രാജാവിൻ്റെ മകൻ, ന്യൂ ഡൽഹി, നമ്പർ 20 മദ്രാസ് മെയിൽ, ആകാശദൂത് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ മലയാള തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് വിടവാങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. ഡെന്നിസ് തമിഴ് സിനിമയ്ക്കുവേണ്ടി ഒരിക്കൽ പോലും തിരക്കഥ എഴുതിയിട്ടില്ല. പക്ഷേ, ഒരു തമിഴ് സിനിമയുടെ വക്കോളമെത്തിയിരുന്നു. 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിൽ ഒരിക്കൽ ഡെന്നിസ് തന്നെ അത് തുറന്നുപറഞ്ഞിട്ടുണ്ട്. ആ ചരിത്രത്തിനു പിന്നിലെ രസകരമായ കഥ പരിശോധിക്കാം…
1990-ൽ പുറത്തിറങ്ങിയ 'അഞ്ജലി' എന്ന ചിത്രത്തിന് തിരക്കഥയെഴുതാൻ മണിരത്നം ഒരിക്കൽ ഡെന്നിസിനെ സമീപിച്ചു. മണിരത്നത്തിൻ്റെ കഴിവിനെക്കുറിച്ച് ബോധ്യമുള്ളതു കൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ അഭ്യർത്ഥന കേട്ട് താൻ ഞെട്ടിപ്പോയെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.
അതേക്കുറിച്ച് ഡെന്നിസിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: "ഞാൻ അദ്ദേഹത്തോട് പറഞ്ഞു- 'താങ്കളുടെ ‘നായകൻ’, ‘അഗ്നിനക്ഷത്രം’, ‘മൗനരാഗം’ എന്നീ സിനിമകൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടിരിക്കുകയാണ്. താങ്കൾ ഗംഭീരമായി തിരക്കഥയെഴുതും. പിന്നെന്തിനാണ് ഞാനിത് താങ്കൾക്ക് വേണ്ടി ചെയ്യുന്നത്? എനിക്ക് ആ ഭാഷ പോലും അറിയില്ല.”
ഇന്ത്യയിലെ വാണിജ്യസിനിമകളിൽ ഷോലെയ്ക്ക് ശേഷം വന്ന ഏറ്റവും മികച്ച രണ്ടാമത്തെ തിരക്കഥ 'ന്യൂ ഡൽഹി'യുടേതാണെന്ന് പറഞ്ഞാണ് മണിരത്നം അന്ന് ഡെന്നിസിനെ സമ്മതിപ്പിച്ചത്. "എനിക്ക് ന്യൂ ഡൽഹിയുടെ എഴുത്തുകാരനെ വേണം," എന്നാണ് മണിരത്നം അന്ന് ഡെന്നിസിനോട് പറഞ്ഞത്.
എന്നാൽ ഷോലെയ്ക്ക് ശേഷം ഏറ്റവും മികച്ച തിരക്കഥയായി ഡെന്നിസ് കണക്കാക്കിയിരുന്നത് നായകന്റേതായതിനാൽ തുടക്കത്തിൽ ആ പ്രോജക്ട് ചെയ്യാൻ ഡെന്നിസ് വിസമ്മതിച്ചു. "മാത്രമല്ല, അദ്ദേഹം അഞ്ജലിയുടെ കഥ വളരെ വിശദമായി എന്നോട് പറഞ്ഞു. ഒരു എഴുത്തുകാരന് അതിൽ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല; അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്താൽ അതുതന്നെ തിരക്കഥയാകുമായിരുന്നു.”
ഒടുവിൽ ഡെന്നിസ് ആ പ്രോജക്റ്റ് ചെയ്യാൻ സമ്മതിക്കുകയും അതിനായി ചെന്നൈയിലേക്ക് പോവുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി, സംവിധായകൻ ജോഷി ‘നമ്പർ 20 മദ്രാസ് മെയിൽ’ ചെയ്യാനായി ഡെന്നിസിനെ വിളിച്ചു. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്ന ജോഷിയുടെ അടുത്ത ബന്ധുവായ ടി. ശശിയെ (നിർമാതാവ്) സഹായിക്കുന്നതിനായി അദ്ദേഹത്തിന് മണിരത്നത്തിന്റെ ചിത്രത്തിൽ നിന്ന് പിന്മാറേണ്ടി വന്നു.
താൻ കാരണം ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് ഡെന്നിസ് ജോസഫ് മണിരത്നത്തോട് ക്ഷമ ചോദിച്ചുവെന്നും മണിരത്നം തന്നെ തിരക്കഥയെഴുതിയ ചിത്രം, തിയേറ്ററിലെത്തിയപ്പോൾ ഡെന്നിസിനെ വിളിച്ച് അത് കാണാൻ ആവശ്യപ്പെട്ടതായും അദ്ദേഹം തന്നെ പിന്നീട് പറയുകയുണ്ടായി.
"അതിൽ ഞാൻ നിന്നോട് ഒരു ചെറിയ പ്രതികാരം ചെയ്തിട്ടുണ്ട്," എന്ന മണിരത്നത്തിന്റെ വാക്കുകൾ ഡെന്നിസിന്‍റെ ആകാംക്ഷ വർധിപ്പിക്കുകയും തിയേറ്ററിൽ പോയി സിനിമ കാണാൻ പ്രേരിപ്പിക്കുകയും ചെയ്തു.
തിരക്കഥയെഴുതാത്തതിന്റെ പ്രതികാരത്തിൽ, മണിരത്നം ചിത്രത്തിൽ കൊലയാളിയായി വേഷമിട്ട പ്രഭുവിന്റെ കഥാപാത്രത്തിന് തന്റെ പേരാണ് നൽകിയതെന്ന സത്യം അദ്ദേഹം പിന്നീടാണ് തിരിച്ചറിഞ്ഞത്. അതായിരുന്നു മണിരത്നത്തിന്റെ പ്രതികാരം. എങ്കിലും, ആ സംഭവം തങ്ങളുടെ ബന്ധത്തിൽ ഒരു തരത്തിലും വിള്ളലുണ്ടാക്കിയില്ലെന്നും ഡെന്നിസ് വെളിപ്പെടുത്തിയിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Legendary Malayalam screenwriter Dennis Joseph was on the verge of writing a Tamil script for Mani Ratnam`s `Anjali`.
Published: 28 Oct 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented