റാണി മുഖർജി പ്രധാനകഥാപാത്രമാവുന്ന 'മർദാനി 3' ജനുവരി 30-നാണ് റിലീസായത്. 'മർദാനി' സീരീസിൽ മൂന്നാമത്തേതാണിത്. സിനിമ വലിയ പ്രേക്ഷകസ്വീകരണം ഏറ്റുവാങ്ങുന്നതിനിടയിൽ ഡൽഹി പോലീസിന്റെ ഒരു ട്വീറ്റ്, സിനിമയുടെ നിർമാതാക്കൾക്കെതിരെ വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
''ചില സൂചനകൾ പിന്തുടർന്നപ്പോൾ, ഡൽഹിയിൽ പെൺകുട്ടികളെ കാണാതാകുന്നത് സംബന്ധിച്ച പ്രചാരണം പണം നൽകിയുള്ള പ്രൊമോഷനിലൂടെയാണ് നടക്കുന്നതെന്ന് ഞങ്ങൾ കണ്ടെത്തി. സാമ്പത്തിക നേട്ടങ്ങൾക്കായി പരിഭ്രാന്തി സൃഷ്ടിക്കുന്നത് അനുവദിക്കില്ല, അത്തരം വ്യക്തികൾക്കെതിരെ ഞങ്ങൾ കർശന നടപടിയെടുക്കും'', ഇതായിരുന്നു ട്വീറ്റ്.
അതോടെ പണംനൽകിയുള്ള പ്രൊമോഷൻ നടത്തുന്നത് 'മർദാനി 3'യുടെ നിർമാതാക്കളായ യഷ് രാജ് ഫിലിംസ് ആണെന്ന രീതിയിലുള്ള പ്രചാരണങ്ങളും തുടങ്ങി. പിന്നാലെ സോഷ്യൽമീഡിയ ഒന്നടങ്കം നിർമാതാക്കൾക്കെതിരെ തിരിഞ്ഞു. സിനിമയുടെ കഥയും ഏകദേശം ഇതുപോലെയായത് വിവാദങ്ങൾക്ക് ഊർജം പകർന്നു. റാണി മുഖർജി നായികയാവുന്ന സിനിമ പറയുന്നത്, ദുരൂഹസാഹചര്യങ്ങളിൽ അപ്രത്യക്ഷരാവുന്ന പെൺകുട്ടികളെ തിരിച്ചുപിടിക്കുന്ന കഥയാണ്.
സംഭവങ്ങൾക്കെല്ലാം തുടക്കംകുറിച്ചത് പി.ടി.ഐയുടെ ഒരു റിപ്പോർട്ടാണ്. ജനുവരി 1-നും 15-നുമിടയിൽ 807 പേരെ കാണാതായെന്നായിരുന്നു അവരുടെ റിപ്പോർട്ട്. ഡൽഹി പോലീസിന്റെ ഔദ്യോഗിക ഡാറ്റ പ്രകാരമാണ് അവർ വാർത്ത കൊടുത്തതും. ഇത് വലിയ ചർച്ചകൾക്ക് തിരികൊളുത്തി. ഏതോ വലിയ റാക്കറ്റാണ് ഇതിനുപിന്നിലെന്നും ഏറെയും കാണാതാവുന്നത് കുഞ്ഞുങ്ങളാണെന്നുമൊക്കെ വാർത്തകൾ വന്നു. പിന്നാലെ ഡൽഹി പോലീസ് വിശദീകരണവുമായി രംഗത്തെത്തി. ''അഭ്യൂഹങ്ങളിൽ പരിഭ്രാന്തരാകേണ്ടതില്ല'' എന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നിട്ടും ആളുകൾ ശാന്തരായില്ല. അതോടെയാണ് പണംനൽകിയുള്ള പ്രൊമോഷനാണെന്ന വാദവുമായി പോലീസ് എത്തിയത്.
യാഷ് രാജ് ഫിലിംസിനെതിരെ ആളുകൾ തിരിഞ്ഞതോടെ വിശദീകരണവുമായി കമ്പനിയുമെത്തി. ''വളരെ ധാർമ്മികവും സുതാര്യവുമായിരിക്കുക എന്ന അടിസ്ഥാന തത്വങ്ങളിൽ സ്ഥാപിതമായ, 50 വർഷം പഴക്കമുള്ള ഒരു കമ്പനിയാണ് യാഷ് രാജ് ഫിലിംസ്. 'മർദാനി 3'യുടെ പ്രൊമോഷണൽ കാമ്പെയ്ൻ ഇതുപോലുള്ള ഒരു സെൻസിറ്റീവ് വിഷയത്തെ മനഃപൂർവ്വം സെൻസേഷണൽ ആക്കിയെന്ന സോഷ്യൽ മീഡിയയിലെ ആരോപണങ്ങളെ ഞങ്ങൾ ശക്തമായി നിഷേധിക്കുന്നു''. ഈ പ്രചാരണങ്ങൾ സിനിമയെ എങ്ങനെയൊക്കെ ബാധിക്കുമെന്നതാണ് നിരൂപകർ നോക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Delhi police claim paid promotion behind missing persons reports, targeting Mardaani 3 producers. Explore the controversy & film`s plot
Published: 07 Feb 2026, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented