1990-കളുടെ തുടക്കത്തിൽ ബോളിവുഡിലേക്ക് കടന്നുവന്ന താരമാണ് ദിവ്യഭാരതി. അന്നത്തെ പ്രമുഖതാരങ്ങളായ ശ്രീദേവി, മനീഷ കൊയ്രാള, മാധുരി ദീക്ഷിത്ത് എന്നിവരുടെ നിരയിലേക്ക് ചുരുങ്ങിയ കാലംകൊണ്ട് ആ പെൺകുട്ടി കടന്നുവന്നു. ചെറുപ്രായത്തിൽ തന്നെ മരണത്തിലേക്ക് നടന്നുപോയ ദിവ്യയെക്കുറിച്ച് ബന്ധുവും നടിയുമായ കൈനാത് അറോറ പറയുന്ന വാക്കുകളാണിപ്പോൾ ശ്രദ്ധനേടുന്നത്.
''ദിവ്യയുടെ അമ്മ മീത എപ്പോഴും അവളെക്കുറിച്ച് എന്നോട് സംസാരിക്കാറുണ്ട്. ദിവ്യയ്ക്ക് 8 വയസ്സുള്ളപ്പോൾ തന്നെ ഒരു ജ്യോതിഷിയെ കണ്ടിരുന്നുവത്രേ അമ്മ. ദിവ്യയ്ക്ക് അല്പായുസ്സാണുള്ളതെന്ന് അദ്ദേഹം അന്നേ പ്രവചിച്ചിരുന്നു. 18 വയസ്സ് കഴിഞ്ഞാൽ, അവളുടെ ജീവൻ അപകടത്തിലായിരിക്കും. അവളെ സുരക്ഷിതയാക്കുന്നതിനായി ആ ജ്യോതിഷി ഒരു പൂജ നടത്താൻ നിർദേശിച്ചു. കുറേക്കാലം ആ പൂജ നടത്തിയിരുന്നു. പിന്നെ സിനിമയിൽ അഭിനയിക്കാനായി ദിവ്യ മുംബൈയിലേക്ക് പോയശേഷമാണ് പൂജ മുടങ്ങിയത്. അതുകഴിഞ്ഞ് മൂന്നുവർഷങ്ങൾക്കുള്ളിൽ ദിവ്യ മരിച്ചു'', കൈനാത് ഓർക്കുന്നു.
ദിവ്യയുടെ മരണശേഷം അമ്മ വീണ്ടും ജ്യോതിഷിയെ കാണാനായി പോയി. അപ്പോൾ അദ്ദേഹം വേറൊരു വെളിപ്പെടുത്തൽ കൂടി നടത്തി. ''അമ്മ വീണ്ടും ജ്യോതിഷിയെ കണ്ട്, 'നിങ്ങളുടെ പ്രവചനങ്ങളെല്ലാം ഫലിച്ചു. എന്റെ മകൾ മരിച്ചു. ഇനിയെന്ത് ചെയ്യു'മെന്ന് ചോദിച്ചു. അപ്പോൾ ജ്യോതിഷി അമ്മയോട് പറഞ്ഞു, 'പേടിക്കേണ്ട, അവൾക്ക് പുനർജൻമമുണ്ടാകും. അതും പെട്ടെന്ന് തന്നെയുണ്ടാകും'. അമ്മ ആ പ്രതീക്ഷയിലാണ് ജീവിക്കുന്നത്'', കൈനാത് പറയുന്നു.
ശ്രീദേവിയുടെ മുഖച്ഛായയുള്ളതിനാൽ, ജൂനിയർ ശ്രീദേവി എന്നാണ് ദിവ്യഭാരതിയെ പലരും വിശേഷിപ്പിച്ചിരുന്നത്. ശ്രീദേവിയുടെത് പോലുള്ള നക്ഷത്രക്കണ്ണുകളായിരുന്നു ദിവ്യയുടെ പ്രത്യേകത. ഷാരൂഖ് ഖാന്റെ അരങ്ങേറ്റചിത്രമായ 'ദീവാന'യിൽ ദിവ്യയായിരുന്നു നായിക.
പതിനെട്ടാമത്തെ വയസ്സിലാണ് സംവിധായകനും നിർമാതാവുമായ സാജിദ് നാദിയവാലയെ വിവാഹം കഴിച്ചു. അതുകഴിഞ്ഞ് കുറച്ചുകാലം മാത്രമേ ദിവ്യ ജീവിച്ചിരുന്നുള്ളൂ. മൂന്ന് വർഷംകൊണ്ട് കുറേ ഹിറ്റുകൾ സമ്മാനിച്ച്, അവർ മരണത്തെ പുൽകി. ദുരൂഹതയേറെ അവസാനിപ്പിച്ചുകൊണ്ടായിരുന്നു ദിവ്യഭാരതിയുടെ മടക്കം. അന്ന് 19 വയസ്സേയുണ്ടായിരുന്നുള്ളൂ അവർക്ക്.
അഞ്ചാം നിലയിലെ ഫ്ളാറ്റിൽനിന്ന് വീഴുകയായിരുന്നു. ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അത് കൊലപാതകമായിരുന്നോ അപകടമായിരുന്നോ അതോ ആത്മഹത്യയായിരുന്നോ എന്നത് ഇന്നും ദുരൂഹമാണ്. ദിവ്യയുടെ മാതാപിതാക്കളും അവരുടെ മരണംവരെ പലപ്പോഴും ഈ ചോദ്യം നേരിട്ടിട്ടുണ്ട്. അതിനവർ ഉത്തരം പറഞ്ഞതിങ്ങനെ. ''മറ്റുള്ളവർക്കറിയുന്നതുതന്നെയേ ഞങ്ങൾക്കും അറിയുകയുള്ളൂ. ബാക്കിയെല്ലാം ദിവ്യയ്ക്കും ദൈവത്തിനും മാത്രമേ അറിയൂ''.
മരിക്കുമ്പോൾ കുറേ സിനിമകളുടെ ഭാഗമായിരുന്നു ദിവ്യഭാരതി. ചിലത് ഷൂട്ടിങ് കഴിഞ്ഞിരുന്നെങ്കിലും, ഡബ്ബിങ് പൂർത്തിയാക്കിയിരുന്നില്ല. മറ്റുചിലത് 80 ശതമാനത്തോളം ഷൂട്ടിങ് കഴിഞ്ഞവയാണെങ്കിൽ, ചിലത് പകുതി പൂർത്തിയായതും. സൂപ്പർഹിറ്റായ 'മൊഹ്റ'യുടെ ചില സീനുകളെടുത്തിരുന്നു. പിന്നീട്, മനീഷ കൊയ്രാളയാണ് അതിൽ അഭിനയിച്ചത്. വിജയ്പഥ്, ദിൽവാലെ, ലാഡ്ല എന്നീ സിനിമകളും ദിവ്യ അഭിനയിച്ചുതുടങ്ങിയവയായിരുന്നു. ഒടുവിൽ ശ്രീദേവി, മനീഷ കൊയ്രാള, ജൂഹി ചൗള എന്നിവരാണ് പകരക്കാരായെത്തിയത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Actress Divya Bharti`s short life and mysterious death. Astrologer`s prediction about her rebirth revealed by relative
Published: 25 Sept 2025, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented