'എൻജോയ് എഞ്ചാമി' എന്ന പാട്ടിലൂടെ ശ്രദ്ധനേടിയ ഗായികയാണ് ധീ. അവരുടെ പുതിയ ട്രാക്ക് ആരാധകശ്രദ്ധ നേടുന്നു. അവർ തന്നെ എഴുതി ആലപിച്ച 'ഓ ദ പ്ലെയ്‌സസ് വി വിൽ ഗോ' എന്ന പാട്ടാണ് അവർ പുറത്തുവിട്ടിരിക്കുന്നത്.

ധീയുടെ ചെറുപ്പകാലത്തിലെ വീഡിയോയുടെ പശ്ചാത്തലത്തിൽ അവർ പാട്ടുപാടുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

അതിനൊപ്പം ധീ എഴുതിയ കുറിപ്പിങ്ങനെ, ''ഞാൻ ആദ്യമായി എഴുതിയ ഏറ്റവും ചെറിയ പാട്ട്. എന്റെ അങ്കിളിന്റെ ഫ്‌ളാറ്റിന്റെ ഒരു മൂലയിലാണ് ഈ പാട്ട് റെക്കോഡ് ചെയ്തത്. എന്റെ ചിന്തകളെ ഒരു പാട്ടിലേക്ക് പകർത്താൻ ശ്രമിക്കുന്നത് ആദ്യമായിട്ടാണ്. സ്‌നേഹം, നഷ്ടം, ദുഃഖം, സന്തോഷം, ആഗ്രഹം, ഭയം, മാറ്റം, വളർച്ച, പ്രതീക്ഷ എന്നിവയിലെല്ലാം പാട്ട് എന്നോടൊപ്പം ഉണ്ടായിരുന്നു''.

ശ്രീലങ്കയിലെ ജാഫ്‌നയിലാണ് ധീ എന്ന ധീക്ഷിത വെങ്കടേഷൻ ജനിച്ചത്. പിന്നീട് കുടുംബം ഓസ്‌ട്രേലിയയിലേക്ക് മാറി. അമ്മ കർണാടകസംഗീതജ്ഞയായിരുന്നു. അതാണ് ധീയിലേക്ക് പകർന്നുകിട്ടിയത്.

സംഗീതസംവിധായകനായ സന്തോഷ് നാരായണന്റെ 'പിസ 2:വില്ല', 'കുക്കു' എന്നീ സിനിമകളിൽ ഓരോ പാട്ടുകൾ പാടിയാണ് പിന്നണിഗാനരംഗത്തേക്ക് കടക്കുന്നത്. മദ്രാസ്, ഇരുധി സുട്രു, കാലാ, വാടാ ചെന്നൈ, കാലാ തുടങ്ങിയ സിനിമകളിലും പാടി. 'മാരി 2'ലെ 'റൗഡി ബേബി' എന്ന പാട്ട് ഏറെ പ്രേക്ഷകശ്രദ്ധ നേടി. യൂട്യൂബിൽ ഒരു ബില്യൺ ആളുകളാണ് അതുകണ്ടത്.

2021-ലാണ് അവരുടെ കരിയറിനെ ഇളക്കിമറിച്ച 'എൻജോയ് എഞ്ചാമി' ഉണ്ടാവുന്നത്. സന്തോഷ് നാരായണൻ നിർമിച്ച പാട്ട്, സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ വളരെ പെട്ടെന്നാണ് ട്രെൻഡിങ്ങായത്. ഇതുവരെ 510 ദശലക്ഷം ആളുകളാണ് ആ വീഡിയോ കണ്ടത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi