാരണം സിനിമ തന്നെ ഉപേക്ഷിക്കേണ്ടിവന്ന വിവേക്, പക്ഷേ തളർന്നില്ല. അദ്ദേഹം ബിസിനസിലേക്ക് തിരിഞ്ഞു. പതുക്കെ ആ ബിസിനസ് വളർത്തിക്കൊണ്ടുവന്നു. ഇന്ന് 1200-ഓളം കോടിയുടെ ആസ്തിയുണ്ട് വിവേകിന്റെ പേരിൽ.
എന്നാൽ, വിവേക് പെട്ടെന്നൊരുനാൾ സിനിമ വിടാനുള്ള കാരണങ്ങൾ ഇതുമാത്രമല്ലെന്ന് പറയുകയാണ് സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനർ വിനോദ് ഖന്ന. ഗുരുതരമായ ഒരു അപകടവും തുടർന്നുണ്ടായ ശാരീരികപ്രശ്‌നങ്ങളുമാണ് സിനിമാ പ്രോജക്ടുകളിൽ നിന്ന് വിവേക് പിന്മാറാൻ കാരണമായതെന്ന് വിനോദ് വെളിപ്പെടുത്തുന്നു. 2000-ത്തിന്റെ തുടക്കത്തിൽ, വിവേകിനുണ്ടായ ആ അപകടത്തിൽ നിരവധി പരിക്കുകളുണ്ടായതായും അദ്ദേഹം പറയുന്നു. പുറമേക്ക് ആ പരിക്കുകൾ അത്ര ദൃശ്യമായിരുന്നില്ലെങ്കിലും അതിന്റെ വേദന കുറേക്കാലത്തേക്ക് വിവേകിനെ അലട്ടിയിരുന്നു. അതുംവെച്ചാണ് കുറച്ചുനാൾ വിവേക് സിനിമയിൽ തുടർന്നത്. ഒടുവിൽ ഒട്ടും സഹിക്കാൻ പറ്റാതായപ്പോൾ സിനിമയിൽനിന്ന് പിൻമാറുകയായിരുന്നുവത്രേ. ശാരീരാസ്വസ്ഥതകളിൽനിന്ന് വിവേക് പതുക്കെ പുറത്തുകടക്കുകയായിരുന്നുവെന്നും വിനോദ് പറയുന്നു.
''വിവേക് ഒബ്റോയ് എന്റെ അടുത്ത് വരുമ്പോൾ, അദ്ദേഹത്തിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശരീരഭാരവും വല്ലാതെ വർധിച്ചിരുന്നു. നിരന്തരമായ വേദന അസ്വസ്ഥതയുണ്ടാക്കുകയും ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയയും ചെയ്തു. വേദന വഷളാകാതിരിക്കാൻ കാര്യങ്ങൾ പതുക്കെ കൊണ്ടുപോകാൻ ഞാനാഗ്രഹിച്ചു. കാരണം ഒരാൾ പരിക്കുകളിലൂടെയും ജീവിതത്തിലെ നിരവധി താഴ്ചകളിലൂടെയും കടന്നുപോകുമ്പോൾ, മാനസികാവസ്ഥയും വളരെ മോശമായിരിക്കും. അതിനാൽ അവയെ വ്യത്യസ്തമായി കൈകാര്യം ചെയ്യുകയും പോസിറ്റീവായി നിലനിർത്തുകയും വേണം. അങ്ങനെയാണ് വിവേകിന്റെ കാര്യവും ഞാൻ നോക്കിയത്''.
2002-ലുണ്ടായ ആ അപകടത്തെക്കുറിച്ച് വിവേക് മുമ്പ് തുറന്നുപറഞ്ഞിട്ടുണ്ട്. ബിക്കാനീറിൽനിന്ന് ജയ്സൽമീറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നുവത്. രാത്രിയാണ് യാത്ര. നല്ല വേഗതയിലാണ് ഡ്രൈവർ വണ്ടിയോടിക്കുന്നത്. ''ഞാൻ 20 തവണയെങ്കിലും ഡ്രൈവറോട് പതുക്കെ ഓടിക്കാൻ പറഞ്ഞു. അയാൾ കേട്ടില്ല. ഞാൻ കോ-ഡ്രൈവർ സീറ്റിലായിരുന്നു. നിറയെ കമ്പികൾ കയറ്റിയ ഒരു ഒട്ടകവണ്ടി ഞങ്ങളുടെ കാറിലിടിച്ചു. അതിലുള്ള കമ്പികളെല്ലാം കൂടെ കാറിന്റെ മുൻവശത്തെ ഗ്ലാസിലൂടെ ഉള്ളിലേക്ക് കയറി. എന്റെ സീറ്റ് നേരെയായിരുന്നെങ്കിൽ, കമ്പികൾ ശരീരത്തിൽ തുളച്ചുകയറിയേനെ. ഞാൻ മരിച്ചുവെന്ന് തന്നെയാണ് അന്ന് കരുതിയത്. അതിനുശേഷം, രാത്രിയിൽ യാത്ര ചെയ്യേണ്ടെന്ന് ഞാൻ തീരുമാനിച്ചു''. 'മസ്തി 4' ആണ് വിവേകിന്റേതായി അവസാനമിറങ്ങിയ ചിത്രം. റൺബീർ കപൂർ നായകനാവുന്ന 'രാമായണ'യിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the real reason behind Vivek Oberoi`s exit from films. Beyond Bollywood politics and Aishwarya Rai, a severe accident caused his hiatus
Published: 18 Jan 2026, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented