ദുൽഖർ സൽമാൻ തൻ്റെ വരാനിരിക്കുന്ന ദ്വിഭാഷാ ചിത്രമായ 'കാന്ത'യുടെ പ്രൊമോഷൻ തിരക്കിലാണ്.
കാന്തയുടെ  ടീസർ പുറത്തിറങ്ങിയത് മുതൽ പ്രേക്ഷകർ ആകാംഷയോട് റിലീസിനായി കാത്തിരിക്കുകയാണ്. എന്നാൽ പ്രെമോഷൻ പരിപാടികൾക്കിടെ സിനിമ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് ദുൽഖർ സൽമാൻ.

"കഴിഞ്ഞ നാലഞ്ച് വർഷമായി ഞങ്ങൾ കാന്തയുടെ പണിപ്പുരയിലാണ്. എൻ്റെ ജീവിതത്തിൽ ഇത്രയധികം സ്ക്രിപ്റ്റ് മീറ്റിങ്ങുകളിൽ ഞാൻ പങ്കെടുത്തിട്ടില്ല. ഈ സമയം കൊണ്ട് എനിക്ക് എട്ടോ പത്തോ സിനിമകൾ ചെയ്യാമായിരുന്നു. 'കാന്ത'യുടെ ഓരോ മീറ്റിങ്ങും കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും നീണ്ടുനിൽക്കുമായിരുന്നു. അതുപോലുള്ള പത്തോ പതിനഞ്ചോ മീറ്റിങ്ങുകളിൽ ഞങ്ങൾ പങ്കെടുത്തിട്ടുണ്ടാകും. അതുകൊണ്ട്, നിങ്ങൾ തന്നെ കണക്കുകൂട്ടിക്കോളൂ. കഥയ്ക്ക് വേണ്ടി മാത്രം ഞങ്ങൾ 50 മണിക്കൂറിലധികം സമയം ചെലവഴിച്ചിട്ടുണ്ട്." 

2019-ൽ തുടങ്ങിയ ചിത്രത്തിന്റെ നിര്‍മാണം പൂർത്തിയായത് 2025 ലാണ്. ഒരു ഘട്ടത്തിൽ, സിനിമ പൂർത്തിയാക്കുന്നതിനെക്കുറിച്ച് ദുൽഖറിന് ആശങ്കകളുണ്ടായിരുന്നു. അതേക്കുറിച്ച് ദുൽഖറിന്റെ വാക്കുകളിങ്ങനെ:

"ഇതിൻ്റെ പേരിൽ ഞാൻ റാണയുമായും ( റാണ ദഗ്ഗുപതി) എല്ലാവരുമായും വഴക്കിട്ടിട്ടുണ്ട്. ഇതൊരു സാധാരണ കഥയുള്ള സിനിമയല്ല. സിനിമയ്ക്ക് ഒരു വിധിയുണ്ട്. അഭിനേതാക്കളായി ആര് വേണമെന്നും എപ്പോൾ റിലീസ് ചെയ്യണമെന്നും സിനിമ തന്നെ തീരുമാനിക്കും. ഈ സിനിമയിൽ അഭിനയിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, പക്ഷേ രണ്ട് വർഷത്തിന് ശേഷം എന്നെ മാറ്റുമോ എന്ന് ഞാനും ഭയന്നു. തിരക്കഥ പൂർത്തിയാകാൻ ഞാൻ കാത്തിരിക്കാൻ തയ്യാറായിരുന്നു, കാരണം ഞങ്ങൾ ഈ പ്രോജക്ടിൽ ഒരുപാട് സ്നേഹവും സമയവും നിക്ഷേപിച്ചിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഈഗോ ക്ലാഷുകളെ തുടർന്ന് സിനിമയിൽ പരസ്പരം ഏറ്റുമുട്ടുന്ന ദുൽഖർ സൽമാനും സമുദ്രക്കനിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1950-കളിലെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'കാന്ത'യുടെ കഥ, തമിഴ് സിനിമയിലെ ആദ്യകാല നടൻ എംകെ ത്യാഗരാജ ഭാഗവതരുടെ ജീവിതകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് റിപ്പോർട്ടുകൾ.

ആശങ്കകൾക്കിടയിലും ദുൽഖർ 'കാന്ത'യിലുള്ള പ്രതീക്ഷ കൈവിട്ടില്ല.കാന്തയെ ഒരു സ്പെഷ്യൽ സിനിമയെന്നും ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമെന്നും താരം വിശേഷിപ്പിച്ചു.

ചിത്രത്തിൽ, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുപതി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. റാണ ദഗ്ഗുപതിയുടെ സ്പിരിറ്റ് മീഡിയയും ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.കാന്ത നവംബർ 14-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ദുൽഖറിന്റേതായി തെലുങ്കിൽ ആകാശംലോ ഒക താര, മലയാളത്തിൽ ‘ഐ ആം ഗെയിം’ എന്നീ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi