നടി മൗനി റോയ് പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പുറത്തുവരാൻ തുടങ്ങിയിട്ട് കുറച്ചുദിവസങ്ങളായി. പിന്നാലെ ഡിന്നറിനുശേഷം പുറത്തിറങ്ങിയ മൗനി റോയ്‌യും നടനും അവതാരകനുമായ അർജുൻ ബിജ്‌ലാനിയും ഒരുമിച്ചുള്ള വീഡിയോയും വളരെ പെട്ടെന്നാണ് വൈറലായത്. ഒരു പാപ്പരാസി പേജിൽ ഇവർ പ്രണയത്തിലാണെന്ന് സൂചന നൽകി വീഡിയോ പങ്കുവെച്ചതോടെയാണിത്. 'സൂരജുമായുള്ള വിവാഹമോചനത്തിനുശേഷം മൗനിയും അർജുനും ഡേറ്റിങ്ങിലാണോ?' എന്ന ക്യാപ്ഷനൊപ്പമാണ് വീഡിയോ അവർ പോസ്റ്റ് ചെയ്തത്.

പിന്നാലെ ഇതെല്ലാം നിഷേധിച്ചുകൊണ്ട് അർജുൻ രംഗത്തെത്തി. ഇത്തരം റിപ്പോർട്ടുകളെല്ലാം അടിസ്ഥാനരഹിതമാണെന്നും ക്ലിക്ക്‌ബെയ്റ്റ് കൂട്ടാനുള്ള വഴികൾ മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു. തങ്ങൾ വളരെയടുത്ത സുഹൃത്തുക്കളാണെന്നും അർജുൻ വ്യക്തമാക്കി.

പ്രേക്ഷക ശ്രദ്ധയ്ക്കുവേണ്ടി മാത്രം വർഷങ്ങൾ പഴക്കമുള്ള സൗഹൃദത്തെ പ്രണയകഥയാക്കി മാറ്റുന്നത് നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സുഹൃത്ത് പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അവർക്കൊപ്പം നിൽക്കുന്നത് സ്വാഭാവികമായ ഒരു കാര്യമാണെന്നും, അതിനെ ഊഹാപോഹങ്ങൾക്കുള്ള വിഷയമാക്കി മാറ്റാൻ പാടില്ല. അതിനെക്കുറിച്ച് അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിങ്ങനെ, ''പ്രിയ 'ക്ലിക്ക്-ബെയ്റ്റ്' (clickbait) പേജുകളേ, ഒരു ഗോസിപ്പ് പേജിന് വാർത്താ തലക്കെട്ട് ആവശ്യമായതുകൊണ്ട് മാത്രം, 15 വർഷത്തിലേറെയായി സൗഹൃദം പങ്കിടുന്ന രണ്ടുപേർ പെട്ടെന്നൊരുനാൾ പ്രണയജോഡിയായി മാറുന്നില്ല. ചിലപ്പോഴൊക്കെ ആളുകൾ പരസ്പരം പിന്തുണയ്ക്കാറുണ്ട്; പ്രത്യേകിച്ച് ഒരു സുഹൃത്ത് പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ. കാഴ്ചക്കാരെ ആകർഷിക്കാൻ എല്ലാ സൗഹൃദങ്ങളിലും പ്രണയത്തിന്റെ ഛായ വരുത്തേണ്ടതില്ല. വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുൻപ് വസ്തുതകൾ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. നമ്മൾ സൃഷ്ടിക്കുന്ന കഥകളുടെ കാര്യത്തിൽ ഉത്തരവാദിത്തത്തോടെ പെരുമാറാം'', അർജുൻ കുറിച്ചു.

''ആളുകളുടെ സ്വകാര്യ ജീവിതത്തിലേക്ക് അനാവശ്യമായി കടന്നുകയറുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്ന തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുൻപ് വസ്തുതകൾ പരിശോധിക്കണമെന്ന് മാധ്യമങ്ങളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഉത്തരവാദിത്തപരമായ പത്രപ്രവർത്തനമാണ് വിശ്വാസ്യത വളർത്തുന്നത്; 'ക്ലിക്ക്‌ബെയ്റ്റ്' അങ്ങനെയല്ല''.

അർജുനും മൗനിയും തമ്മിലുള്ള സൗഹൃദത്തിന് 15 വർഷത്തിലേറെ പഴക്കമുണ്ട്. 2015-ൽ ഏക്ത കപൂറിന്റെ 'നാഗിൻ' എന്ന പരമ്പരയിലൂടെയാണ് അർജുനും മൗനിയും പ്രേക്ഷകശ്രദ്ധ നേടിയത്. വൈകാതെ ഏറ്റവും പ്രിയപ്പെട്ട ഓൺസ്‌ക്രീൻ ജോഡികളായി മാറുകയും ചെയ്തു.

ഈ വർഷമാണ് മൗനിയും സംരംഭകനായ സൂരജ് നമ്പ്യാരും വിവാഹമോചിതരായത്. ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് ഇരുവരും വിവാഹമോചിതരാവുകയാണെന്ന് വാർത്തകൾ പരന്നുതുടങ്ങിയത്. ഒടുവിൽ സൂരജും മൗനിയും ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi