ഒരുകാലത്ത് ടെലിവിഷൻ പ്രേക്ഷകരെ ആകർഷിച്ച സീരിയലായിരുന്നു 'ക്യോംകി സാസ് ഭീ കഭീ ബഹു ഥീ'. സീരിയലിന്റെ രണ്ടാമത്തെ സീസണിലൂടെ അതിലെ പ്രധാനകഥാപാത്രമായിരുന്ന സ്മൃതി ഇറാനിയും തിരിച്ചുവരികയാണ്.

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പരമ്പരകളിലൊന്നായിരുന്നുവത്. ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ശോഭ കപൂർ, ഏക്ത കപൂർ എന്നിവരാണ് നിർമിച്ചത്.

സ്മൃതി ഇറാനിയുടെ കരിയറിലെ ഏറ്റവും ജനപ്രിയമായ കഥാപാത്രമാണ് തുൾസി വിറാനി. ആ കഥാപാത്രത്തിനായി ഒരുപാട് താരങ്ങളെ ഓഡിഷൻ ചെയ്തു. അക്കൂട്ടത്തിൽ സ്മൃതി ഇറാനിയെയും. ആദ്യഘട്ടത്തിൽ അവർ തിരഞ്ഞെടുക്കപ്പെട്ടതുമില്ല. 'ടെലിവിഷന് യോജിച്ചയാളല്ല' എന്നുപറഞ്ഞാണ് സ്മൃതിയെ തള്ളിക്കളഞ്ഞത്. എന്നാൽ, ഏക്ത കപൂർ അതിനെ എതിർത്തു. അങ്ങനെയാണ് സ്മൃതി പ്രധാനകഥാപാത്രമാവുന്നത്. പരമ്പരയിലൂടെ സ്മൃതിയുടെ പേര് ടിവി പ്രേക്ഷകർക്കിടയിൽ സുപരിചിതമായി. ഒടുവിൽ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയകഥാപാത്രമായി മാറുകയും ചെയ്തു. അവർ കേന്ദ്രകഥാപാത്രമാവുന്നതും ഈ സീരിയലിലൂടെ തന്നെ.

2000-ൽ തുടങ്ങിയ സീരിയലിൽ ഏഴുവർഷത്തോളം സ്മൃതി തന്നെ തുൾസി വിറാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2007-ൽ സ്മൃതി മാറിനിന്നു. അതിനുപകരം ഗൗതമി കപൂർ എത്തി. എന്നാൽ, ഒരുവർഷത്തിനുള്ളിൽ തന്നെ സ്മൃതിയെ തിരിച്ചുകൊണ്ടുവരേണ്ടിവന്നു. സീരിയലിലെ അഭിനയത്തിന് തുടർച്ചയായി ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകൾ അവർക്ക് ലഭിച്ചു. ആദ്യഘട്ടത്തിൽ ഓരോ എപ്പിസോഡിനും 8000 രൂപയായിരുന്നു അവരുടെ പ്രതിഫലം. എന്നാൽ അവരുടെ കഥാപാത്രത്തിനോട് ആളുകൾക്ക് പ്രിയമേറിയതോടെ അവരുടെ പ്രതിഫലവും വർധിച്ചു. അവസാനമായപ്പോഴേക്കും എപ്പിസോഡിന് 80,000 രൂപയായി പ്രതിഫലം. റിപ്പോർട്ടുകൾ പ്രകാരം പുതിയ സീസണിൽ ഓരോ എപ്പിസോഡിനും 14 ലക്ഷമായിരിക്കും അവരുടെ പ്രതിഫലം.

2008-ലാണ് സീരിയൽ നിർത്തുന്നത്. അപ്പോഴേക്കും 1833 എപ്പിസോഡുകൾ പൂർത്തിയാക്കിയിരുന്നു. അക്കാലത്ത് ഏറ്റവും കൂടുതൽ എപ്പിസോഡുകൾ പൂർത്തിയാക്കിയ പരമ്പരയെന്ന പേരിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ കയറുകയും ചെയ്തു.

പരമ്പരയുടെ രണ്ടാമത്തെ സീസൺ ജൂലായ് 29-ന് തുടങ്ങാനിരിക്കുകയാണ്. സ്മൃതി ഇറാനി പരമ്പരയിലേക്ക് തിരിച്ചുവരികയാണെന്നതാണ് ടിവി പ്രേക്ഷകർക്ക് സന്തോഷം പകരുന്ന കാര്യം. സ്മൃതിയുടെ പ്രൊമോ ജൂലായ് 7-നാണ് സംപ്രേഷണം ചെയ്തത്. രണ്ടാമത്തെ സീസണിൽ 150 എപ്പിസോഡുകളായിരിക്കും സംപ്രേഷണം ചെയ്യുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi